- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുവാടക നൽകുന്നതടക്കം സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങൾ നേടിയെടുക്കാനായത് സമരത്തിന്റെ നേട്ടം; ഫ്‌ളാറ്റുകളുടെ നിർമ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കുമെന്ന് ഉറപ്പിൽ വിശ്വാസം; കേസുകളിലും തീരശോഷണത്തിലും ആശങ്കയും ഭിന്നതയും സമര സമിതിയിലും സജീവം; ഇന്ന് വീണ്ടും തുറമുഖ നിർമ്മാണം തുടങ്ങും; വിഴിഞ്ഞത്ത് കേന്ദ്ര സേന ഇനിയെത്തില്ല
തിരുവനന്തപുരം: സമരത്തെത്തുടർന്ന് മുടങ്ങിയ വിഴിഞ്ഞം തുറമുഖ നിർമ്മാണം ഇന്നു പുനരാരംഭിക്കും. മുല്ലൂരിലെ തുറമുഖ കവാടത്തിൽ സമരസമിതിയുടെ പന്തൽ ഇന്നലെ വൈകിട്ട് പൊളിച്ചു നീക്കി. അതിനിടെ വിഴിഞ്ഞം സമരം പിൻവലിച്ച സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കാൻ സമരസമിതി ശനിയാഴ്ച വെള്ളയമ്പലം ലത്തീൻ അതിരൂപതാ ആസ്ഥാനത്ത് യോഗം ചേരും. ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, സാഹയമെത്രാൻ ആർ. ക്രിസ്തുദാസ്, സമരസമിതി കൺവീനർ മോൺ. യൂജിൻ എച്ച്. പെരേര എന്നിവർ സമരസമിതി പ്രവർത്തകരുമായി സംസാരിക്കും. സമരം പിൻവലിച്ച സാഹചര്യം ബോധ്യപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണ് യോഗം. മത്സ്യത്തൊഴിലാളികൾക്കു ഭവന സമുച്ചയം നിർമ്മിക്കുന്നതിനു ഭൂമി കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അനുരഞ്ജന ചർച്ചയിലെ ധാരണ അനുസരിച്ചാണിത്. മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്റെ 17.43 ഏക്കർ ഭൂമിയിൽ 8 ഏക്കറാണ് മത്സ്യബന്ധന വകുപ്പിനു കൈമാറുക. ഇത് സമരത്തിന്റെ വലിയ വിജയമാണ്. അതിനിടെ സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയാണ് സമരം പിൻവലിക്കേണ്ടിവന്നതെന്ന വിലയിരുത്തലിലാണ് സമര സമിതി. പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കാനായില്ലെന്ന നിരാശയും സർക്കാരിനോടുള്ള അതൃപ്തിയും സജീവമാണ്. സമരം അപ്രതീക്ഷിതമായി അക്രമാസക്തമായതും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നുള്ള ആരോപണങ്ങളുയർന്നതും സമരസമിതി ചർച്ച ചെയ്യും. പ്രതിഷേധം വേറൊരു തരത്തിൽ തുടരാനും സാധ്യത ഏറെയാണ്. നിയമ പോരാട്ടങ്ങളിലേക്കും സമര സമിതി കടന്നേക്കും.
വിഴിഞ്ഞം സമരം ഒത്തുതീർപ്പായെന്നു സർക്കാർ അറിയിച്ചതിനെ തുടർന്നു അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്ട്‌സും നൽകിയ കോടതി അലക്ഷ്യ ഹർജികൾ ജസ്റ്റിസ് അനു ശിവരാമൻ തീർപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര സേനയെന്ന ആവശ്യവും ഇനിയാരും ഉയർത്തില്ല. പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും ഹോവെ എൻജിനീയറിങ് പ്രോജക്ട്‌സും നൽകിയ ഹർജികൾ കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. ഈ ഹർജിയും കോടതി ഇനി തള്ളാനാണ് സാധ്യത. ഈ നിർദ്ദേശം കോടതിയിൽ സർക്കാരും അദാനി ഗ്രൂപ്പും എടുത്തേക്കും.
വീട്ടുവാടക നൽകുന്നതടക്കം സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും ഭാഗികമായെങ്കിലും നേടിയെടുക്കാനായത് സമരത്തിന്റെ നേട്ടമാണെന്നാണ് വിലയിരുത്തൽ. ഫ്‌ളാറ്റുകളുടെ നിർമ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനൊപ്പം 635 ചതുരശ്രയടി വിസ്തീർണത്തിൽ കൂടാത്ത വീടിന്റെ രൂപരേഖയെക്കുറിച്ചും ചർച്ചനടത്തും. മത്സ്യബന്ധനോപകരണങ്ങൾ സൂക്ഷിക്കാൻ പൊതുവായ സ്ഥലമൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള മണ്ണെണ്ണ എൻജിനുകൾ ഡീസൽ, പെട്രോൾ, ഗ്യാസ് എൻജിനുകളിലേക്ക് മാറ്റുന്നതിന് ഒറ്റത്തവണ സബ്സിഡി നൽകുമെന്ന ഉറപ്പും കിട്ടി. ഇതെല്ലാം സമരത്തിന്റെ വിജയമാണ്.
സമരത്തിൽ ചിലർ ബോധപൂർവം സംഘർഷം ഉണ്ടാക്കുകയായിരുന്നുവെന്ന സമരസമിതിയുടെ ആരോപണം ലക്ഷ്യമിടുന്നത് സർക്കാരിനെയാണ്. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ സഭ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതും അതിനാലാണ്. തുറമുഖ നിർമ്മാണം നിർത്തിവെച്ച് ആഘാതപഠനം നടത്തണമെന്ന നിലപാടുള്ളവർ ഇപ്പോഴും സമര സമിതിക്കുള്ളിലുണ്ട്. സമരവുമായി ബന്ധപ്പെട്ടുള്ള കേസുകൾ ഒത്തുതീർപ്പിന്റെ ഭാഗമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. അതിനാൽ നിയമപരമായി നേരിടാനാണ് സഭാനേതൃത്വം ആലോചിക്കുന്നത്.
വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാനായി തയാറാക്കിയ വ്യവസ്ഥകൾ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു . പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും മേൽനോട്ടം വഹിക്കുമെന്നും ചട്ടം 300 പ്രകാരമുള്ള പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റുകളുടെ നിർമ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കും. രണ്ടുമാസത്തെ വാടക മുൻകൂർ നൽകും. സമരം രമ്യമായി അവസാനിപ്പിക്കാൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്കാ ബാവാ എടുത്ത മുൻകൈ പ്രത്യേകം പരാമർശം അർഹിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങൾക്കു മുൻതൂക്കം കൊടുത്ത് തുറമുഖനിർമ്മാണം മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ ലത്തീൻ അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ നിർദേശങ്ങളും സർക്കാർ പരിഗണിച്ചവെന്നാണ് പുറത്തു വരുന്ന സൂചന. കഴിഞ്ഞ മൂന്നിന് സിപിഎം. സെക്രട്ടേറിയറ്റംഗം എ.കെ. ബാലനുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. സർക്കാർ നൽകിയിട്ടുള്ള ഉറപ്പുകൾ പാലിക്കപ്പെടാത്തതാണ് സമരത്തിലേക്ക് നയിച്ചതെന്നും സൂസപാക്യം ചൂണ്ടിക്കാട്ടി. ഇത് എ.കെ. ബാലൻ മുഖ്യമന്ത്രിയെ അറിയിച്ചു. പുനരധിവാസം സമയബന്ധിതമായി നടപ്പാക്കപ്പെടുന്നുണ്ടെന്നുറപ്പാക്കാൻ ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയുമടങ്ങുന്ന സമിതിയെ നിയോഗിച്ചത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. സമരസമിതിയുമായുള്ള തുടർചർച്ചകളും ഈ സമിതിയാകും നടത്തുക.
മറുനാടന് മലയാളി ബ്യൂറോ