- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ വിഴിഞ്ഞത്ത് നിലപാട് ഉറപ്പിച്ച് സർക്കാർ; പിന്മറില്ലെന്ന് തിരിച്ചടിച്ച് സമരക്കാരും; പദ്ധതി നിർവഹണത്തിനായി കേന്ദ്രസേനയെ ആവശ്യപ്പെട്ട് അദാനി ഹൈക്കോടതിയിൽ; വിഴിഞ്ഞത്ത് പുതിയ പോർമുഖം തുറക്കുമ്പോൾ
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽ, നിർണ്ണായകമായ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയും പരാജയപ്പെട്ടതോടെ വിഴിഞ്ഞത്ത് പുതിയ പോർമുഖം തുറക്കുമെന്ന് ഉറപ്പായി.വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി ചർച്ചയിൽ വ്യക്തമാക്കിയത്. എന്നാൽ തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്ന ആവശ്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉറച്ചുനിന്നു.ഇതോടെയാണ് വിഴിഞ്ഞത്ത് സമരം കൂടുതൽ ശക്തമാകാൻ സാധ്യതയൊരുങ്ങുന്നത്.
നിർമ്മാണം നിർത്തിവയ്ക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിലും വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ചർച്ചയിലും മുഖ്യമന്ത്രി സമാന നിലപാട് സ്വീകരിച്ചത്.സർക്കാർ നിലപാട് വ്യക്തമായതോടെ വിഴിഞ്ഞത്ത് പദ്ധതി പൂർത്തിയാക്കാൻ കേന്ദ്രസേനയുടെ സഹായം ആവശ്യപ്പെട്ട് അദാനി ഹൈക്കോടതിയെ സമീപിച്ചു.ഒപ്പം തുറമുഖ നിർമ്മാണത്തിന്റെ കരാർ കമ്പനിയും ഹർജി നൽകി.
''സമരക്കാർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ചുകയറി. പദ്ധതി പ്രദേശത്തെ പല സാധനസാമഗ്രികളും നശിപ്പിച്ചു. അക്രമം നടക്കുമ്പോൾ പൊലീസ് മൂകസാക്ഷികളായി നോക്കി നിന്നു. പലതവണ ആവശ്യപ്പെട്ടിട്ടും സമരക്കാരെ തടയാൻ പൊലീസ് തയാറായില്ല'' ഹർജിയിൽ ആരോപിക്കുന്നു. പൊലീസ് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരശോഷണമുണ്ടാക്കുമെന്നും വീടുകൾ നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്നും ഉൾപ്പെടെ 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ സമരം. തുറമുഖത്തിന്റെ നിർമ്മാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തണമെന്നാണു മത്സ്യത്തൊഴിലാളികളുടെ ആവശ്യം.സമരം അവസാനിപ്പിക്കുന്നതിനു മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.സമരക്കാർ ഉന്നയിച്ച 7 ആവശ്യങ്ങളിൽ 5 എണ്ണം തത്വത്തിൽ അംഗീകരിച്ചതായി സർക്കാർ അറിയിച്ചിരുന്നെങ്കിലും അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാൻ ഉപസമിതിക്കു സാധിച്ചില്ല.
സമരത്തിന് ഇപ്പോൾ കൂടുതൽ പിന്തുണയേറുകയാണ്.വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ നിന്ന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം. അതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സുരക്ഷ വേണമെന്നുമാണ് ആവശ്യം.
പദ്ധതി പ്രദേശത്തെ അതീവ സുരക്ഷ മേഖലയിലേക്ക് നൂറ് കണക്കിന് സമരക്കാർ ഇരച്ച് കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കി. സമരക്കാർ അക്രമം അഴിച്ചുവിട്ടപ്പോൾ പൊലീസ് നിഷ്‌ക്രിയരായി നോക്കി നിന്നെന്നും ഹർജിയിൽ അദാനി ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. ജസ്റ്റിസ് അനു ശിവരാമനാണ് ഹർജി പരിഗണിക്കുക.
2015ൽ തുടങ്ങിയ നിർമ്മാണ പ്രവർത്തനം അന്തിമഘട്ടതിലാണ്. സമരം തുടർന്നാൽ പദ്ധതി ഇനിയും വൈകുമെന്നും നിർമ്മാണ പ്രവർത്തനം തുടരാൻ പൊലീസ് സുരക്ഷ വേണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്രസേനയുടെ സുരക്ഷയൊരുക്കാൻ കേന്ദ്ര സർക്കാറിനും നിർദ്ദേശം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.മുഖ്യമന്ത്രിയുമായുള്ള സമവായ ചർച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീൻ അതിരൂപത. പതിനൊന്നാം ദിനമായ ഇന്ന് പള്ളിത്തുറ, കൊച്ചുതുറ, തുമ്പ, സെന്റ് ഡൊമനിക് വെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് റാലിയും ഉപരോധവും.
തുടർ സമര പരിപാടികൾ ചർച്ച ചെയ്യാൻ സമരസമിതി ഉടൻ യോഗം ചേരുന്നുണ്ട്. തുറമുഖ കവാടത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപരോധസമരത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ഇന്ന് കൺവൻഷൻ സംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് മുല്ലൂരിലാണ് പരിപാടി.
മറുനാടന് മലയാളി ബ്യൂറോ