- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർത്താലിലെ പൊതുമുതൽ നഷ്ടം രാഷ്ട്രീയക്കാരിൽ പിടിച്ചെടുക്കും പോലെ വിഴിഞ്ഞത്തെ നൂറു കോടിയുടെ നഷ്ടം ലത്തീൻ സഭ നൽകേണ്ടി വരുമോ? നഷ്ടത്തിൽ പുതിയ ചർച്ചയുമായി വിസിൽ; ഹൈക്കോടതി നിലപാട് നിർണ്ണായകം; സമരപന്തൽ പൊളിക്കാതെയുള്ള പ്രതിഷേധം തുടരുന്നത് സഭയ്ക്ക് തിരിച്ചടിയാകുമോ? അദാനിയും മന്ത്രിയും തമ്മിലെ ചർച്ചയും നിർണ്ണായകം; വിഴിഞ്ഞം പ്രതിസന്ധി തുടരും
തിരുവനന്തപുരം: വിഴിഞ്ഞം സമരം മൂലം ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാൻ നീക്കം. ഹൈക്കോടതിയിലും ഇക്കാര്യം ചർച്ചയാക്കും. ഇക്കാര്യം ആവശ്യപ്പെട്ട് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ്, സർക്കാരിന് കത്ത് നൽകി. ഹർത്താൽ ദിന നഷ്ടം പ്രക്ഷോഭം പ്രഖ്യാപിക്കുന്നവരിൽ നിന്ന് പിരിക്കണമെന്നതാണ് കോടതികൾ എടുക്കുന്ന നിലപാട്. വിഴിഞ്ഞ സമരം മൂലം നൂറു കോടിയുടെ നഷ്ടമുണ്ടായെന്ന് അദാനി പോർട്ട് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ തുക വാങ്ങിയെടുക്കാൻ അദാനി ശ്രമിക്കും. ഇത് ഖജനാവിന് ബാധ്യതയാകും. അങ്ങനെ വന്നാൽ സമരത്തിന് മുൻപിലുള്ളവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും.
തീരജനതയോടുള്ള വെല്ലുവിളിയാണ് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിന്റെ നടപടിയെന്ന് ലത്തീൻ അതിരൂപത പറയുന്നു. പ്രതികരിച്ചു വിഴിഞ്ഞം സമരം 54-ാം ദിവസത്തിലേക്ക് നീങ്ങുമ്പോഴാണ് പുതിയ പ്രതിസന്ധി. സമര പന്തൽ പൊളിച്ചു മാറ്റാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അതും സമരക്കാർ അനുരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കോടതിയുടെ ഭാഗത്ത് നിന്ന് അതിരൂപതയ്‌ക്കെതിരെ നിലപാടുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനൊപ്പമാണ് നൂറു കോടിയുടെ നഷ്ടം അതിരൂപതയിൽ നിന്ന് പിടിക്കണമെന്ന ശുപാർശയും. വിഴിഞ്ഞം സമരം 54 ദിവസം പിന്നിട്ടപ്പോൾ നഷ്ടം 100 കോടിക്ക് മുകളിലെന്നാണ് കണക്ക്.
സർക്കാരും പൊലീസും പലവട്ടം ഇടപെട്ടിട്ടും അനുനയത്തിന്റെ സൂചന പോലുമില്ലാത്ത സമരത്തിന്റെ നഷ്ടം ലത്തീൻ അതിരൂപത തന്നെ ഏറ്റെടുക്കണമെന്നാണ് സർക്കാരിന്റെ തുറമുഖ നിർമ്മാണ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ ആവശ്യം. വെള്ളിയാഴ്ച ഈ നിർദ്ദേശം അടങ്ങുന്ന കത്ത് വിസിൽ തുറമുഖ വകുപ്പിന് കൈമാറി. ഹൈക്കോടതിയിൽ അദാനി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസു കൊടുക്കാനും സാധ്യതയുണ്ട്. ഹൈക്കോടതി നിർദ്ദേശങ്ങൾ ലംഘിച്ച് കൊണ്ടാണ് തുറമുഖ കവാടത്തിലെ സമരം, അതിനാൽ നഷ്ടം ഈടാക്കാനുള്ള നോട്ടീസ് ലത്തീൻ അതിരൂപതയ്ക്ക് നൽകണമെന്നാണ് വിസിൽ കത്തിൽ ആവശ്യപ്പെടുന്നത്.
സാധാരണ സമരങ്ങളിലുണ്ടാകുന്ന നഷ്ടം രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം വിഴിഞ്ഞം സമരത്തിലും ബാധകമെന്നാണ് വിസിൽ നിലപാട്. ഇക്കാര്യം കോടതിയുടെ പരിഗണനയിൽ എത്തുകയോ കോടതി ഇത്തരത്തിൽ നിർദ്ദേശം നൽകുകയോ ചെയ്താൽ ലത്തീൻ അതീരുപത വലിയ പ്രതിസന്ധിയിലാകും. കോടതി ഉത്തരവിന് ശേഷം പണം നൽകിയില്ലെങ്കിൽ അതിരൂപതയുടെ വസ്തുക്കൾ സർക്കാരിന് കണ്ടു കെട്ടാനുമാകും. എന്നാൽ ഇക്കാര്യത്തിൽ തത്കാലം കടുത്ത നടപടികൾ വേണ്ടെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. വിസിൽ നിർദ്ദേശം തത്കാലത്തേക്ക് പരിഗണിക്കില്ല.
ചർച്ചകളിലൂടെ തന്നെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സർക്കാരിന്റെ തീരുമാനം. വിദേശപര്യടനത്തിലുള്ള മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം വിദഗ്ധ സമിതിക്കുള്ള ടേംസ് ഓഫ് റഫറൻസുകൾ പ്രസിദ്ധീകരിക്കും. ഇതിൽ സമരക്കാരുടെ ആവശ്യങ്ങൾ വിപുലമായി ഉൾപ്പെടുത്തി രമ്യതയിലേക്ക് എത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനൊപ്പം അദാനി ഗ്രൂപ്പുമായും സർക്കാർ ചർച്ച നടത്തും.വ്യാഴാഴ്ച തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിലിന്റെ ഓഫിസിലാണ് ചർച്ച. ആദ്യമായാണ് സമരവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെ സർക്കാർ ചർച്ചയ്ക്ക് വിളിക്കുന്നത്. അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ട നഷ്ടപരിഹാരവും ചർച്ചയാകും.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം മൂലം 78.70 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു സർക്കാർ നൽകണമെന്നുമാവശ്യപ്പെട്ടു തുറമുഖ വകുപ്പിന് അദാനി പോർട്‌സ് കത്തയച്ചിരുന്നു. സമരം ആരംഭിച്ച ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 30 വരെയുള്ള നഷ്ടത്തിന്റെ പ്രാഥമിക കണക്കാണ് അദാനി കമ്പനി, തുറമുഖ സെക്രട്ടറിക്കു കൈമാറിയത്. ഈ സാഹചര്യത്തിലാണ് ലത്തീൻ അതിരൂപതയുടെ സമരം മൂലമാണു നിർമ്മാണം തടസ്സപ്പെട്ടതെന്നും നഷ്ടം അവരിൽനിന്നു നികത്തണമെന്നും വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ലിമിറ്റഡും (വിസിൽ) സർക്കാരിനെ അറിയിച്ചത്.
രാഷ്ട്രീയ പാർട്ടികളുടെ സമരം മൂലം പൊതുമുതലിനു നഷ്ടം സംഭവിച്ചാൽ അതു പാർട്ടികളിൽനിന്ന് ഈടാക്കാൻ കോടതിവിധികളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു വിസിൽ സർക്കാരിനെ സമീപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ