- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്ക് തൊണ്ടവേദന! പോസ്റ്റ് ഇടാത്തതിന് കാരണവും പറഞ്ഞു കൊടുക്കാൻ പറ്റാത്തതു കൊണ്ടാണോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; സർക്കാറിനെതിരെ പ്രവർത്തിക്കാൻ പുറത്തുള്ള ഏജൻസികൾ സഹായിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് മന്ത്രി ശിവൻകുട്ടി; വിഴിഞ്ഞത്ത് രാജ്യദ്രോഹവും ചർച്ചകളിലേക്ക്; ലത്തീൻ സഭ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുവോ? തുറമുഖത്ത് നിന്ന് പിന്മാറില്ലെന്ന് സർക്കാർ
തിരുവനന്തപുരം: വിഴിഞ്ഞം സെമിനാർ ഉദ്ഘ്ടനം ചെയ്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ. മുഖ്യമന്ത്രിക്ക് തൊണ്ടവേദന ആയതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും ബാലഗോപാൽ വിശദീകരിച്ചു. മുഖ്യമന്ത്രി പങ്കെടുക്കാനിരുന്നതാണ്, എത്താൻ പ്രായോഗിക ബുദ്ധിമുട്ട് വന്നുവെന്നും അത് സംബന്ധിച്ച് വിവാദങ്ങൾ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകണം എന്നും ധനമന്ത്രി പറഞ്ഞു. അതിനിടെ രണ്ടു ദിവസം മുമ്പ് യൂസഫലിയുടെ ഹോട്ടൽ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഇതിന് ശേഷം മുഖ്യമന്ത്രി പരിപാടികളിൽ പങ്കെടുത്തിട്ടില്ല.
വിഴിഞ്ഞത്തെ പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ഫെയ്‌സ് ബുക്ക് പോസ്റ്റും ഇട്ടില്ല. ഇതിനൊപ്പമാണ് സെമിനാറിൽ നിന്നും മുഖ്യമന്ത്രി വിട്ടു നിന്നത്. പൊലീസ് സ്‌റ്റേഷൻ അക്രമത്തെ ഫെയ്‌സ് ബുക്കിൽ പോലും പ്രതികരിക്കാത്തത് വലിയ ചർച്ചയായിരുന്നു. ഇതിനിടെയാണ് തൊണ്ട വേദനയെന്ന വാദമെത്തുന്നത്. തൊണ്ട വേദന കാരണം പറഞ്ഞു കൊടുക്കാൻ പറ്റാത്തതു കൊണ്ടാകും മുഖ്യമന്ത്രിയുടെ പോസ്റ്റും വരാത്തതെന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്. ഏതായാലും മുഖ്യമന്ത്രിക്ക് അസുഖമാണെന്ന് മന്ത്രി പറയുന്നു. ഒപ്പം വിഴിഞ്ഞവുമായി മുമ്പോട്ട് പോകുമെന്നും.
ജനങ്ങളുടെ ആശങ്കകൾ അകറ്റണം, എന്നാൽ സ്പർദ്ധ ഉണ്ടാക്കരുതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ചുണ്ടിനും കപ്പിനും ഇടയിൽ കാര്യങ്ങൾ എത്തി നിൽക്കുമ്പോൾ എന്തിനാണ് ഇങ്ങനെ പ്രശ്‌നം ഉണ്ടാക്കുന്നത് എന്നായിരുന്നു ധനമന്ത്രിയുടെ ചോദ്യം. വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനായി വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ എൻ ബാലഗോപാൽ. പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ധനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ശശി തരൂരും പരിപാടിയിൽ പങ്കെടുത്തില്ല.
ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്നായിരുന്നു ശശി തരൂരിന്റെ ഓഫീസ് നൽകി വിശദീകരണം. ഇതിനൊപ്പം തരൂർ ഡൽഹിയിലായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു തരൂരിന്റെ ഡൽഹി യാത്ര. സമരം സംഘർഷമായ പശ്ചാത്തലത്തിലാണ് കേരള വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന പ്രചാരണം സംഘടിപ്പിച്ചത്. വിഴിഞ്ഞത്ത് ഒരിഞ്ചും പിന്നോട്ടില്ലെന്ന് സർക്കാറും സമരസമിതിയും പ്രഖ്യാപിക്കുകയാണ് ഫലത്തിൽ. രാജ്യസ്‌നേഹമുള്ള ആർക്കും സമരത്തെ അംഗീകരിക്കാനാകില്ലെന്ന് വിദഗ്ധ സംഗമത്തിൽ മന്ത്രി വി. അബ്ദു റഹ്‌മാൻ പറഞ്ഞു. അടുത്ത സെപ്റ്റംബറിൽ ആദ്യ കപ്പലെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും പ്രഖ്യാപിച്ചു. അതേസമയം ഓഖി ദുരിതബാധിതരുടെ പുനരധിവാസം കൂടി ഉയർത്തി കൊണ്ടു വന്ന് സമരം ശക്തിപ്പെടുത്തുകയാണ് വിഴിഞ്ഞം സമരസമിതി.
വൻസംഘർഷത്തിന് ശേഷവും സർക്കാറും സമരസമിതിയും വിഴിഞ്ഞത്ത് വിട്ടുവീഴ്ചക്കില്ല. ഓഖി ദുരന്തത്തിന്റെ അഞ്ചാം വാർഷികദിനമായ ഇന്ന് സർക്കാറിനെതിരെ വഞ്ചനാ ദിനമാചരിക്കുകയാണ് ലത്തീൻസഭ. ഓഖിയിലും വിഴിഞ്ഞം പദ്ധതിയിലുമെല്ലാ സർക്കാർ തീരജനതയെ പറ്റിക്കുന്ന സമീപനമാണ് നടത്തുന്നതെന്നും പൊലീസ് നടപടിക്കും കേസിന്റെയും മുന്നിൽ മുട്ടുമടക്കില്ലെന്ന് പറഞ്ഞാണ് തുറമുഖ പദ്ധതിക്കെതിരായ സമരം കടുപ്പിക്കാനുള്ള തീരുമാനമെന്നും സമരസമിതി കൺവീനർ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പറയുന്നു. അതേസമയം ഗുരുതര ആരോപണങ്ങൾ വരെ ഉയർത്തിയാണ് സമരക്കാരെ മന്ത്രിമാർ കൂട്ടത്തോടെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്. രാജ്യത്തിന്റെ വികസന പദ്ധതിയെ ഇല്ലാത്ത കാര്യങ്ങളുടെ പേരിൽ തടസ്സപ്പെടുത്തുന്നതിന് പിന്നിൽ അജണ്ടയുണ്ടെന്നും തുറമുഖത്തിൽ പിന്നോട്ടില്ലെന്നും സർക്കാർ പറയുന്നു.
2023 സെപ്റ്റംബറിൽ മലയാളിക്കുള്ള ഓണസമ്മാനം ആയി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തും. പദ്ധതിക്കായി മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുക്കെണ്ടിവന്നിട്ടില്ല. പാരിസ്ഥിതിക ആഘാതം ഏറ്റവും കുറവായ നിലയിലാണ് നിർമ്മാണം.തീരശോഷണത്തിന് കാരണം തുറമുഖമല്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്‌സ്‌പെർട്ട് സമ്മിറ്റ് പരിപാടിയിൽ സംസാരിക്കുകായിരുന്നു മന്ത്രി. വിഴിഞ്ഞം തുറമുഖം സ്വകാര്യ വ്യക്തിയുടേത് അല്ല .അദാനി പോർട്ട് അല്ല ഇത് സർക്കാരിന്റെ പോർട്ട് ആണ്. 2011 നെക്കാൾ 2021ൽ വിഴിഞ്ഞത്ത് മത്സ്യ ലഭ്യത 16 ശതമാനം വർദ്ധിച്ചതായി സി എം എഫ് ആർ ഐപഠനം തെളിയിക്കുന്നുണ്ട്. .സാമ്പത്തിക മേഖലയിൽ തുറമുഖമുണ്ടാക്കുന്ന ഉണർവ് ചെറുതായിരിക്കില്ല - മന്ത്രി അഹമ്മദ് ദേവർകോവിൽ വിശദീകരിക്കുന്നു.
വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള പരിശ്രമമാണ് സമരക്കാർ നടത്തുന്നത്. സർക്കാറിനെതിരെ പ്രവർത്തിക്കാൻ പുറത്തുള്ള ഏജൻസികൾ സഹായിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുരോഹിതന്മാർ പല കാരണങ്ങൾ പറഞ്ഞ് സമരത്തിന് നിർബന്ധിക്കുകയാണ്. കേസിൽ കുടുങ്ങിയാൽ ബുദ്ധിമുട്ട് അനുഭവിക്കുക സാധാരണ മത്സ്യത്തൊഴിലാളികളാണ്. കേസ് നടത്താൻ ഏതെങ്കിലും പുരോഹിതർ ഉണ്ടാകുമോ? ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പരിചയമുള്ള ഏതോ ശക്തികൾ ആക്രമണത്തിന് പിന്നിലുണ്ട്. - മന്ത്രി ശിവൻകുട്ടി പറയുന്നു.
അതിനിടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം നൽകി.എല്ലാ ജില്ലകളിലും പൊലിസ് വിന്യാസം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകി.അവധിയിലുള്ളവർ തിരിച്ചെത്തണം.തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണം . മുഴുവൻ പൊലിസുകാരും ഡ്യൂട്ടിയിലുണ്ടാകണം.: ഡിഐജി മാരും ഐജിമാരും നേരിട്ട് കാര്യങ്ങൾ നിരിക്ഷിക്കണമെന്നും എഡിജിപി നിർദ്ദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ