- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാംഘട്ടം ഈ വർഷം പൂർത്തിയാകേണ്ട പദ്ധതി അനന്തമായി വൈകിപ്പിച്ച ശേഷം ഒന്നാംഘട്ടം ആഘോഷിക്കാൻ അസാധ്യ തൊലിക്കട്ടി വേണം; വിഴിഞ്ഞത്ത് ക്രെയിനിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കേണ്ടി വരുന്നത് ഗതികേടെന്ന് വി മുരളീധരൻ
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. അതിരൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. വിഴിഞ്ഞത് പിണറായി വിജയനും കൂട്ടരും ക്രെയിനിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കേണ്ടി വന്ന അവസ്ഥ സഹതാപകരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പരിഹസിച്ചു. കേന്ദ്ര സർക്കാർ ഇടപെടലാണ് വിഴിഞ്ഞത്തിന് ആശ്വാസമായതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വിഴിഞ്ഞത്തു നിർമ്മാണവസ്തുക്കളുമായി വന്ന കപ്പലിനു വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു തുറമുഖത്തിന്റെ ഉദ്ഘാടനമെന്ന പ്രതീതി സൃഷ്ടിക്കാൻ നടത്തിയ ശ്രമം അപഹാസ്യമെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽകണ്ടുള്ള പിആർ എക്സർസൈസാണോ നടന്നതെന്നു സംശയമുണ്ടെന്നും മുരളീധരൻ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
അസാധ്യമായത് സാധ്യമാക്കി എന്നെല്ലാം വീമ്പ് പറയുന്നവർ നാലുവർഷം മുൻപ് നടക്കേണ്ട ഒരു ചടങ്ങാണ് ഇന്നലെ നടന്നത് എന്ന് ഓർമിക്കണം. മൂന്നാംഘട്ടം ഈ വർഷം പൂർത്തിയാകേണ്ട പദ്ധതി അനന്തമായി വൈകിപ്പിച്ച ശേഷം ഒന്നാംഘട്ടം ആഘോഷിക്കാൻ അസാധ്യ തൊലിക്കട്ടി വേണമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. അദാനിയുമായി ബന്ധപ്പെട്ടും മുരളീധരൻ പരാമർശം നടത്തി. കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്ന ചടങ്ങിൽ മുരളീധരനും പങ്കെടുത്തിരുന്നു.
കടൽക്കൊള്ള എന്ന് ആരോപണമുയർത്തിയവർ ഇന്ന് അദാനിയെ വാഴ്ത്തുകയാണ്. നാട് മുഴുവൻ അദാനിയുടെ പണമുപയോഗിച്ച് ഫ്ളക്സ് വച്ചാണ് ആഘോഷം. അദാനി കേരളത്തിൽ പണമിറക്കിയാൽ നല്ല അദാനി അല്ലെങ്കിൽ ഫാസിസ്റ്റ് ഭീകരൻ എന്നതാണ് സിപിഎം നയം. ഒന്നെങ്കിൽ ആര് വികസനം കൊണ്ടുവന്നാലും അതിനെ തുറന്നമനസോടെ സ്വീകരിക്കാനാകണം. അല്ലെങ്കിൽ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം എന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
ജനങ്ങളെ കബളിപ്പിക്കുന്നത് എൽഡിഎഫ് സർക്കാർ അവസാനിപ്പിക്കണം. നരേന്ദ്ര മോദി സർക്കാർ നടത്തിയ ഇടപെടലുകൾ കൊണ്ട് വേഗം വച്ച പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. നാലുപതിറ്റാണ്ടായി ചർച്ച തുടങ്ങിയതല്ലാതെ വിഴിഞ്ഞത്ത് ഒന്നും സംഭവിച്ചില്ല. 2005 മുതൽ 2015 വരെ കേന്ദ്രവും കേരളവും ഭരിച്ചത് ഇടതുവലതുമുന്നണികളാണ്. അന്ന് തമിഴ്നാടിന് വേണ്ടി ആഭ്യന്തരമന്ത്രി ചിദംബരം നടത്തിയ ചരടുവലികൾ പദ്ധതിക്ക് കുരുക്കായി. ജനങ്ങളുടെ ഓർമയെ പരീക്ഷിക്കരുതെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത് ചിലസമുദായത്തിന്റെ പേര് മാത്രം പറഞ്ഞ് സിപിഎമ്മും കോൺഗ്രസും മുതലെടുപ്പ് നടത്തി. സ്ഥലം എംഎൽഎപോലും സെലക്ടീവായി ആണ് പെരുമാറിയത്. തുറമുഖമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് സാമാന്യ മര്യാദയുടെ പേരിലാണ് പരിപാടിയിൽ പങ്കെടുത്തത്. പദ്ധതി വേഗത്തിലാക്കാൻ ഇനിയെങ്കിലും ശ്രമമുണ്ടാകണം. കൊവിഡും പ്രളയവും പറയുന്നവർ, കോവിഡ് കാലത്ത് ഉയർന്ന പാർലമെന്റ് മന്ദിരത്തിലേക്ക് നോക്കണം. പ്രളയം കാരണമായി പറയുന്നവർ ആദ്യം വെള്ളക്കെട്ടിന് സമാധാനമുണ്ടാക്കട്ടെ എന്നും വി.മുരളീധരൻ പരിഹസിച്ചു.
''2021 നവംബർ 18 നു കേരളത്തിന്റെ തുറമുഖ വകുപ്പു മന്ത്രി പറഞ്ഞത് 2023 മെയിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുമെന്നും കപ്പൽ എത്തുമെന്നുമാണ്. 2022 ജൂലൈ 24 നു കരൺ അദാനിയുമായി ചർച്ച നടത്തിയതിനു പിന്നാലെ ആദ്യം പറഞ്ഞതു തിരുത്തി. സെപ്റ്റംബർ 23 ൽ ആദ്യഘട്ടം പൂർത്തിയാകുമെന്നു മന്ത്രി പറഞ്ഞു. 2023 ജൂൺ 12 നു കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല വിഴിഞ്ഞം സന്ദർശിച്ചതിനു പിന്നാലെ മെയ് 24 ന് ഒന്നാംഘട്ടം പൂർത്തിയാകുമെന്നു മന്ത്രി പറഞ്ഞു. ആദ്യഘട്ടം മെയ് 24 ലാണു പൂർത്തിയാകുന്നതെങ്കിൽ ഇത്രയും പണം ചിലവഴിച്ച്, ഇത്രയും ആളുകളെ വിളിച്ചുകൂട്ടി നടത്തിയ സമ്മേളനത്തിന്റെ ഉദ്ദേശ്യമെന്താണ്'' വി.മുരളീധരൻ ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ