തിരുവനന്തപുരം: ഒരുവേള കൈവിട്ടുപോകുമോ എന്ന് സർക്കാർ പോലും ഭയപ്പെട്ട സമരം. പൊലീസ് സ്റ്റേഷൻ ആക്രമണത്തോടെ, ഇരുപക്ഷവും കൂടുതൽ അകലത്തിലായ നേരം. അകലങ്ങളെ അടുപ്പിക്കാൻ, ആരാണ് ആശ്രയം എന്നത് വലിയ ചോദ്യചിഹ്നമായി
മുന്നിൽ നിന്നു. ആ സമയത്താണ്, വിഴിഞ്ഞത്തെ സമയവായ നീക്കത്തിന്റെ ഭാഗമായി കാതോലിക്ക ബാവ സമാധാന ദൂതുമായി രംഗത്തിറങ്ങിയത്. ആദ്യം ചീഫ് സെക്രട്ടറിയുമായും, പിന്നീട് മുഖ്യമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സമരക്കാരുമായി നിരവധി വട്ടം ചർച്ച നടത്തിയിട്ടും പരിഹാരം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ക്ലീമിസ് പിതാവിന്റെ ഇടപെടൽ നിർണായകമായത്. ഇത് മറുനാടനാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

കാതോലിക്ക  ബാവയുമായും ലത്തീൻ അതീരൂപത ആർച്ച ബിഷപ്പ് ഡോക്ടർ തോമസ് ജെ നെറ്റോയുമായും ചീഫ് സെക്രട്ടറി വി.പി ജോയി ചർച്ച നടത്തിയപ്പോഴും പദ്ധതിയുടെ പണി നിർത്തി വെയ്ക്കില്ലെന്ന നിലപാട് സർക്കാർ ആവർത്തിച്ചു. എന്നിരുന്നാലും മറ്റ് കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ധാരണയിലെത്തിയിരുന്നു. ചൊവ്വാഴ്ച സമരത്തിന് തീർപ്പാകുമെന്ന് നേരത്തെ തന്നെ ധാരണ ഉരുത്തിരിഞ്ഞിരുന്നു.

തുറമുഖ നിർമ്മാണവുമായി അദാനിക്ക് മുന്നോട്ടു പോകാൻ സാധിക്കുന്നതിനൊപ്പം തന്നെ തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിലും പരിഹാരം കൊണ്ടുവരാൻ കളമൊരുങ്ങി. ഇത് സംബന്ധിച്ച സമവായ ഫോർമുലകൾ വന്നു. കർദിനാൾ മാർ ക്ലീമീസ് ബാവയുടെ നേതൃത്വത്തിൽ സമാധാനദൗത്യ സംഘമാണ് പ്രശ്ന പരിഹാരത്തിനുള്ള മാർഗ്ഗങ്ങളിലേക്ക് എത്തിയത്. ഇതിൽ പ്രധാനമായും മാർ ക്ലീമീസ് മുന്നോട്ടുവെച്ച നിർദ്ദേശമാണ് എല്ലാവർക്കും സ്വീകാര്യമായി മാറിയത്.

വിഴിഞ്ഞത്തെ സമരക്കാർ പ്രധാനമായും ഉന്നയിച്ചത് ഏഴ് ആവശ്യങ്ങളായിരുന്നു. ഇതിൽ തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന ആവശ്യവും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സമ്മതം മൂളാൻ സർക്കാർ തയ്യാറായില്ല. മാത്രമല്ല, തുറമുഖ നിർമ്മാണത്തിലെ പാരിസ്ഥിതികാഘാതം പഠിക്കാനുള്ള സമിതിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചെങ്കിലും ഇക്കാര്യത്തിലും സർക്കാർ നിലപാട് വ്യക്തമാക്കിയില്ല. ഇതിനിടെയാണ് നിർണായകമായ നിർദ്ദേശം ക്ലീമീസ് മുന്നോട്ടു വെച്ചത്.

സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന വാഗ്ദാനം സമയബന്ധിതമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഒരു മോണിറ്ററിങ് കമ്മിറ്റി ഉണ്ടാക്കണമെന്നാണ് ക്ലീമീസ് മുന്നോട്ടുവെച്ച നിർദ്ദേശം. ചീഫ് സെക്രട്ടറിയും പോർട്ട് സെക്രട്ടറിയും അടക്കമുള്ളവർ ഉൾപ്പെടുന്ന മോണിറ്ററിങ് കമ്മറ്റിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളും വേണമെന്നും ക്ലീമീസ് നിർദ്ദേശം മുന്നോട്ടു വെച്ചു. ഈ ആവശ്യം സർക്കാർ അംഗീകരിക്കാൻ തയ്യാറായി.

പദ്ധതിപ്രദേശത്തിന്റെ സംരക്ഷണത്തിനു കേന്ദ്രസേന വേണ്ടെന്ന നിലപാട് സർക്കാർ സ്വീകരിച്ചതോടെ സമരസമിതിക്കു നേതൃത്വം നൽകുന്ന ലത്തീൻ സഭയും അയഞ്ഞിരുന്നു. തുറമുഖനിർമ്മാണം സ്ഥിരമായി നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കുന്ന സർക്കുലർ പള്ളികളിൽ വായിച്ചു. സമരസമിതി പ്രതിനിധികളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രിയാണ് മന്ത്രിസഭാ ഉപസമിതിയോടു നിർദ്ദേശിച്ചത്. ഇതനുസരിച്ചാണ് ഇന്നലെ രാവിലെ ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോയും മോൺ. യൂജിൻ എച്ച്.പെരേരയും പട്ടം ബിഷപ് ഹൗസിലെത്തി കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തിയത്.

ക്ലീമീസ് ബാവയുടെ നിർദ്ദേശങ്ങളിൽ സർക്കാറും ലത്തീൻ സഭയും സമ്മതം മൂളിയതോടെ തീരദേശത്ത് സമാധാനത്തിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞത്. സർക്കാറിന്റെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന ഉറപ്പാണ് സമരക്കാർക്ക് വേണ്ടിയിരുന്നത്. മോണിറ്ററിങ് സമിതിയെന്ന ആശയത്തിന് സർക്കാരും പിന്തുണച്ചതോട വിഴിഞ്ഞത്ത് വീണ്ടും സമാധാനം പുലരുകയാണ്.

സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഫാദർ യൂജിൻ പെരേര മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം അറിയിച്ചു. 'തീരശോഷണവും പദ്ധതിയുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും പൊതുജനം വേണ്ടത്ര ബോധവാന്മാരല്ല. പഠനം നടത്തുകയും ആഘാതങ്ങൾ ബോധ്യപ്പെടുകയും ചെയ്താൽ സമരം മുന്നോട്ട് കൊണ്ടുപോകും', ഫാദർ യൂജിൻ പെരേര പറഞ്ഞു.

പ്രശ്‌നം സമവായത്തിൽ എത്തിയതിൽ സന്തോഷമെന്ന് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പ്രതികരിച്ചു. സഭ തുറമുഖ പദ്ധതിക്ക് എതിരല്ല. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.

 

തീരുമാനങ്ങൾ ഇങ്ങനെ:

1.തുറമുഖ നിർമ്മാണം മൂലമുള്ള പുനരധിവാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ജില്ലാതല സമിതി രൂപീകരിച്ചു. അതും തീരസംരക്ഷണ പ്രവർത്തനങ്ങളും, സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും, തുറമുഖ സെക്രട്ടറിയും മേൽനോട്ടം വഹിക്കും.

2.ഫ്‌ളാറ്റുകളുടെ നിർമ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കും. രണ്ടുമാസത്തെ വാടക അഡ്വാൻസായി നൽകും. വീട് നഷ്ടമായവർക്കുള്ള വാടകയായ 5500 രൂപയായിരിക്കും സർക്കാർ നൽകുക. 8,000 രൂപയായിരുന്നു സമരക്കാരുടെ ആവശ്യം. അദാനി ഫണ്ടിൽ നിന്നും 2500 രൂപ തരാം എന്ന സർക്കാർ വാഗ്ദാനം വേണ്ടെന്ന് വെച്ചു.

3.പുനരധിവാസ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും. വീടിന്റെ വിസ്തീർണം 635 ചതുരശ്ര അടിയിൽ കൂടാത്ത വിധം രൂപകൽപ്പനയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ചർച്ച ചെയ്യും .ഇതുകൂടാതെ വലയും മറ്റുപകരണങ്ങളും സൂക്ഷിക്കാനായി പൊതുവായി ഒരു സ്ഥലം നൽകും.

4.തീരശോഷണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പഠന സമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ധ പ്രതിനിധികളുമായി ചർച്ച നടത്തും. പഠനസമിതിയിൽ പ്രാദേശിക പ്രതിനിധി വേണമെന്നതിലും തീരുമാനമായില്ല. തുറമുഖ പ്രവർത്തനം തുടരും.

5.നിലവിലുള്ള മണ്ണെണ്ണ എഞ്ചിനുകൾ ഡീസൽ-പെട്രോൾ-ഗ്യാസ് എഞ്ചിനുകളായി മാറ്റുന്ന പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കും. ഇതിനായി ഒറ്റത്തവണ സബ്‌സിഡി നടപ്പിലാക്കും.

6. കടലിൽ പോകാൻ സാധിക്കാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകും.

7.മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ,സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനുമായും, മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും, ഫിഷറീസ് വകുപ്പ് ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കും.