- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുറമുഖ നിർമ്മാണം തുടരണം; ജോലിക്കെത്തുന്ന തൊഴിലാളികളെ ആരും തടസ്സപ്പെടുത്തരുത്; പദ്ധതി പ്രദേശത്തെത്തുന്ന ഉദ്യോഗസ്ഥരെ തടയരുത്; പൊലീസിന് സംരക്ഷണം നൽകാനാകുന്നില്ലെങ്കിൽ കേന്ദ്ര സഹായം തേടാം; നിർമ്മാണ മേഖലയിൽ പ്രതിഷേധക്കാർ അതിക്രമിച്ച് കയറരുത്; സമാധാന സമരം ആവാം; വിഴിഞ്ഞത്ത് ഹൈക്കോടതി ഇടപെടൽ; അദാനിയുടെ ആവശ്യങ്ങൾക്ക് അംഗീകാരം
എറണാകുളം: വിഴിഞ്ഞം തുറമുഖ നിർമ്മാണം തുടരണമെന്ന നിലപാടിൽ ഹൈക്കോടതി. തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ നൽകണം. ആവശ്യമെങ്കിൽ കേന്ദ്ര സഹായം തേടാമെന്നും കോടതി അറിയിച്ചു. പ്രതിഷേധക്കാർ അതിക്രമിച്ച് കയറരുതെന്നും പ്രതിഷേധം സമാധാന പരമായിരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തുറമുഖ നിർമ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനീയറിംഗും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസ് 27ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അനു ശിവരാമനാണ് വിധി പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് തുറമുഖ നിർമ്മാണത്തിന് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. സമരക്കാർ അതീവ സുരക്ഷ മേഖലയിൽ പ്രവേശിച്ചു നാശനഷ്ടം ഉണ്ടാക്കിയിട്ടും പൊലീസ് നോക്കി നിന്നെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. സമരത്തിന്റെ പേരിൽ നിർമ്മാണം നിർത്തിവെക്കാനാകില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. ഗർഭിണികളെയും കുട്ടികളെയും മുൻനിർത്തിയാണ് സമരമെന്നും അതിനാൽ കടുത്തനടപടികൾ സമരക്കാർക്കെതിരെ സ്വീകരിക്കാനികില്ലെന്നും സർക്കാർ വ്യക്തമാക്കി.
സമരം മത്സ്യ തൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും വ്യവസ്ഥകൾ പാലിക്കാതെയുള്ള നിർമ്മാണം അനുവദിക്കില്ലെന്നുമാണ് ഹർജിയിൽ എതിർകക്ഷികളായ വൈദികരുടെ വാദം. എന്നാൽ തുറമുഖ നിർമ്മാണം തുടരണമെന്ന നിലപാടിലാണ് ഹൈക്കോടതി. സമരത്തിന് പിന്നിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ്. അതുകൊണ്ട് തന്നെ അതിരൂപതയുടെ ഇനിയുള്ള തീരുമാനം നിർണ്ണായകമാകും. തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് പ്രതിഷേധക്കാർ അതിക്രമിച്ച് കയറിയിരുന്നു. ഇതോടെ തുറമുഖ നിർമ്മാണം തടസ്സപ്പെട്ടു. ഇത് അനുവദിക്കില്ലെന്നാണ് കോടതി വിശദീകരിക്കുന്നത്.
നിർമ്മാണ സ്ഥലത്ത് എത്തുന്ന തൊഴിലാളികളെ തടയരുതെന്നും നിർമ്മാണം തടസ്സപ്പെടുത്തരുതെന്നും കോടതി വിശദീകരിക്കുന്നു. കേരളാ പൊലീസിന് സുരക്ഷ നൽകാനാകുന്നില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടാം. പദ്ധതി പ്രദേശത്ത് എത്തുന്ന ഉദ്യോഗസ്ഥരെ തടയരുതെന്നും കോടതി ആവശ്യപ്പെടുന്നു. എന്നാൽ സമരവുമായി മുമ്പോട്ട് പോകുമെന്ന നിലപാടിലാണ് അതിരൂപത. അതുകൊണ്ട് തന്നെ പൊലീസും അദാനി ഗ്രൂപ്പും തുറമുഖ നിർമ്മാണവുമായി മുമ്പോട്ടു പോയാൽ എന്തു സംഭവിക്കുമെന്നതാണ് നിർണ്ണായകം. സമരം തുടരുമെന്ന് സമര സമിതി പറയുന്നു.
പദ്ധതിക്കു തടസ്സമുണ്ടാക്കാൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. തുറമുഖ നിർമ്മാണത്തോടുള്ള എതിർപ്പിന്റെ പേരിൽ പദ്ധതി തടയാൻ ആർക്കും അവകാശമില്ലെന്ന് ഹൈക്കോടതിന നേരത്തെ നിരീക്ഷിച്ചിരുന്നു. പദ്ധതിയോട് എതിർപ്പുള്ളവർക്ക് ഉചിത ഫോറത്തിൽ പരാതി ഉന്നയിക്കാമെന്നും പ്രതിഷേധം നിയമം അനുവദിക്കുന്ന പരിധിയിൽനിന്നുകൊണ്ടാവണമെന്നും കോടതി പറഞ്ഞു. ഇതെല്ലാം നിർണ്ണായകമാണ്. ഇനിയും അക്രമ സമരം തുടർന്നാൽ കോടതി അതിശക്തമായി തന്നെ ഇടപെടും.
തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരമാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കരാർ കമ്പനികൾക്കും അവർ ഏർപ്പെടുത്തുന്ന തൊഴിലാളികൾക്കും തുറമുഖ പദ്ധതി പ്രദേശത്ത് നിർമ്മാണ പ്രവൃത്തികളുമായി മുന്നോട്ടുപോകാനുള്ള സുരക്ഷ പൊലീസ് ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. തുറമുഖ നിർമ്മാണത്തിന് സുരക്ഷയൊരുക്കുന്നതിൽ പൊലീസിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.
സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവർക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ