തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ നിർമ്മാണത്തിന് അദാനി ഗ്രൂപ്പിന് നൽകാൻ സംസ്ഥാന സർക്കാരിന് സഹകരണ ബാങ്കുകളുടെ കൺസോർഷ്യം 100 കോടി രൂപ വായ്പ അനുവദിക്കും. തുറമുഖത്തിന്റെ ബ്രേക്ക് വാട്ടർ (പുലിമുട്ട്) നിർമ്മാണത്തിന് അദാനി ഗ്രൂപ്പിന് അടിയന്തരമായി 400 കോടിയാണ് സർക്കാർ നൽകേണ്ടത്. ആദ്യഘട്ടമായാണ് 100 കോടി നൽകാൻ തീരുമാനിച്ചത്. കൂടാതെ തുറമുഖ നിർമ്മാണത്തിനുള്ള സഹായമായി (ഗ്യാപ് വയബിലിറ്റി ഫണ്ട് ഇനത്തിൽ) 400 കോടി നൽകണം. ഇതിനായി ഹഡ്കോയിൽ നിന്നും വായ്പയെടുക്കും.

വിഴിഞ്ഞം നിർമ്മാണവും കേരളത്തിന്റെ കട ബാധ്യത കൂട്ടും. വൻ സാമ്പത്തിക പ്രതിസന്ധിയിലാണ് അദാനി. ഈ സാഹചര്യത്തിൽ സർക്കാരിൽ നിന്ന് പണം കിട്ടിയേ പണി മുമ്പോട്ടു കൊണ്ടു പോകാനാകൂവെന്ന നിലപാടിലാണ് അവർ. വിഴിഞ്ഞം തുറമുഖത്തിൽ വൻ പ്രതീക്ഷയാണ് പിണറായി സർക്കാരിനുള്ളത്. ഈ സാഹചര്യത്തിലാണ് സഹകരണ ബാങ്ക് വായ്പ് നൽകുന്നത്. വെള്ളിയാഴ്ച സഹകരണമന്ത്രി വി.എൻ. വാസവൻ ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തും. തുറമുഖ മന്ത്രിയുമായും ചർച്ച നടത്തിയശേഷമായിരിക്കും അന്തിമ ധാരണയുണ്ടാക്കുന്നത്. നേരത്തേ തന്നെ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും സഹകരണമന്ത്രിയും തമ്മിൽ ചർച്ച നടത്തിയിരുന്നു.

സഹകരണ ബാങ്കുകളുടെ വായ്പയുടെ പലിശ നിരക്കിൽ തീരുമാനമായിട്ടില്ല. നിക്ഷേപത്തിന് നൽകുന്ന 8.45 ശതമാനത്തിലും ഉയർന്ന നിരക്കിലായിരിക്കും വായ്പ നൽകുക. സഹകരണ ബാങ്കുകളിലെ നിക്ഷേപം സംസ്ഥാനത്തെ വികസനത്തിനായി വിനിയോഗിക്കുക എന്നതാണ് സർക്കാരിന്റെ നയം. ഇതാണ് അദാനി പദ്ധതിക്ക് കടം നൽകാൻ കാരണം. സർക്കാർ ഗാരന്റിയിലാകും കടം നൽകൽ. അതുകൊണ്ട് സഹകരണ ബാങ്കിന് പ്രശ്‌നമൊന്നും ഉണ്ടാകില്ല.

ബ്രേക്ക് വാട്ടർ നിർമ്മാണത്തിന് സർക്കാർ നൽകേണ്ടത് 1450 കോടിയാണ്. നിലവിൽ 30 ശതമാനത്തിലധികം പണി പൂർത്തിയായിട്ടുണ്ട്. 400 കോടി എത്രയുംപെട്ടെന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് പലതവണ കത്ത് നൽകിയിരുന്നു. ഗ്യാപ് വയബിലിറ്റി ഫണ്ടായി 817 കോടിയാണ് നൽകേണ്ടത്. ഇതിൽ 400 കോടി രൂപ സംസ്ഥാന വിഹിതമാണ്. ഇതും ഉടൻ നൽകും. കേന്ദ്രം നൽകാനുള്ള തുക ലഭ്യമാക്കാൻ സർക്കാർ ഇടപെടാമെന്നും തുറമുഖ വകുപ്പ് അദാനി ഗ്രൂപ്പിന് ഉറപ്പ് നൽകിയിട്ടുണ്ട്. കമ്പനിയുടെ പ്രതിസന്ധി കൂടി കണക്കിലെടുത്താണ് ഈ നീക്കങ്ങൾ. വിഴിഞ്ഞം അതിവേഗം നിർമ്മിക്കേണ്ടത് അദാനിയുടേയും ഉത്തരവാദിത്തമാണ് ഇപ്പോൾ.

ഓഹരി വിപണിയിൽ മുന്നോട്ട് പോകാൻ ഇത് അനിവാര്യമാണ്. വിഴിഞ്ഞത്ത് നിർമ്മാണം എത്രയുംവേഗം പൂർത്തിയാക്കണമെന്നുള്ള ലക്ഷ്യം മുൻനിർത്തിയാണ് അദാനി ഗ്രൂപ്പിന് നൽകാനുള്ള തുക കൊടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഒരാഴ്ചയ്ക്കകം പണം നൽകാമെന്നായിരുന്നു പ്രതിമാസ അവലോകന യോഗത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ അദാനിക്ക് നൽകിയ ഉറപ്പ്. കരാർ തുകയുടെ 50 ശതമാനത്തിലേറെ മുടക്കി. ഇതുവരെ സർക്കാർ സാമ്പത്തികമായി സഹായിച്ചിട്ടില്ല.തങ്ങളെ പറഞ്ഞുപറ്റിക്കുകയാണെന്നതായിരുന്നു അദാനിയുടെ പരാതി.

മറ്റേതെങ്കിലും കമ്പനിയാണെങ്കിൽ നിർമ്മാണം നിറുത്തുമായിരുന്നു സംസ്ഥാനം നൽകേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ ആദ്യ ഗഡു നൽകാമെന്ന് പറഞ്ഞിട്ട് ആറ് മാസം പിന്നിട്ടു. തുറമുഖം കമ്മിഷൻ ചെയ്യും മുമ്പ് ഈ തുക നൽകാമെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. പുലിമുട്ട് നിർമ്മാണത്തിന്റെ ബാക്കി തുകയും അപ്പോഴേ നൽകൂ. കേന്ദ്ര വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ കാര്യത്തിൽ കൃത്യമായ ഉറപ്പ് വാങ്ങിനൽകുന്നതിലും തുറമുഖ വകുപ്പ് പരാജയപ്പെട്ടുവെന്നായിരുന്നു ആക്ഷേപം.

റെയിൽ - റോഡ് കണക്ടിവിറ്റിക്ക് 1150 കോടിയും റെയിൽ പാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ 200 കോടിയും എങ്ങനെ കണ്ടെത്തുമെന്ന് സർക്കാരിന് വ്യക്തതയില്ല. ഹഡ്കോ വായ്പ കിട്ടുമ്പോൾ സഹകരണ ബാങ്കുകൾക്ക് പണം തിരികെ നൽകാമെന്നാണ് പറയുന്നത്. വീണ്ടും രണ്ടായിരം കോടിയോളം രൂപ കണ്ടെത്തുന്നതിൽ സർക്കാർ മൗനം പാലിക്കുകയാണ്.

രണ്ടര വർഷം കാലാവധിയുള്ള ഘടകകക്ഷി മന്ത്രിയായ അഹമ്മദ് ദേവർകോവിലിന് അധികാരം ഒഴിയും മുമ്പേ വിഴിഞ്ഞത്ത് കപ്പൽ എത്തിക്കേണ്ടത് അഭിമാനപ്രശ്നമാണ്. എൽ.ഡി.എഫ് ധാരണപ്രകാരം നവംബറിൽ മന്ത്രിയുടെ കാലാവധി തീരും. അതിനു മുമ്പ് സെപ്റ്റംബറിൽ കപ്പലെത്തിക്കാൻ അദാനി ഗ്രൂപ്പിന് വലിയ സമ്മർദ്ദമുണ്ട്.

ചർച്ചയുടെ ആദ്യഘട്ടങ്ങളിലെല്ലാം ഡിസംബറിൽ കപ്പൽ എത്തിക്കാമെന്നായിരുന്നു അദാനി പറഞ്ഞിരുന്നത്. ആദ്യ കപ്പൽ എത്തിച്ചാലും തുറമുഖം കമ്മിഷൻ ചെയ്ത് പ്രവർത്തനം ആരംഭിക്കാൻ ഒരുവർഷം കാത്തിരിക്കണം.