തിരുവനന്തപുരം: വിഴിഞ്ഞത്ത് ട്രയൽ റൺ ഉടനെന്ന് റിപ്പോർട്ട്. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമായി പ്രവർത്തിക്കാൻ വിഴിഞ്ഞത്തിന് കേന്ദ്ര തുറമുഖമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇതോടെ വലിയ കപ്പലുകൾക്ക് (മദർഷിപ്) അടുക്കാനും ചരക്കുകൾ കൈമാറ്റം ചെയ്യാനും സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറും.

മെയ് പകുതിയോടെ തുറമുഖത്തിന്റെ ട്രയൽ റൺ നടത്തും. തുടർന്ന് കൊമേഴ്സ്യൽ ഓപ്പറേഷൻസ് ആരംഭിക്കും. ട്രയൽ റണ്ണിനു മുന്നോടിയായി മന്ത്രി വി എൻ വാസവൻ മെയ് രണ്ടിന് അവലോകനയോഗം വിളിച്ചുചേർത്തിട്ടുണ്ട്. നിർമ്മാണപുരോഗതിയുടെ വിശദ റിപ്പോർട്ടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. തുറമുഖത്ത് ചരക്ക് കയറ്റിറക്കിന്റെ ട്രയൽ റൺ ആകും ആദ്യം നടക്കുക. ബാർജിൽ കണ്ടെയ്നറുകൾ കയറ്റുന്നതും ഇറക്കുന്നതുമാണ് പരീക്ഷിച്ച് ഉറപ്പാക്കുക. ഇതിനായുള്ള 26 ക്രെയിനുകൾ ചൈനയിൽ നിന്നെത്തിച്ചു. 20 യാർഡ് ക്രെയിനുകളും ആറ് ഷിപ്പ് ടു ഷോർ ക്രെയിനുകളും. ഇതിനുപുറമേ ആറ് ക്രെയിനുകൾകൂടി ചൈനയിൽ നിന്നെത്തിക്കും. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമ്മാണം 2028ൽ പൂർത്തിയാകും. ആദാനി പോർട്ട് ഏറെ പ്രതീക്ഷയോടെയാണ് വിഴിഞ്ഞം പദ്ധതിയുമായി മുമ്പോട്ട് പോകുന്നത്. അവരുടെ ഓഹരി മൂല്യവും വിഴിഞ്ഞം ഉയർത്തുമെന്നാണ് പ്രതീക്ഷ.

കൊളംബോ, സിംഗപ്പുർ തുറമുഖങ്ങളിൽ നടക്കുന്ന ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ ട്രാൻസ്ഷിപ്‌മെന്റ് ഇനി വിഴിഞ്ഞത്തേക്കെത്തും. കസ്റ്റംസ് ഓഫീസ് ഉൾപ്പെടെ വിഴിഞ്ഞത്ത് സ്ഥാപിക്കും. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ്സ് ആൻഡ് കസ്റ്റംസ് (സിബിഐസി) കസ്റ്റംസ് ഓഫീസിനുള്ള അന്തിമ അനുമതി നൽകിയാൽ വിദേശകപ്പലുകൾക്കും നാവികർക്കും വിഴിഞ്ഞത്ത് ഇറങ്ങാൻ കഴിയും. അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസ് നടത്താനുള്ള ഇന്റർനാഷണൽ ഷിപ്പിങ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡും (ഐഎസ്‌പിഎസ്) വിഴിഞ്ഞത്തിന് ലഭിച്ചിട്ടുണ്ട്. ബ്രേക്ക് വാട്ടർ, ബെർത്ത്, യാർഡ് എന്നിവയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. കപ്പലുകൾക്ക് തുറമുഖത്തേക്ക് വഴികാട്ടാനുള്ള ടഗ്ഗുകളും എത്തിച്ചിട്ടുണ്ട്. ആവശ്യമായ ക്രെയിനുകളും ഉടനെത്തും.

ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനൊരുങ്ങുകയാണ് വിഴിഞ്ഞം. വിദേശ ഷിപ്പിങ് കമ്പനികൾക്കു പോലും വിഴിഞ്ഞം കേന്ദ്രമായി പ്രവർത്തിക്കാൻ കഴിയും. നിലവിൽ, ഇന്ത്യയുടെ ട്രാൻസ്ഷിപ്പ് ചരക്കിന്റെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇന്ത്യയ്ക്ക് പുറത്തുള്ള തുറമുഖങ്ങളിലാണ്. കൊളംബോ, സിംഗപ്പൂർ, മലേഷ്യയിലെ ക്ലാങ് എന്നിവ ഈ ചരക്കിന്റെ 85 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നു, അതിൽ പകുതിയിലേറെയും കൊളംബോ തുറമുഖത്താണ് കൈകാര്യം ചെയ്യുന്നത്. വിഴിഞ്ഞം പൂർണ സജ്ജമാകുന്നതോടെ കപ്പൽ വഴിയുള്ള ചരക്ക് നീക്കത്തിന്റെ ചുക്കാൻ ഇവിടെയാകും.

രണ്ട് കണ്ടെയ്നർ ഷിപ്പുകളിൽ നിന്ന് ചരക്കുകൾ കരയിലേക്കും തിരികെ കപ്പലിലേക്കും കയറ്റുന്ന പ്രവർത്തനങ്ങൾ പരീക്ഷണാടിസ്ഥാനത്തിലാകും ട്രയൽ റണ്ണിൽ നടത്തുക. ഇതിനുള്ള എല്ലാ സാങ്കേതിക വിദഗ്ധരും സംവിധാനങ്ങളും സജ്ജമായിട്ടുണ്ടെന്നും തുറമുഖ കമ്പനി അധികൃതർ വ്യക്തമാക്കി. ഇനി വേണ്ടിവരുന്ന നാല് യാർഡും രണ്ട് ഷിപ്പ് ടുഷോർ ക്രെയിനുകളും മെയ്‌ രണ്ടാം വാരത്തോടെ തുറമുഖത്ത് എത്തിക്കും. അതിന് ശേഷമാകും ട്രയൽ റൺ.