- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം സമരക്കാരെ മന: പൂർവം പ്രകോപിപ്പിച്ച് അക്രമം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ആർച്ച് ബിഷപ്പിനെയും സഹായമെത്രാനെയും പ്രതികളാക്കിയത് എന്ന് പ്രതിപക്ഷ നേതാവ്; ഒത്തുതീർപ്പിന് പോയവരെ അറസ്റ്റ് ചെയ്തത് എന്തിനെന്നും ചോദ്യം; പ്രതിയാക്കിയത് നിയമപരമായെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും പൊലീസ് കമ്മീഷണറും
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ, ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെ പ്രതിയാക്കിയത് നിയമപരമായെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ. പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാണ്. കസ്റ്റഡിയിലെടുത്തവരെ വിട്ടത് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയതിനാലാണെന്നും കമ്മിഷണർ പറഞ്ഞു.
സമരക്കാർക്കുനേരെ പൊലീസ് കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന സമരക്കാരുടെയും ലത്തീൻ സഭയുടെയും ആരോപണം പൊലീസ് നിഷേധിച്ചു. മൂന്നുമണിക്കൂറോളം സംയമനം പാലിച്ചശേഷമാണ് പൊലീസ് നടപടി തുടങ്ങിയത്. സമരക്കാർ തുടക്കം മുതൽ പ്രകോപനപരമായാണ് പെരുമാറിയത്. 40 ലധികം പൊലീസുകാരെ ആക്രമിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിച്ചില്ല. പൊലീസ് കല്ലെറിഞ്ഞില്ലെന്നും ബാഹ്യശക്തികൾ ഇടപെട്ടോയെന്ന് അറിയില്ലെന്നും കമ്മിഷണർ പറഞ്ഞു.
അതേസമയം, സമരം ചെയ്തതിന് ആർച്ച് ബിഷപ്പിനും സഹായമെത്രാനും എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി ഒന്നും രണ്ടും പ്രതികളാക്കിയത് സമരക്കാരെ മനപ്പൂർവം പ്രകോപിപ്പിച്ച് അക്രമമുണ്ടാക്കുന്നതിനു വേണ്ടിയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. സമരക്കാരിൽ ഒരാളെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് അന്വേഷിക്കാൻ പോയ പള്ളിക്കമ്മിറ്റിക്കാരായ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. ഒത്തുതീർപ്പിന് പോയവരെ അറസ്റ്റ് ചെയ്തത് എന്തിന് വേണ്ടിയായിരുന്നു? ഇതൊക്കെ മനപ്പൂർവം പ്രകോപനം ഉണ്ടാക്കി സംഘർഷം ഉണ്ടാക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണ്.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ചർച്ച നടത്തണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ചർച്ച ചെയ്ത് തീർത്തില്ലെങ്കിൽ അപകടകരമായ നിലയിലേക്ക് സമരം പോകുമെന്നു സെക്രട്ടേറിയറ്റിന് മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. വിഴിഞ്ഞത്തുണ്ടായ അക്രമസംഭവങ്ങളെ പ്രതിപക്ഷം ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല.
അക്രമങ്ങളുടെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണ്. സിപിഎമ്മും ബിജെപിയും ഒന്നിച്ചുചേർന്ന് വിഴിഞ്ഞം സമരം പൊളിക്കാൻ നടക്കുകയാണ്. സമരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സാമാന്യബുദ്ധി കാട്ടണം. തീരദേശവാസികൾ വൈകാരികമായി പ്രതികരിക്കുന്നവരാണ്. അവരെ പ്രകോപിപ്പിക്കാതെ ചർച്ച് ചെയ്ത് പരിഹരിക്കുന്നതിൽ മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഈഗോ കാട്ടുന്നത്? ഇത് രാജഭരണമോ മുഖ്യമന്ത്രി മഹാരാജാവോ അല്ല. ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധിയാണ് മുഖ്യമന്ത്രി. അങ്ങനെയുള്ള മുഖ്യമന്ത്രിക്കും സർക്കാരിനും നാല് വർഷമായി സിമന്റ് ഗോഡൗണിൽ കഴിയുന്ന പാവങ്ങളെ പുനരധിവസിപ്പിക്കാനുള്ള ബാധ്യതയുണ്ട്.
തീരദേശവാസികൾ വികസനത്തിന്റെ ഇരകളാണ്. അവരെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്നു സർക്കാർ പിന്മാറുകയാണ്. സമരം ചെയ്തതുകൊണ്ട് അദാനിക്കുണ്ടായ 200 കോടി രൂപയുടെ നഷ്ടം ലത്തീൻ സഭയിൽനിന്നും ഈടാക്കണമെന്ന സർക്കാർ തീരുമാനം നീതീകരിക്കാനാകില്ല. അങ്ങനെയെങ്കിൽ സമരം ചെയ്തതിലൂടെ 50 കൊല്ലത്തിനിടെ കേരളത്തിനുണ്ടായ നഷ്ടം സിപിഎമ്മിൽനിന്ന് ഈടാക്കേണ്ടി വരും. അക്രമസമരങ്ങളിലൂടെ സിപിഎം സംസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം നികത്താൻ എകെജി സെന്ററും സെക്രട്ടേറിയറ്റും വിറ്റാൽ പോലും തികയില്ല. എന്തിനാണ് മത്സ്യത്തൊഴിലാളികളെ സർക്കാർ ഇങ്ങനെ പ്രകോപിപ്പിക്കുന്നത്? അവർ ജീവിക്കാൻ നിവൃത്തിയില്ലാത്ത പാവങ്ങളല്ലേ. എത്രയും വേഗം അവരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ തയാറാകണമെന്നും സതീശൻ പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ