- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ഉറപ്പിൽ വിശ്വാസം അർപ്പിച്ച് അതിജീവന സമരം നടത്തിയവർ പിന്മാറി; ചൈനീസ് ഫണ്ടിങ് എന്ന് വിളിച്ച് ആക്ഷേപിച്ചവർക്ക് മുമ്പിൽ വികസനത്തിന് വഴി മുടക്കാതെ പിന്മാറിയ മത്സ്യത്തൊഴിലാളി മാതൃക; വിഴിഞ്ഞത്ത് വീണ്ടും നിർമ്മാണ സാമഗ്രികളെത്തി; തുറമുഖ നിർമ്മാണവും പുനരാരംഭിച്ചു; ഇനി അടുത്ത ഓഗസ്റ്റിൽ കപ്പൽ എത്തുമോ?
തിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം പുനരാരംഭിച്ചു. സ്ഥലത്ത് 20 ലോഡ് നിർമ്മാണ സാമഗ്രികൾ എത്തിച്ചു. പുലിമുട്ട് നിർമ്മാണം അതിവേഗം പൂർത്തിയാക്കാനാണ് നിലവിലെ ശ്രമം. ഇതിനായി കടലിലേക്ക് പ്രതിദിനം നിക്ഷേപിക്കുന്ന കല്ല് 30,000 ടൺ ആയി ഉയർത്തും. ഇതോടെ മത്സ്യത്തൊഴിലാളികൾക്ക് പിന്നിൽ വിദേശ ശക്തിയാണെന്ന ആരോപണവും പൊളിയുകയാണ്. എങ്ങനേയും തുറമുഖം തടസ്സപ്പെടുത്താനാണ് സമരമെന്ന വാദവും പൊളിഞ്ഞു. അതിജീവനത്തിന് വേണ്ടിയുള്ള സമരം വികസനത്തിന് എതിരെയുള്ള രാജ്യദ്രോഹ ഇടപെടൽ അല്ലെന്ന് തെളിയുകയാണ്.
സമരപ്പന്തൽ പൊളിച്ചുനീക്കിയതോടെയാണ് നിർമ്മാണ സാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിച്ചത്. നഷ്ടപ്പെട്ട സമയം നികത്തുന്നതിനായി ഇരട്ടി വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. സമരത്തിന് മുമ്പ് 12,000 ടൺ മുതൽ 15,000 ടൺ കല്ല് വരെയാണ് പ്രതിദിനം നിക്ഷേപിച്ചിരുന്നത്. കൊല്ലത്തും തിരുവനന്തപുരത്തുമായി നിർത്തിയിട്ടിരുന്ന ബാർജുകൾ വിഴിഞ്ഞത്തേക്ക് എത്തിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നും കൂടുതൽ കല്ലുകൾ എത്തിക്കും. ഇതിനള്ള നടപടികളും എടുത്തിട്ടുണ്ട്.
ആകെ പുലിമുട്ട് വേണ്ടത് 2.9 കി.മീ ദൂരം. ഇതിൽ 1.4 കി.മീ നിർമ്മാണമാണ് ഇതുവരെ തീർന്നത്. ബെർത്ത് നിർമ്മാണത്തിനായുള്ള പൈലിങ് പൂർത്തിയായി. ആകെ വേണ്ട 1.7 കി.മീ അപ്രോച്ച് റോഡിൽ 600 മീറ്റർ മാത്രമാണ് നിർമ്മിച്ചിട്ടുള്ളത്. കടൽ നികത്തിയെടുക്കേണ്ടതിന്റെ അറുപത് ശതമാനവും പൂർത്തിയായിട്ടുണ്ടെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. അടുത്ത ഓണത്തിന് വിഴിഞ്ഞത്ത് കപ്പലടുപ്പിക്കണമെന്നാണ് സർക്കാർ കണക്കുക്കൂട്ടൽ. സമരത്തിന് പിന്നിൽ ചൈനീസ് ഫണ്ടിംഗുണ്ടെന്നും അതിന് പിന്നിൽ ശ്രീലങ്കയിലെ തുറമുഖ താൽപ്പര്യമാണെന്നും വാദമെത്തിയിരുന്നു. ഇതെല്ലാം പൊളിഞ്ഞ് വീഴുകയാണ് ഇപ്പോൾ.
മൂന്നരമാസക്കാലം നിരവധി സംഭവ വികാസങ്ങൾക്ക് വേദിയായ വിഴിഞ്ഞം തുറമുഖ സമരപ്പന്തൽ ബുധനാഴ്ച ഉച്ചയോടെ പൊളിച്ചുമാറ്റിയിരുന്നു. പദ്ധതി പ്രദേശത്തേക്ക് ലോറികൾക്ക് കടക്കാൻ തടസ്സമായി കെട്ടിയ സമരപ്പന്തലാണ് പൊളിച്ചുനീക്കിയത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾക്കുശേഷം സമരം പിൻവലിക്കുന്നതായി ലത്തീൻ അതിരൂപത പ്രഖ്യാപിക്കുമ്പോൾ പന്തലിൽ വിരലിലെണ്ണാവുന്നവർ മാത്രമാണുണ്ടായിരുന്നത്. പ്രഖ്യാപനം വന്ന പിന്നാലെ പലരും പന്തൽ വിട്ടു.
വീട്ടുവാടക നൽകുന്നതടക്കം സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങൾ നേടിയെടുക്കാനായത് സമരത്തിന്റെ നേട്ടമാണ്. ഫ്ളാറ്റുകളുടെ നിർമ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കുമെന്ന് ഉറപ്പിൽ വിശ്വാസം അർപ്പിച്ചാണ് സമര സമിതി പിന്മാറുന്നത്. കേസുകളിലും തീരശോഷണത്തിലും ആശങ്കയും ഭിന്നതയും സമര സമിതിയിലും സജീവമാണ്. എങ്കിലും കേരളത്തിന്റെ പൊതു താൽപ്പര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ മുതൽ തന്നെ സമരപ്പന്തലിൽനിന്ന് കസേരകളും മൈക്ക് സെറ്റുകളും നീക്കംചെയ്തു. സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം നിർമ്മിച്ചിരുന്ന ഊട്ടുപുരയിലെ ഗ്യാസ് സിലിണ്ടർ, പാത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളും കൊണ്ടുപോയി. സമര ലക്ഷ്യങ്ങൾ വിളംബരം ചെയ്ത് ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും എഴുതിയ ഫ്ളക്സ് ബോർഡുകളും ഐക്യദാർഢ്യവുമായെത്തിയവർ പ്രദർശിപ്പിച്ചിരുന്ന ബാനറുകളും നീക്കി.
സമരക്കാർ തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് അതിക്രമിച്ച് കടക്കുന്നത് തടയാൻ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും പൊലീസ് മാറ്റിയതോടെ തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് കല്ലുമായി എത്തുന്ന ലോറികൾക്ക് തടസ്സമില്ലാതെ പോകാൻ വഴിയായി. രണ്ടാഴ്ച മുമ്പ് തുറമുഖത്തുനിന്ന് പുറത്തേക്ക് കൊണ്ടുപോകാനെത്തിയ വാഹനങ്ങളെ പന്തലിന് സമീപം സമരക്കാർ തടഞ്ഞിരുന്നു. തുറമുഖ നിർമ്മാണ മേഖലയിൽ സ്ഥാപിച്ച ചെറിയ സമരപ്പന്തലും വൈകീട്ടോടെ നീക്കംചെയ്തു. അങ്ങനെ ആവശ്യങ്ങൾ നേടിയെടുത്തവർ സമര പന്തലിൽ നിന്നും പോയി.
2023 ഓഗസ്റ്റിൽ കപ്പലെത്തുമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും ഇനിയും കടമ്പകൾ ഏറെയാണ്. 2015 ആഗസ്റ്റിൽ തുടങ്ങിയ തുറമുഖ നിർമ്മാണം 2019 ഡിസംബറിൽ പൂർത്തിയാക്കേണ്ടിയിരുന്നു. പ്രകൃതിക്ഷോഭവും കല്ല് ലഭിക്കാനുള്ള പ്രശ്നങ്ങളും മൂലം പുലിമുട്ട് നിർമ്മാണം വൈകുന്നെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. കേരളത്തിൽ കല്ല് ക്ഷാമം നേരിട്ടതോടെ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചു. ഇതിലും ഇടയ്ക്ക് തടസ്സം നേരിട്ടു.
മറുനാടന് മലയാളി ബ്യൂറോ