- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെപ്റ്റംബർ 30 വരെ 78 കോടിയുടെ നഷ്ടം; ഇപ്പോൾ നൂറു കോടി കടന്നു; ശമ്പളവും മറ്റ് ചെലവുകളും വെറുതെ കൊടുക്കാൻ കഴിയില്ല; രണ്ടും കൽപ്പിച്ച് സർക്കാരിന് കത്തെഴുതി അദാനി; പ്രതിഷേധ സമരം ഒരു മാസം കൂടി നീണ്ടാൽ നിർമ്മാണം നിറുത്തി മടങ്ങുന്നതും ആലോചനയിൽ; വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ നിന്ന് പിന്മാറാൻ അദാനി; ചൈനയുടെ ലക്ഷ്യം പൂവണിയുമോ?
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറുന്നത് ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി സർക്കാരിന് അദാനി ആദ്യ കത്തു നൽകി. വിഴിഞ്ഞത്തെ സമരം മൂലം നൂറു കോടിയുടെ നഷ്ടമുണ്ടായെന്ന് അവർ പറയുന്നു. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്ക് പ്രകാരം 78 കോടിയുടെ നഷ്ടമുണ്ടായി. തുടർന്നിങ്ങോട്ടുള്ളതു കൂടി കൂട്ടിച്ചേർത്താൽ നൂറു കോടിയായി നഷ്ടം. തൊഴിലാളികൾക്കുള്ള കൂലി, ബാർജുകളുടെ ചെലവ് എല്ലാം കണക്കാക്കിയാണ് ഈ കണക്ക്. ഫലത്തിൽ സമരം തുടർന്നാൽ നഷ്ടപരിഹാരം സർക്കാർ തരേണ്ടി വരുമെന്ന് പറയുകയാണ് അദാനി ഗ്രൂപ്പ്. ഹൈക്കോടതിയേയും ഈ കണക്കുകൾ അറിയിക്കും. തുറമുഖ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും കമ്പനി ആവശ്യപ്പെടുന്നു. സമരം നീണ്ടു പോയാൽ തുറമുഖ നിർമ്മാണത്തിൽ നിന്ന് കമ്പനി പിന്മാറുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.
സമരത്തെ നേരിടണമെന്നും അദാനിക്ക് തുറമുഖ നിർമ്മാണത്തിന് അവസരമൊരുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പൊലീസിന് ഒന്നും ചെയ്യാനായില്ല. ഇതോടെ രണ്ടു മാസമായി തുറമുഖ നിർമ്മാണം തടസ്സപ്പെട്ടു. വിഴിഞ്ഞത്ത് 2023ന് കപ്പൽ എത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അത് നടക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് അദാനിയുടെ പുതിയ നീക്കം. ചൈനയുടെ തുറമുഖം ശ്രീലങ്കയിലുണ്ട്. വിഴിഞ്ഞം എത്തുന്നത് ഈ തുറമുഖത്തിന് വെല്ലുവിളിയാണ്. ചൈനയ്ക്ക് വേണ്ടിയാണ് വിഴിഞ്ഞത്തെ തകർക്കുന്നതെന്ന വാദം ശക്തമാണ്. ഇതിനിടെയാണ് അദാനി നഷ്ടക്കണക്കുമായി എത്തുന്നത്. ഇത് സർക്കാരിന് നൽകേണ്ടി വരും. അങ്ങനെ വന്നാൽ വലിയ സാമ്പത്തിക ബാധ്യത കേരള ഖജനാവിനുണ്ടാകും. സമരം ഒരു മാസം കൂടി തുടർന്നാൽ എല്ലാ സാമഗ്രികളുമായി അദാനി വിഴിഞ്ഞം വിടും. ഫലത്തിൽ തിരുവനന്തപുരത്തിന്റെ വികസന പ്രതീക്ഷയും അസ്തമിക്കും.
വിഴിഞ്ഞം മേഖലയിലെ തീരശോഷണം പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചുവെങ്കിലും സമര സമിതി തൃപ്തരല്ല. വിഴിഞ്ഞം പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ലത്തീൻ അതിരൂപത നേതൃത്വത്തിലെ സമരസമിതി ഈ ആവശ്യം ഉയർത്തിയിരുന്നു. എന്നാൽ, തദ്ദേശ ജനതയുടെ പ്രതിനിധികളായി ആരെയും ഉൾപ്പെടുത്താതെയാണു സമിതി രൂപവത്കരിച്ചത്. ഇതാണ് പ്രതിഷേധത്തിന് കാരണം. സമര പന്തൽ പൊളിക്കാതെ തന്നെ സമരം തുടരും. ഹൈക്കോടതി വിധി എന്തു തന്നെയായാലും നേരിടാനാണ് നീക്കം. ഫലത്തിൽ അദാനിക്ക് പണി തുടരാനാകില്ല. സർക്കാർ ശക്തമായി ഇടപെട്ടില്ലെങ്കിൽ തുറമുഖ പദ്ധതിയിൽ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറും.
പുണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ മുൻ അഡീഷനൽ ഡയറക്ടർ എം.ഡി. കുഡാലേ, കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ ഡോ. റിജി ജോൺ, ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സ്‌കൂൾ ഓഫ് നാചുറൽ സയൻസ് ആൻഡ് എൻജിനീയറിങ്ങിലെ അസോസിയറ്റ് പ്രഫസർ ഡോ. തേജൽ കനിത്കർ, കണ്ടല പോർട്ട് ട്രസ്റ്റ് മുൻ ചീഫ് എൻജിനീയർ ഡോ. പി.കെ. ചന്ദ്രമോഹൻ എന്നിവരാണ് സമിതി അംഗങ്ങൾ. സമിതിയുടെ പരിഗണനാവിഷയങ്ങൾ പ്രത്യേക ഉത്തരവായി ഇറക്കും. നിർമ്മാണം നിർത്തിവച്ചാകണം പഠനമെന്ന സമരസമിതി ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല.
മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഗണിച്ചാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. സമിതിയോട് മൂന്നു മാസത്തിനകം ഇടക്കാല റിപ്പോർട്ട് ലഭ്യമാക്കാൻ നിർദ്ദേശിക്കുമെന്നും റിപ്പോർട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രത്തിന്റെ പരിസ്ഥിതി അനുമതി 2014ൽ ലഭിച്ചിരുന്നു. കേന്ദ്രസർക്കാറിന്റെ അക്രഡിറ്റഡ് ഏജൻസിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. നാഷനൽ ഗ്രീൻ ട്രിബ്യൂണൽ ഈ പഠന റിപ്പോർട്ട് പരിശോധിച്ച ശേഷം അനുമതിയിൽ ഇടപെടണമെന്ന ആവശ്യം തള്ളിയിരുന്നു.
ട്രിബ്യൂണൽ പദ്ധതി പ്രദേശത്തിന്റെ തെക്കും വടക്കും 10 കിലോമീറ്റർ വീതമുണ്ടാകുന്ന വ്യതിയാനങ്ങൾ പഠിച്ച് എല്ലാ ആറുമാസം കൂടുമ്പോഴും റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. തീരം നിരീക്ഷിക്കാൻ മോണിറ്ററിങ് സെല്ലും രൂപവത്കരിച്ചിരുന്നു. ഇതനുസരിച്ച് പഠനവും നിരീക്ഷണവും തുടരുന്നെന്നും ഇതിലൊന്നും പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ലെന്നുമാണ് സർക്കാർ നിലപാട്. തീരശോഷണത്തിന് തുറമുഖ നിർമ്മാണവുമായി ബന്ധമില്ലെന്നാണ് സർക്കാർ നിലപാട്. പദ്ധതി ആരംഭിക്കുന്നതിനുമുമ്പും ഈ പ്രദേശങ്ങളിൽ കടൽക്ഷോഭവും തീരശോഷണവുമുണ്ടായിരുന്നതായി പഠന റിപ്പോർട്ടുള്ളതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
അതിനിടെയാണ് വിഴിഞ്ഞം സമരപ്പന്തൽ പൊളിക്കില്ലെന്ന് വിഴിഞ്ഞം സമരസമിതി വ്യക്തമാക്കുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ പന്തൽ ഉടൻ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സമരസമിതിയുടെ പ്രതികരണം. സമരക്കാർ പൊതുവഴി കയ്യേറിയിട്ടില്ലെന്ന് സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേര ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്ത് തുറമുഖം നിർമ്മിക്കുന്ന അദാനി ഗ്രൂപ്പാണ് പൊതുവഴി കയ്യേറിയതെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതി വിധി പരിശോധിക്കട്ടെ എന്നും മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു. ഇക്കാര്യത്തിൽ നിയമവഴികൾ തേടും. വിധി പരിശോധിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികളുടെ സമരം.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്ട്‌സ് എന്നിവ നൽകിയ ഹർജി പരിഗണിക്കവെയാണ് സമരപ്പന്തൽ പൊളിച്ചുനീക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
മറുനാടന് മലയാളി ബ്യൂറോ