- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിഴിഞ്ഞത്ത് എല്ലാം അതിവേഗം
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്നു വിശേഷിപ്പിക്കാവുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൽ ജൂൺ അവസാനത്തോടെ ട്രയൽറൺ. അദാനി ഗ്രൂപ്പിനുള്ള ഫണ്ട് ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 8 വലിയ ട്രെയിനുകൾ ഉൾപ്പെടെ 31 ക്രെയിനുകളും സ്ഥാപിക്കുകയും പുലിമുട്ട് നിർമ്മാണം അവസാനഘട്ടത്തിലെത്തുകയും ചെയ്തതോടെ അടുത്ത മാസം ട്രയൽ റൺ നടത്താനാണ് പദ്ധതി. ആദ്യ വാണിജ്യ കപ്പൽ സെപ്റ്റംബറിൽ തുറമുഖത്ത് എത്തുമെന്നാണു പ്രതീക്ഷ.
റോഡ്, റെയിൽ കണക്ടിവിറ്റി പൂർണമായി സജ്ജമായിട്ടില്ലെങ്കിലും ട്രാൻസ്ഷിപ്മെന്റ് തുറമുഖമായുള്ള പ്രവർത്തനങ്ങൾ സജീവമായി നടത്താൻ കഴിയും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ചെറുയാനങ്ങളിലും കപ്പലുകളിലും എത്തുന്ന ചരക്കുകളും കണ്ടെയ്നറുകളും വിഴിഞ്ഞത്തു വച്ച് വലിയ മദർഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാനാകും. വിദേശത്ത് നിന്നുള്ള ചരക്കുകളും വിഴിഞ്ഞത്ത് എത്തിച്ച് മറ്റ് ഇടങ്ങളിലേക്ക് അതിവേഗം മാറ്റാനുമാകും.
പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ പാരിസ്ഥിതിക അനുമതി നേടുന്നതിനായി സർക്കാർ നടപടികൾ ആരംഭിച്ചു. ബ്രേക്ക്വാട്ടർ (പുലിമുട്ട്), ബെർത്ത്, യാർഡ് എന്നിവയുടെ വിപുലപ്പെടുത്തൽ ഉൾപ്പെടെയാണിത്. പാരിസ്ഥിതിക അനുമതി ലഭിച്ചാൽ മാത്രമേ 9,540 കോടി രൂപ ചെലവു വരുന്ന ഈ ഘട്ടവുമായി മുന്നോട്ടുപോകാൻ അദാനി ഗ്രൂപ്പിന് കഴിയൂ. രണ്ടും മൂന്നും ഘട്ടങ്ങളുടെ പാരിസ്ഥിതിക അനുമതി നേടുന്നതിന്റെ ഭാഗമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജൂൺ 19-ന് വിഴിഞ്ഞത്ത് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ച് പൊതുജനാഭിപ്രായം തേടും.
കോട്ടുകൽ, വിഴിഞ്ഞം എന്നിവിടങ്ങളിൽനിന്നുള്ളവരെയാണ് ഹിയറിങ്ങിനു ക്ഷണിക്കുക. വിഴിഞ്ഞത്തിനു സമീപം കല്ലുവെട്ടുകുഴിയിലെ ഹാളിലാണ് ഹിയറിങ്. മലിനീകരണം സംബന്ധിച്ചും മണ്ണ്, ശബ്ദം, വെള്ളം എന്നിവ ഉൾപ്പെടെ പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ചു നാട്ടുകാർക്ക് അഭിപ്രായം രേഖാമൂലം അറിയിക്കാം. തുടർന്ന് ഹിയറിങ്ങിന്റെ റിപ്പോർട്ട് ഉൾപ്പെടെ കേന്ദ്രത്തിനു സമർപ്പിക്കും. 2027 ൽ രണ്ടാം ഘട്ടം പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. ഈ ഘട്ടത്തിന് ആവശ്യമായ മുഴുവൻ പണവും അദാനി പോർട്സ് മുടക്കും. രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ വർഷം 40 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷിയിലേക്കു വിഴിഞ്ഞം തുറമുഖം എത്തും.
രണ്ടാം ഘട്ടത്തിനു പാരിസ്ഥാതികാനുമതി ലഭ്യമാക്കണമെന്നഭ്യർഥിച്ച് കഴിഞ്ഞ ജൂണിലാണ് അദാനി പോർട്സ്, വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡിനെ (വിസിൽ) സമീപിച്ചത്. പാരിസ്ഥികാനുമതി ഡിസംബറിൽ ലഭിച്ചാൽ, ആദ്യഘട്ടം പൂർത്തിയാകുന്നതിനു മുൻപു തന്നെ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണത്തിലേക്കു കടക്കാനാകും. കരാർ പ്രകാരം ഇതുവരെ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 700 കോടി രൂപയാണ് സർക്കാർ അദാനി ഗ്രൂപ്പിനു നൽകിയിരിക്കുന്നത്. അടിയന്തരമായി 1,200 കോടി രൂപ കൂടി നൽകണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതും ഉടൻ നൽകും.
തുറമുഖ പദ്ധതിക്കായി ഹഡ്കോയിൽനിന്നു വായ്പയെടുക്കാൻ വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡിനു (വിസിൽ) സർക്കാർ 2009 കോടി രൂപ ബജറ്റ് ഗാരന്റി നൽകും. ഹഡ്കോയിൽ നിന്നു 3500 കോടി രൂപ വായ്പയെടുക്കാൻ വിസിലിനു 2023 മാർച്ചിൽ മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഹഡ്കോ 2009 കോടി രൂപ വായ്പ അനുവദിച്ചപ്പോൾ ബജറ്റിൽ ഗാരന്റി ഉറപ്പു നൽകണമെന്നു നിബന്ധന വച്ചതാണ് അംഗീകരിച്ചത്. പുലിമുട്ട് നിർമ്മാണത്തിന്റെ കുടിശിക തീർക്കാനും റെയിൽവേ, റോഡ് ആവശ്യങ്ങൾക്കു ഭൂമിയേറ്റെടുക്കാനുമാണ് ആദ്യഘട്ടത്തിൽ തുക വിനിയോഗിക്കുക.
ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ വിഴിഞ്ഞത്ത് കസ്റ്റംസ് ഓഫിസ് ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം വൈകാതെ ആരംഭിക്കും. 3 മാസത്തിനകം സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്റെ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ.