തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കാൻ ഭൂഗർഭ തീവണ്ടിപ്പാത. ഇതിന്റെ പദ്ധതി രൂപരേഖയ്ക്ക് അന്തിമാനുമതിയായി. കേന്ദ്ര അംഗീകാരം കിട്ടിയാൽ ഉടൻ പണി തുടങ്ങും. ബാലരാമപുരം റെയിൽവേ സ്റ്റേഷനെ സിഗ്നൽ സ്റ്റേഷനാക്കി ഉയർത്തുകയും കണ്ടെയ്നർ യാർഡ് നിർമ്മിക്കുകയും ചെയ്യും. റെയിൽ, റോഡ് കണക്ടിവിറ്റിക്കായ് പരമാവധി കേന്ദ്രഫണ്ട് ലഭ്യമാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സാഗർമാലപോലുള്ള പദ്ധതികളിൽനിന്നുള്ള കേന്ദ്രഫണ്ട് ലഭ്യമാകുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരക്കുകളുടെ കയറ്റിയിറക്കലിനായി സ്ഥാപിക്കുന്ന 32 ക്രെയിനുകളിൽ ശേഷിക്കുന്ന അഞ്ചെണ്ണത്തിൽ നാലെണ്ണംകൂടി തുറമുഖത്ത് എത്തിച്ചു. ഇനി കൊളംബോയിൽനിന്ന് ഈ മാസം ഒരു യാർഡ് ക്രെയിൻകൂടി എത്തിക്കുന്നതോടെ 32 ക്രെയിനുകളുമാകും. ജൂൺമാസം പകുതിയോടെ തുറമുഖത്ത് രണ്ട് കൂറ്റൻ ബാർജുകൾ എത്തിച്ചാണ് ആദ്യമായി ചരക്കുകളുടെ കയറ്റിയിറക്കൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുക. തുടർന്ന് ഈ ബാർജുകളിൽ കണ്ടെയ്നറുകൾ അടുക്കി ബെർത്തിന് സമീപമെത്തിക്കും. ഈ വർഷം തന്നെ തുറമുഖം പ്രവർത്തനം തുടങ്ങും. ഈ സാഹചര്യത്തിലാണ് റെയിൽ-റോഡ് സൗകര്യങ്ങളും അതിവേഗം കൂടുന്നത്.

ചരക്കുനീക്കത്തിന് വിഴിഞ്ഞംമുതൽ ബാലരാമപുരം വരെ 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാതയ്ക്കാണ് ചീഫ് സെക്രട്ടറി ഡോ. വി.വേണു അധ്യക്ഷനായ പദ്ധതിനിർവഹണ സമിതി അംഗീകാരം നൽകിയത്. തീവണ്ടിപ്പാതയുടെ 9.5 കിലോമീറ്ററും ഭൂഗർഭപാതയായാണ്്. 1400 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിർമ്മാണച്ചുമതല കൊങ്കൺ റെയിൽ കോർപ്പറേഷനാണ്. ബാലരാമപുരം റെയിൽവേ സ്റ്റേഷനും നവീകരിക്കും. റോഡു നവീകരണവും ഇതിന്റെ ഭാഗമായി ഉണ്ടാകും. എല്ലാം അതിവേഗം പൂർത്തിയാക്കാനാണ് തീരുമാനം.

നിർദിഷ്ട ഔട്ടർ റിങ് റോഡ് ബാലരാമപുരം മടവൂർപ്പാറയിൽവെച്ച് റെയിൽ റോഡുമായി ചേരും. തുറമുഖം പ്രവർത്തനസജ്ജമാകുന്ന സമയത്ത് കണ്ടെയ്നറുകൾക്ക് ദേശീയപാതയിൽ സഞ്ചാരസൗകര്യമൊരുക്കും. തുറമുഖ റോഡ് ദേശീയപാതയിൽ വന്നുചേരുന്നയിടത്ത് മീഡിയൻ മുറിച്ചാകും ഗതാഗതസൗകര്യമുണ്ടാക്കുക. ഇതിനായുള്ള നിർദ്ദേശം പദ്ധതിനിർവഹണ സമിതി ദേശീയപാത അഥോറിറ്റിക്ക് നൽകി. ഈ നിർദ്ദേശം ദേശീയപാത അഥോറിറ്റി അംഗീകരിക്കേണ്ടതുണ്ട്. റോഡ് വികസനം വിഴിഞ്ഞം തുറമുഖത്തിന് അനിവാര്യതയാണ്.

കന്യാകുമാരി വരെ ദേശീയപാത സജ്ജമാകുന്നവേളയിൽ വിഴിഞ്ഞത്ത് ക്ലോവർ ലീഫ് ഇന്റർസെക്ഷൻ നിർമ്മിക്കും. തുറമുഖത്തുനിന്നു ദേശീയപാതയിലേക്കു കയറുന്ന റോഡ് വീതികൂട്ടും. ദേശീയപാതയുടെ സർവീസ് റോഡ് ഉപയോഗിച്ചാകും ആദ്യഘട്ടത്തിൽ ചരക്കുനീക്കം. വിഴിഞ്ഞത്ത് ചൈനയിൽനിന്ന് ഷെൻഹുവാ-34 എന്ന കപ്പലിലാണ് നാലു ക്രെയിനുകൾ കൂടി വ്യാഴാഴ്ച രാവിലെയോടെ എത്തിച്ചത്. പുറംകടലിൽനിന്ന് കപ്പലിനെ വാട്ടർ ലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് കമ്പനിയുടെ സാങ്കേതിക സഹായത്തോടെ ടഗ്ഗുകൾ ഉപയോഗിച്ച് കപ്പലിനെ സുരക്ഷിതമായി ബെർത്തിലടുപ്പിച്ചു. ക്രെയിനുകളുമായി എത്തുന്ന ഏഴാമത്തെ കപ്പലാണിത്.

24 -യാർഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് തുറമുഖത്ത് സ്ഥാപിക്കുക. മൂന്ന് കിലോമീറ്റർ ദൂരത്തിലുള്ള പുലിമുട്ട് അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതും ആവശ്യമായ ക്രെയിനുകളും എത്തിച്ചതോടെ ചരക്കുകളുടെ കയറ്റിയിറക്കൽ നടത്താനാവുമെന്നും കമ്പനി അധികൃതർ പറഞ്ഞു. തുറമുഖ കമ്പനിയുടെ സാങ്കേതിക സംഘത്തിന്റെ സഹായത്തോടെ വ്യാഴാഴ്ചയെത്തിയ ക്രെയിനുകളും ഉടനെ സജ്ജമാക്കും. തുടർന്ന് ക്രെയിനുകൾ ഉപയോഗിച്ച് ചരക്കുകളുടെ കയറ്റിയിറക്കൽ നടത്തുന്നതിനുള്ള ട്രയൽ റണ്ണും നടത്തും. ജൂൺ പകുതിയോടെയാണ് ചരക്കുകളുടെ കയറ്റിയിറക്കലിനുള്ള ട്രയൽ റൺ നടത്തുക.