- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുറമുഖ നിർമ്മാണം നിലച്ചിട്ട് എഴുപത് ദിവസത്തോട് അടുക്കുന്നു; സിപിഎം സംസ്ഥാന സെക്രട്ടറിയുമായുള്ള സമര സമിതിയുടെ ചർച്ചയിലും സമവായം നീളുന്നു; സർക്കാരിനെതിരെ കോടതിയിൽ കടുത്ത നിലപാട് എടുക്കാൻ അദാനി പോർട്ട്; തുറമുഖ നിർമ്മാണത്തിൽ നിന്നും ഗുജറാത്ത് കമ്പനി പിന്മാറിയേക്കും; വിഴിഞ്ഞത്ത് വികസനം അട്ടിമറിക്കുമോ?
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ശക്തമായി തുടരാനും സംസ്ഥാന വ്യാപകമാക്കാനും സമരസമിതി യോഗം തീരുമാനിച്ചു. ഹൈക്കോടതി വിധി എന്തു തന്നെയായാലും സമരത്തിൽ നിന്നും പിന്മാറില്ല. വിഷയത്തിൽ മുന്നോട്ടു വച്ച ഏഴിന ആവശ്യങ്ങളിൽ സർക്കാർ വ്യക്തമായ ഉറപ്പു നൽകാത്ത സാഹചര്യത്തിലാണ് നീക്കം. അതിനിടെ തുറമുഖ നിർമ്മാണം നിലച്ചതിനെതിരെ അദാനി പോർട്ട് ഹൈക്കോടതിയിൽ നിയമ പോരാട്ടം ശക്തമാക്കും. പൊലീസ് സംരക്ഷണം നൽകാത്ത സാഹചര്യത്തിൽ വലിയ പ്രതിസന്ധിയുണ്ടെന്ന് കോടതിയെ അദാനി ബോധ്യപ്പെടുത്തും. നിർമ്മാണത്തിൽ നിന്ന് പിന്മാറാനും സാധ്യതയുണ്ട്.
കേന്ദ്ര സേനയ്ക്കും വിഴിഞ്ഞത്ത് സംരക്ഷണം നൽകാൻ കഴിയുമോ എന്ന സംശയം തുറമുഖ നിർമ്മാണ കമ്പനിക്കുണ്ട്. അദാനി പിന്മാറിയാൽ വിഴിഞ്ഞം തുറമുഖം തന്നെ പ്രതിസന്ധിയിലാകും. ഇതിനിടെയാണ് സമരം തുടരുമെന്ന് ലത്തീൻ സഭയുടെ നേതൃത്വത്തിലെ സമര സമിതി തീരുമാനം എടുക്കുന്നത്. സർക്കാർ വച്ച സമവായ നിർദ്ദേശങ്ങളിൽ ഇന്നലെ നിലപാട് അറിയിക്കുമെന്നാണ് സമിതി പ്രതിനിധികൾ പറഞ്ഞിരുന്നത്. എന്നാൽ, ആവശ്യങ്ങളെക്കുറിച്ചും നിലപാടിനെക്കുറിച്ചും സർക്കാരിനെ ഇതിനകം പലവട്ടം അറിയിച്ച സാഹചര്യത്തിൽ ഇനി നിലപാട് അറിയിക്കുന്നതിൽ പ്രസക്തിയില്ലെന്നു പ്രതിനിധികൾ പറഞ്ഞു.
സമിതി പ്രതിനിധികളുമായി ശനിയാഴ്ച ചർച്ച നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ, പ്രശ്‌ന പരിഹാരത്തിനായി ഇടപെടുമെന്നും കൃത്യമായ നിലപാടുകളിലെത്തണമെന്നു മന്ത്രിസഭാ ഉപസമിതിയോടു നിർദ്ദേശിക്കുമെന്നും ഉറപ്പു നൽകിയിരുന്നതായി സമരസമിതി ജനറൽ കൺവീനർ മോൺ.യൂജിൻ എച്ച്.പെരേര പറഞ്ഞു. ഇക്കാര്യത്തിൽ ഇനി തുടർനടപടികളും തീരുമാനങ്ങളും എടുക്കേണ്ടത് സർക്കാരാണെന്നും ജനറൽ കൺവീനർ പറഞ്ഞു.
നാലു തവണ മന്ത്രിസഭാ ഉപസമിതി സമരസമിതിയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു. മുഖ്യമന്ത്രി വിളിച്ച ചർച്ചയിലും സമവായം ഉണ്ടായില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടതിനു തൊട്ടു പിന്നാലെയാണ് പ്രശ്‌ന പരിഹാരത്തിനായി സിപിഎം നേതൃത്വം നേരിട്ടിറങ്ങിയത്. അതും പ്രതിസന്ധിയിലായി. തുറമുഖ നിർമ്മാണം നിർത്തിയുള്ള പാരിസ്ഥിതി പഠനമെന്നത് സർക്കാർ അംഗീകരിക്കില്ല. മത്സ്യ തൊഴിലാളികളുടെ മറ്റാവശ്യങ്ങൾക്കും സാമ്പത്തിക ബാധ്യത പ്രതിസന്ധിയാണ്. അതുകൊണ്ടാണ് സർക്കാർ മൗനം തുടരുന്നത്.
എഴുപത് ദിവസത്തോട് അടുക്കുന്ന സമരം ഒത്തുതീർക്കാൻ ചർച്ച സജീവമാക്കി സിപിഎം എത്തിയപ്പോൾ പ്രതീക്ഷ ഉയർന്നിരുന്നു. ലത്തീൻ അതിരൂപതാ പ്രതിനിധികളും സമരസമിതി നേതാക്കളുമായി എ കെ ജി സെന്ററിലായിരുന്നു കൂടിക്കാഴ്‌ച്ച. മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കണമെന്നും ഉറപ്പുകൾ രേഖാമൂലം ലഭിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടിരുന്നു. പുനരധിവാസ പാക്കേജ് മത്സ്യത്തൊഴിലാളികളുമായി ചർച്ച ചെയ്ത് പ്രഖ്യാപിക്കുമെന്ന സൂചനയും പുറത്തു വന്നു.
തീരശോഷണ പഠിക്കാൻ സമിതിയെ നിയോഗിക്കും. ഇതിൽ പ്രാദേശിക വിദഗ്ധരുമുണ്ടാകും. പുനരധിവാസമുൾപ്പെടെ ഏഴ് ആവശ്യങ്ങളിൽ ആറിലും വ്യക്തത ലഭിച്ചാൽ തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുക എന്ന ആവശ്യത്തിൽ നിന്ന് സമര സമിതി പിന്നോട്ട് പോയേക്കുമെന്നും സൂചനയുണ്ടായിരുന്നു. പക്ഷേ സർക്കാർ മൗനത്തിലാണ്. നിർമ്മാണം നിർത്തിവച്ച് പ0നം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുമ്പോഴും സമയ പരിധി ഒരു മാസം മതിയെന്ന പുതിയ നിർദ്ദേശം തന്നെ സമരസമിതി മയപ്പെടുന്നതിന്റെ സൂചനയായിരുന്നു.
തീരശോഷണം തടയാൻ ജിയോ യൂബ് സ്ഥാപിക്കുക, ഭവന പദ്ധതി വേഗത്തിലാക്കുക, മണ്ണെണ്ണ സബ്‌സിഡിക്ക് കേന്ദ്ര സഹായം തേടൽ തുടങ്ങിയ കാര്യങ്ങളിലും സർക്കാർ ഉറപ്പു നല്കിയിട്ടുണ്ട്. ചൊവ്വാഴ്ച വീണ്ടും മന്ത്രിമാരുടെ സമിതിയുമായി ചർച്ച നടക്കുമെന്നായിരുന്നു സൂചന. എന്നാൽ അതിന് ക്ഷണം കിട്ടാത്ത സാഹചര്യത്തിലാണ് വിഴിഞ്ഞത്ത് സമരം തുടരുന്നത്.
മറുനാടന് മലയാളി ബ്യൂറോ