തിരുവനന്തപുരം: വിഴിഞ്ഞ പ്രതിഷേധം ഏറ്റുമുട്ടലിലേക്ക് നീങ്ങാതെ രമ്യമായി പരിഹരിക്കണമെന്ന് രാഷ്ട്രീയ - സാംസ്‌കാരിക- സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖർ സംയുക്തമായി ആവശ്യപ്പെട്ടു. വിഴിഞ്ഞം തീരത്ത് അശാന്തി വിതക്കുകയും സുരക്ഷിതത്വവും സമാധാനവും തകർക്കുകയും വർഗീയ സംഘർഷത്തിനു കോപ്പുകൂട്ടുകയും ചെയ്യുന്നവരെ കർശനമായി നേരിടണമെന്നും 113 പേർ ഒപ്പിട്ട സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണം, കള്ളക്കേസുകൾ പിൻവലിച്ച് സമാധാനം സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്നും ആവശ്യമുണ്ട്.

വിഴിഞ്ഞത്ത് 135 ദിവസമായി സമാധാനപരമായാണ് സമരം നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ ഗൗതം അദാനി ഏർപ്പാടാക്കിയ സ്വകാര്യ സംഘങ്ങളാണ് തീരദേശത്ത് സമാധാനം തകർക്കുന്നത്. ലത്തീൻ അതിരൂപതയുടെ സമരത്തിന് വർഗീയ മുദ്ര ചാർത്തി കടന്നാക്രമിക്കാനാണ് ശ്രമം. നവംബർ 26 ന് നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറികൾ സമരക്കാർ സമാധാനപരമായാണ് തടഞ്ഞത്. എന്നാൽ തുറമുഖത്തെ അനുകൂലിക്കുന്നവർ സമരക്കാർക്കെതിരെ കല്ലേറ് നടത്തുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.

സംഘർഷം തടയാൻ പൊലീസ് ഫലപ്രദമായി ഇടപെട്ടില്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും അദാനിയുടെ സ്വകാര്യ സൈന്യത്തെപ്പോലെ പെരുമാറുന്നവരെ അഴിഞ്ഞാടാൻ അനുവദിച്ചു. നവംബർ 27 ന് നിരപരാധിയായ ഒരാളെ അറസ്റ്റു ചെയ്തത് അന്വേഷിക്കാൻ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ പോയ ഇടവക ഭരണ സമിതി പ്രവർത്തകരെ പൊലീസ് തട്ടിക്കൊണ്ടു പോയി. ഭർത്താവിന്റെ അറസ്റ്റിനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ പോയ സ്ത്രീയെ അസഭ്യം പറഞ്ഞ് മർദ്ദിച്ചു. സംഭവമറിഞ്ഞ് സ്റ്റേഷൻ പരിസരത്തെത്തിയ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ജനക്കൂട്ടത്തെ പൊലീസ് പരമാവധി അപമാനിച്ചു. 4 മണിക്കൂറോളം ചർച്ച ചെയ്‌തെങ്കിലും തീരുമാനം എടുത്തില്ല. ഇരുട്ടിൽ നിന്ന് കല്ലേറുണ്ടായപ്പോൾ ജനങ്ങൾ പ്രകോപിതരായെന്നും ഇവർ പറയുന്നു.

തിരുവനന്തപുരം അതിരൂപത ബിഷപ് ,അസിസ്റ്റന്റ് ബിഷപ്പ്, വികാരി ജനറൽ എന്നിവരെയടക്കം 3000 ത്തോളം പേരെ പ്രതികളാക്കി 8 കേസുകൾ ചാർജ് ചെയ്തിരിക്കുകയാണ്. സമരക്കാരെ അക്രമിച്ചവർക്കെതിരെ ഒരു കേസ് മാത്രമാണ് എടുത്തത്. സമരസമിതി പ്രവർത്തകർക്കെതിരെ വർഗീയ വികാരം ഇളക്കിവിടാനുള്ള ശ്രമങ്ങളാണ് ആർഎസ്എസ് - ബിജെപി പ്രവർത്തകരും സമുദായ സംഘടനാ നേതാക്കളും ചേർന്ന് നടത്തുന്നത്. സംസ്ഥാനം ഭരിക്കുന്ന സിപിഎം ഇതിന് പിന്തുണ നൽകുന്നു.

ഇന്ത്യയിലെമ്പാടും വർഗീയതക്കെതിരെ ന്യൂനപക്ഷങ്ങൾക്കൊപ്പം സമരം ചെയ്യുന്ന സിപിഎം തിരുവനന്തപുരത്ത് അദാനിയുടെ കൗടില്യ തന്ത്രങ്ങൾക്ക് കൂട്ടുനിൽക്കുന്നു. സമാധാനം സംരക്ഷിക്കാനും ജനങ്ങൾക്ക് സുരക്ഷയൊരുക്കാനും ബാധ്യതപ്പെട്ട സംസ്ഥാന സർക്കാർ അത് ചെയ്യുന്നില്ല. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെടുന്ന ജനകീയ സമരസമിതിക്കെതിരെ സർക്കാർ ഏജൻസികളെ ഉപയോഗിച്ച് ദുഷ്പ്രചരണം നടത്തുന്നു. വിദേശ ഫണ്ട് സ്വീകരിച്ച് രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നുവെന്നും നിരോധിത തീവ്രവാദ സംഘടനകളുമായി സമരത്തിന് ബന്ധമുണ്ടെന്നും പ്രചാപരണം നടത്തുന്നു. കേരളീയ സമൂഹത്തിൽ ദീർഘകാലമായി രാഷ്ട്രീയ- സാമൂഹ്യ- തൊഴിലാളി - സ്ത്രീവാദ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ രാജ്യദ്രോഹികളും ഗൂഢാലോചനക്കാരുമായി ചിത്രീകരിച്ച് അപമാനിക്കുന്നുവെന്നും ഇവർ അപലപിച്ചു.

വിഴിഞ്ഞം പദ്ധതി നിർമ്മാണത്തിനിടയിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ആശങ്ക ഉയർന്നപ്പോൾ സർക്കാർ ഒരു പഛന സംഘത്തെ നിയോഗിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ നിർദ്ദേശിക്കുന്ന വിദഗ്ധരെ കൂടി അതിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചില്ല. അവർ ഈ പ്രശ്‌നം പഠിച്ച് അന്തിമ നിഗമനത്തിലെത്തുന്നത് വരെ പദ്ധതി പ്രവർത്തനം നിർത്തിവെക്കണം എന്നത് സ്വാഭാവിക നീതിയാണ്. പഠന ഫലങ്ങൾ പദ്ധതിക്കെതിരാണെങ്കിൽ അക്കാലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ മൂലമുണ്ടാക്കുന്ന ആഘാതം കണക്കാക്കാൻ കഴിയാത്തത്ര ഭീമമായിരിക്കും. ആഘാത പഠന കാലത്ത് പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണെന്ന് മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും ഇവർ വിലയിരുത്തി.

ബിആർപി ഭാസ്‌കർ, എംകെ മുനീർ എംഎൽഎ, കവി കെജിഎസ്, കെ അജിത, എംഎൻ കാരശേരി, ഇവി രാമകൃഷ്ണൻ, അംബികാസുതൻ മാങ്ങാട്, സംവിധായകൻ ജിയോ ബേബി, മുൻ എംപി തമ്പാൻ തോമസ്, റിയാസ് കോമു, കൽപ്പറ്റ നാരായണൻ, വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം, സിആർ നീലകണ്ഠൻ തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്.