തിരുവനന്തപുരം: പൊലീസ് സ്റ്റേഷൻ ആക്രമണം അടക്കം വലിയ സംഘർഷങ്ങൾക്കിടയാക്കിയ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീർപ്പായി. മുഖ്യമന്ത്രി സമര സമിതിയുമായി ചർച്ച നടത്തിയതോടെയാണ് സമരം തീർന്നത്. സമരം തീർക്കാൻ വിട്ടുവീഴ്ച ചെയ്‌തെന്ന് സമരസമിതി വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചർച്ചയ്ക്ക് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. വാടക പൂർണ്ണമായും സർക്കാർ നൽകും, ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സർക്കാർ നൽകാനും ധാരണയായി. അദാനി ഫണ്ടിൽ നിന്നും 2500 രൂപ തരാം എന്ന സർക്കാർ വാഗ്ദാനം വേണ്ടെന്ന് വെച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി ഉണ്ടാക്കും. സർക്കാർ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിങ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീൻ സഭ അറിയിച്ചു.

140ാം ദിവസമാണ് സമരം അവസാനിക്കുന്നത്. ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്ന് സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്.പെരേര അറിയിച്ചു. കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രതിമാസ വാടക 5,500 രൂപ തന്നെയാണ്. പഠനസമിതിയിൽ പ്രാദേശിക പ്രതിനിധി വേണമെന്നതിലും തീരുമാനമായില്ല.

തീരശോഷണത്തിൽ കൂടുതൽ പഠനങ്ങൾ വേണമെന്ന് സമരസമിതി അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാമെന്നാണ് ധാരണ. തുറമുഖ സെക്രട്ടറിയും കമ്മിറ്റിയിൽ അംഗമാണ്. തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തില്ല. ആഘാതത്തെക്കുറിച്ച് പഠനം തുടരുമെന്നും സമരസമിതി അറിയിച്ചു.

മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. നേരത്തെ ചീഫ് സെക്രട്ടറി വി.പി.ജോയ് സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. നാലുനിർദ്ദേശങ്ങളാണ് സമരസമിതി മുന്നോട്ടുവച്ചത്.

വാടക 8,000 ആയി ഉയർത്തണമെന്നാണ് ഒന്നാമത്തെ നിർദ്ദേശം. വാടക തുക സർക്കാർ കണ്ടെത്തണം, അദാനി ഫണ്ട് വേണ്ടെന്നാണ് സമരക്കാരുടെ നിലപാട്. സംഘർഷങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണം, തീരശോഷണം പഠിക്കാനുള്ള സമിതിയിൽ പ്രാദേശിക വിദഗ്ദ്ധർ വേണം, ആവശ്യങ്ങളിൽ സർക്കാർ കൃത്യമായി ഉറപ്പുനൽകണം എന്നിവയായിരുന്നു സമരക്കാരുടെ മറ്റ് ആവശ്യങ്ങൾ.

ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതിയുടെ ആവശ്യങ്ങൾ കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു. തുടർന്ന് സർക്കാരിന്റെ നിലപാട് ചീഫ് സെക്രട്ടറി വി.പി.ജോയ് ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയെ കണ്ടു വിശദീകരിച്ചു. സമരസമിതി ഉന്നയിച്ച ചില ആവശ്യങ്ങളിൽ വ്യക്തത വരാത്തതിനാലാണ് ചർച്ച ഇന്നും തുടർന്നത്.

വിഴിഞ്ഞത്തെ സമരക്കാർ പ്രധാനമായും ഉന്നയിച്ചത് ഏഴ് ആവശ്യങ്ങളായിരുന്നു. ഇതിൽ തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന ആവശ്യവും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സമ്മതം മൂളാൻ സർക്കാർ തയ്യാറായില്ല. സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന വാഗ്ദാനം സമയബന്ധിതമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഒരു മോണിറ്ററിങ് കമ്മറ്റി ഉണ്ടാക്കണമെന്നാണ് ക്ലീമീസ് മുന്നോട്ടുവെച്ച നിർദ്ദേശം. ചീഫ് സെക്രട്ടറിയും പോർട്ട് സെക്രട്ടറിയും അടക്കമുള്ളവർ ഉൾപ്പെടുന്ന മോണിറ്ററിങ് കമ്മറ്റിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളും വേണമെന്നും ക്ലീമീസ് നിർദ്ദേശം മുന്നോട്ടു വെച്ചു. ഈ ആവശ്യം സർക്കാർ അംഗീകരിക്കാൻ തയ്യാറായി.

ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതിയുടെ ആവശ്യങ്ങൾ ചർച്ച ചെയ്തു. മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ആന്റണി രാജു, വി.അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ഉപസമിതിയിലുള്ളത്. സർക്കാരിന്റെ നിലപാട് ചീഫ് സെക്രട്ടറി വി.പി.ജോയ് ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയെ കണ്ടു വിശദീകരിച്ചു.

അതേസമയം, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി നിയമസഭയിൽ തള്ളി പ്രശ്‌നപരിഹാരത്തിനായി ചർച്ച നടത്താൻ സർക്കാർ ഒരു അലംഭാവവും കാണിച്ചില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും മുഖ്യമന്ത്രി അടിയന്തര പ്രമേയ ചർച്ചയ്ക്കു മറുപടിയായി പറഞ്ഞു.

സർക്കാരിനുവേണ്ടിയാണ് ഉപസമിതി സമരക്കാരുമായി ചർച്ച നടത്തിയത്. ഓഗസ്റ്റ് 16നാണ് തുറമുഖ കവാടത്തിൽ സമരം ആരംഭിക്കുന്നത്. മന്ത്രിസഭാ ഉപസമിതി 19ന് ചർച്ച നടത്തി. 24ന് വീണ്ടും ചർച്ച നടത്തി. സെപ്റ്റംബർ 5നും 23നും ചർച്ചകൾ നടന്നു. അനൗദ്യോഗിക ചർച്ചകൾ അല്ലാതെയും ഉണ്ടായി. 7 ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടു വച്ചത്. 5 ആവശ്യങ്ങൾ മന്ത്രിസഭാ ഉപസമിതിയുടെ ചർച്ചയിൽ പരിഹരിക്കപ്പെട്ടു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ നിലപാടെടുത്തു. തീരശോഷണത്തെക്കുറിച്ച് പഠനം വേണമെന്നായിരുന്നു സമരസമിതിയുടെ മറ്റൊരാവശ്യം. സർക്കാർ അത് അംഗീകരിച്ചു.

ചർച്ച തീരുമാനത്തിലേക്ക് എത്തുന്ന ഘട്ടമെത്തുമ്പോൾ വീണ്ടും കടുപ്പത്തിലേക്കു പോകുന്ന സ്ഥിതിയുണ്ടായി. നല്ല രീതിയിൽ ചർച്ച നടത്തിയിട്ടും പരിഹാരം ഉണ്ടാകാതെ വന്നപ്പോൾ ആരോ ചിലർ സമരസമിതിയെ നിന്ത്രിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ടായി. വിഴിഞ്ഞം തുറമുഖത്തിനെതിരായി പ്രവർത്തിക്കുന്നവർക്ക് പിന്നിൽ ഏതെങ്കിലും ശക്തികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നാണ് 2014ൽ മന്ത്രിയായിരുന്ന കെ.ബാബു നിയമസഭയിൽ മറുപടി പറഞ്ഞത്. അന്നു മുതൽ തന്നെ സർക്കാരിന് ഈ സംശയം ഉണ്ടായിരുന്നു എന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്ന് കെ.ബാബു മറുപടി പറഞ്ഞു. താനും മത്സ്യത്തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു.