- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലത്തീൻ അതിരൂപത നൽകുന്നത് സമരം തുടരുമെന്ന സൂചന; സർക്കാർ പ്രതീക്ഷിക്കുന്നത് പുനരധിവാസ പാക്കേജിൽ എല്ലാം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ; കരയും കടലും വളയുന്ന മത്സ്യത്തൊഴിലാളികൾ ഉറപ്പാക്കുന്നത് തുറമുഖ നിർമ്മാണം നടക്കുന്നില്ലെന്ന വസ്തുത; വിഴിഞ്ഞത്ത് പ്രതിസന്ധി രൂക്ഷം; വിഴിഞ്ഞത്ത് കപ്പൽ എത്തുമോ?
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കവാടത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ശക്തമായി തുടരും. കരയിലും കടലിലും പ്രതിഷേധം ശക്തമാണ്. തുറമുഖ നിർമ്മാണമേഖലയിലേക്കുള്ള പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത സമരക്കാർ പ്രദേശത്തേക്ക് അതിക്രമിച്ച് കയറി. ഇന്ന് പ്രശ്‌ന പരിഹാരത്തിനുള്ള സർവ്വകക്ഷിയോഗം ചേരും. സമരം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇന്നു സർവകക്ഷിയോഗവും വിളിച്ചത്. ജില്ലയിലെ മന്ത്രിമാരായ ആന്റണി രാജു, വി.ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. ഫിഷറീസ് മന്ത്രി വി.അബ്ദു റഹിമാനും പങ്കെടുത്തേക്കും.
ഇന്നലെ ഒരേസമയം കരയും കടലും രണ്ടു മണിക്കൂറോളം ഉപരോധിച്ച് വൻ പ്രതിഷേധമാണു സംഘടിപ്പിച്ചത്. സ്ത്രീകളും ഇരുചക്ര വാഹന റാലികളും ഉൾപ്പെടെ വൻ പ്രതിഷേധനിര കരയിലും വൈദികർ ഉൾപ്പെടെ സമൂഹം വള്ളങ്ങളിൽ കടലിലും അണിനിരന്നു. തുറമുഖ കവാടത്തിലേക്കു പ്രതിഷേധ മാർച്ച് നടത്തിയവർ പൊലീസ് വലയവും ബാരിക്കേഡുകളും മറികടന്നു പ്രധാന കവാടത്തിനു മുന്നിലെത്തി. തുടർന്ന് പ്രധാന ഗേറ്റും ഭേദിച്ച് അവർ അകത്തേക്കു തള്ളിക്കയറി. കടലിൽ പടക്കം പൊട്ടിച്ചാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ആവശ്യങ്ങൾ നടപ്പാക്കുന്നതു വരെ സമരം തുടരുമെന്നു സമരസമിതി അറിയിച്ചു. സമരം അക്രമാസക്തമാകുകയാണ്.
ഇന്നലെ പൊലീസ് തീർത്ത ബാരിക്കേഡുകളും സമരക്കാർ തകർത്തു. ഇതിനിടെ നൂറ് കണക്കിന് സമരക്കാർ വള്ളങ്ങളിലും തുറമുഖപ്രദേശത്ത് എത്തി. ബോട്ടുകളിലും വള്ളങ്ങളിലും തുറമുഖനിർമ്മാണമേഖലയിലേക്ക് മൽസ്യത്തൊഴിലാളികൾ നീങ്ങി. മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശം വളഞ്ഞ് പ്രതിഷേധിച്ചത്. അന്താരാഷ്ട്ര തുറമുഖത്തെ പദ്ധതിപ്രദേശത്തെ കരഭാഗവും അനുബന്ധ നിർമ്മാണം നടക്കുന്ന കടലിലെ പുലിമുട്ട് മേഖലയുമാണ് സമരത്തിന്റെ ഭാഗമായി വളഞ്ഞത്. വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
അതിനിടെ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടു വീടുകൾ നഷ്ടമായ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസത്തിനായി മുട്ടത്തറയിൽ 10 ഏക്കർ സ്ഥലം വിട്ടുനൽകാമെന്നു മന്ത്രിസഭാ ഉപസമിതി യോഗത്തിന്റെ നിർദ്ദേശം സർവ്വകക്ഷി യോഗം അംഗീകരിക്കുമെന്നാണ് വിലയിരുത്തൽ. പുനരധിവാസം ഉൾപ്പെടെ പ്രശ്‌നങ്ങൾക്കു പരിഹാരം തേടി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ തുറമുഖ കവാടത്തിൽ നടത്തുന്ന സമരം കരുത്താർജിക്കുന്ന സാഹചര്യത്തിലാണ് ആറംഗ മന്ത്രിസഭാ ഉപസമിതി ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് ഉച്ചയ്ക്ക് 2 ന് സെക്രട്ടേറിയറ്റിൽ നടക്കും.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഉപസമിതി യോഗം ചേർന്നത്. മുട്ടത്തറയിൽ മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമുള്ള 8 ഏക്കർ സ്ഥലവും ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി നഗരസഭ ഇവിടെ നൽകിയ 2 ഏക്കർ സ്ഥലവും കൂടി സർക്കാർ ഏറ്റെടുത്തു ഫ്‌ളാറ്റുകൾ നിർമ്മിച്ച് 3000 മത്സ്യത്തൊഴിലാളികളെ പാർപ്പിക്കാമെന്നാണു നിർദ്ദേശം.
നിലവിൽ ക്യാംപുകളിൽ കഴിയുന്ന 335 കുടുംബങ്ങൾക്കാവും പുനരധിവാസത്തിൽ ആദ്യ പരിഗണന. അവരെ വാടക വീടുകളിലേക്ക് ഉടൻ മാറ്റും. മുട്ടത്തറയ്ക്കു സമീപം തന്നെ ഫിഷറീസ് വകുപ്പിനു കീഴിലുള്ള 2 ഏക്കർ സ്ഥലം ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനു നൽകും. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോർട്ടിനു ശേഷം ഉപസമിതി 26ന് വീണ്ടും യോഗം ചേരും.
അതിനിടെ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി ബൈക്ക് റാലിയിൽ പങ്കെടുത്തവർ അപകടത്തിൽപ്പെട്ടു. ടോൾ പ്ലാസയിലെ ഗേറ്റ് അപ്രതീക്ഷിതമായി അടഞ്ഞതാണ് അപകടത്തിന് കാരണം. നിരവധി ബൈക്കുകൾ അപകടത്തിൽപ്പെട്ട് മറിഞ്ഞുവീണു. തിരുവല്ലം-കോവളം റൂട്ടിലെ ടോൾ പ്ലാസയിലാണ് അപകടമുണ്ടായത്.
പരിക്കേറ്റ പൂന്തുറ സ്വദേശി ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുചക്രവാഹനത്തിൽ വരുമ്പോൾ അപ്രതീക്ഷിതമായി അടഞ്ഞ ഗേറ്റിന്റെ ഭാഗം തലയിൽ ഇടിക്കുകയും നിയന്ത്രണം വിട്ട വാഹനം തെന്നിമാറി മറിയുകയുമായിരുന്നു. റാലിയിൽ തൊട്ടുപിന്നാലെ വന്ന വാഹനങ്ങളിൽ ചിലതും മറിഞ്ഞു.
പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരെ പ്രാഥമിക ചികിത്സനൽകി വിട്ടയച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ പൂന്തുറ സ്വദേശി ഇപ്പോഴും ആശുപത്രിയിലാണ്. റാലിയിൽ പങ്കെടുത്തവർ വേഗത കുറച്ചാണ് വാഹനം ഓടിച്ചിരുന്നത്. അതിനാൽ വലിയ അപകടം ഒഴിവായി. എന്നാൽ റാലിയിൽ പങ്കെടുത്ത ഭൂരിഭാഗംപേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ