തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകൾ ചൈനീസ് കപ്പലായ ഷെൻ ഹുവ-15ൽ നിന്ന് ഇറക്കാൻ തുടങ്ങി. കടൽ ശാന്തമായതിനെ തുടർന്നാണ് ക്രെയിൻ വാർഫിൽ ഇറക്കാനുള്ള നടപടികൾ ആരംഭിച്ചത്. മൂന്നു ക്രെയിനുകളാണ് തുറമുഖത്ത് ഇറക്കാനുള്ളത്. ആദ്യ ക്രെയിൻ യാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇനി ഇറക്കാനുള്ളത് മൂന്ന് ക്രെയിനുകൾ.

ക്രെയിനുമായി എത്തിയ കപ്പലിന് വിഴിഞ്ഞത്ത് ആഘോഷ സ്വീകരണമൊരുക്കി നാലു ദിവസം പിന്നിട്ടിട്ടും ഉപകരണങ്ങൾ ഇറക്കാൻ സാധിച്ചിരുന്നില്ല. ക്രെയിൻ ഇറക്കാൻ വൈകുന്നത് തുറമുഖ കമ്പനിക്ക് സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുമെന്ന റിപ്പോർട്ടുകളുണ്ടാായിരുന്നു. ഇതിനിടെയാണ് ക്രെയിനുകൾ ഇറക്കി തുടങ്ങിയത്.

വിഴിഞ്ഞം പുറംകടലിൽ കപ്പൽ എത്തിയത് ഒക്ടോബർ 12നാണ്. ബെർത്തിന് സമീപം അര മീറ്ററോളം ഉയരത്തിൽ തിരയടിക്കുന്നതും ശക്തമായ കാറ്റുമാണ് ക്രെയിൻ ഇറക്കൽ ജോലിക്ക് തടസ്സം നേരിടാൻ കാരണമായത്. ക്രെയിൻ ഇറക്കാൻ സാങ്കേതിക സഹായം നൽകേണ്ട ചൈനീസ് വിദഗ്ധരുടെ എമിഗ്രേഷൻ പ്രശ്നം പരിഹരിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായി തുടരുകയായിരുന്നു. നാളെ കൂടി കഴിഞ്ഞാൽ ക്രെയിൻ ഇറക്കുന്നത് ഓരോ ദിവസവും മൂപ്പത് ലക്ഷത്തോളം രൂപ ചൈനീസ് കപ്പൽ കമ്പനിക്ക് പിഴ നൽകേണ്ടി വരും.

ഗുജറാത്തിലെ മുന്ദ്രയിലും വിഴിഞ്ഞത്തും ക്രെയിനുകൾ ഇറക്കി ഷെൻഹുവ 15 കപ്പൽ ഒക്ടോബർ 21ന് ചൈനയിലേക്ക് മടങ്ങണമെന്നായിരുന്നു ചൈനീസ് കമ്പനിയുമായുള്ള കരാർ. ക്രെയിൻ കരയിലിറക്കാൻ അഞ്ച് ദിവസം വേണമെന്നിരിക്കെ ഇന്ന് പ്രവർത്തനം തുടങ്ങിയാലും സമയക്രമം പാലിക്കാനാകില്ല. വൈകുന്ന ഓരോ ദിവസവും 25000 ഡോളറാണ് പിഴ. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 20,80,000 രൂപ.

ചൈനീസ് എൻജിനീയർമാർക്ക് കരയിലിറങ്ങാൻ അനുമതി കിട്ടാത്തതിനാലാണ് ഇറക്കാൻ കഴിയാഞ്ഞതെന്നാണ് ഒടുവിലെ ഔദ്യോഗിക ഭാഷ്യം. വ്യാഴാഴ്ച ഉച്ചയോടെ അനുമതിയായെന്ന് അറിയിച്ചെങ്കിലും വിഴിഞ്ഞത്ത് കടൽ പ്രക്ഷുബ്ധമാണെന്നും കാലാവസ്ഥ കൂടി അനുകൂലമാകണമെന്നുമാണ് സർക്കാർ പറഞ്ഞത്.

അടിയൊഴുക്കുമൂലം കപ്പൽ ആടുന്നതിനാൽ ക്രെയിനിറക്കിയാൽ അപകടം സംഭവിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളും ട്രോളുകളും നിറഞ്ഞതോടെ ചൈനീസ് കപ്പലിലെ മുഴുവൻ ജീവനക്കാർക്കും കരയിലിറങ്ങുന്നതിന് അനുമതിയില്ലാത്തതാണ് പ്രശ്‌നമുണ്ടാക്കിയതെന്നായി. ആശങ്ക നിലനിൽക്കെ അനുമതി ലഭിച്ചതായി തുറമുഖ മന്ത്രി അറിയിച്ചു. കപ്പലിലെ രണ്ടു പേർക്കാണ് ആദ്യം എഫ്.ആർ.ആർ.ഒ അനുമതി ലഭിച്ചത്. പിന്നീട് മുഴുവൻ ജീവനക്കാർക്കും അനുമതി ലഭിച്ചു. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വിശദീകരിച്ചത്.

ഒരു മാസമെടുത്താണ് കപ്പൽ ഇന്ത്യയിലെത്തിയത്. ആദ്യം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് അദാനി പോർട്ടിൽ ചില ക്രെയിനുകൾ ഇറക്കി. അവിടെയും ചൈനക്കാർക്ക് കരയിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം, സ്വീകരണത്തിന്റെ തലേന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മുംബൈ സംഘമെത്തുമെന്നും അവർ ഉപകരണങ്ങൾ ഇറക്കുമെന്നുമാണ് പറഞ്ഞത്. മുംബൈയിൽ നിന്നുള്ള കമ്പനിയുടെ വിദഗ്ദ്ധർ ഇതുവരെ വിഴിഞ്ഞത്ത് എത്തിയിരുന്നില്ല.