തിരുവനന്തപുരം: അന്ന് വിഴിഞ്ഞം ദേശാഭിമാനിയ്ക്ക് കടല്‍ക്കൊള്ളയായിരുന്നു. ഇന്ന് വികസന തീരവും. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയായിരുന്നു വിഴിഞ്ഞത്തിന് മുന്‍കൈയ്യെടുത്തത്. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ സഹകരണത്തോടെ അദാനിയെ നിര്‍മ്മാണത്തിന് എത്തിച്ചു. അന്ന് വിഴിഞ്ഞത്തെ കടല്‍ക്കൊള്ളയെന്നായിരുന്നു ദേശാഭിമാനി വിശേഷിപ്പിച്ചത്. എന്നാല്‍ ഇന്ന് വികസന തീരമാകുന്നു. വിഴിഞ്ഞത്തെ ഇടതു മുന്നണിയുടെ നേട്ടമാക്കുന്നു. ഇതിനെ ഫെയ്‌സ് ബുക്കിലൂടെ തുറന്നു കാട്ടുന്നത് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ്. വാചസ്പതിയുടെ പോസ്റ്റ് വൈറലാകുകയാണ്.

ചരിത്ര നിമിഷത്തിലേക്ക് നങ്കൂരമിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്ന് പോലും ഇപ്പോള്‍ ദേശാഭിമാനി വാര്‍ത്ത നല്‍കുന്നു. ആദ്യ മദര്‍ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോ തീരം തൊട്ടു. രാവിലെ ഏഴോടെ ഔട്ടര്‍ ഏരിയയിലെത്തിയ സാന്‍ ഫെര്‍ണാണ്ടോ ഒന്‍പതോടെ തുറമുഖത്ത് അടുപ്പിച്ചു. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് കപ്പലിനെ സ്വീകരിച്ചത്. കപ്പലിനെ സ്വീകരിക്കാന്‍ ധാരാളം പ്രദേശ വാസികളുമെത്തിയിരുന്നു. ചെണ്ട കൊട്ടിയും ആര്‍പ്പുവിളിച്ചും ജനക്കൂട്ടവും കപ്പലിനെ സ്വീകരിച്ചു. ഉദ്യോഗസ്ഥരടങ്ങിയ ടഗ് ബോട്ടുകളാണ് മദര്‍ഷിപ്പിനെ സ്വീകരിച്ചത്. കപ്പലിനുള്ള ഔദ്യോഗിക സ്വീകരണം നാളെ 10ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ഈ പശ്ചാത്തലത്തിലാണ് വിഴിഞ്ഞത്തെ ദേശാഭിമാനിയുടെ ആഘോഷം

ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ കപ്പലാണ് സാന്‍ ഫെര്‍ണാണ്ടോ. ജൂലൈ 2നാണ് സിയാമെനില്‍നിന്ന് കപ്പല്‍ പുറപ്പെട്ടത്. 2000 കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. ഇതിനിടെയാണ് ദേശാഭിമാനിയുടെ നിലപാട് മാറ്റം ബിജെപി നേതാവ് ചര്‍ച്ചയാക്കുന്നത്.

സന്ദീപ് വാചസ്പതിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

ഛര്‍ദ്ദില്‍ വാരി വിഴുങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ പക്ഷേ ചിലര്‍ക്ക് കഴിയും. അവരുടെ പേരാണ് കമ്മ്യൂണിസ്റ്റുകള്‍. സര്‍ സി പി രാമസ്വാമി അയ്യര്‍ വിഭാവനം ചെയ്തതാണ് വിഴിഞ്ഞം തുറമുഖം. എം.വി രാഘവന്‍, ഉമ്മന്‍ചാണ്ടി എന്നിവരുടെ പരിശ്രമവും നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇടപെടലും മൂലമാണ് പദ്ധതി യാഥാര്‍ഥ്യമായത്. നിരവധി അപവാദങ്ങളും കുപ്രചരണങ്ങളും മറികടന്ന് ഒരു നാടിന്റെ സ്വപ്നത്തിന് കൂട്ടു നിന്ന അദാനിയുടെ നിശ്ചയദാര്‍ഢ്യമാണ് പദ്ധതിക്ക് ജീവന്‍ നല്‍കിയത്. മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട പദ്ധതി മുന്നോട്ട് കൊണ്ടു പോവുക എന്നത് പിന്നീട് വരുന്ന ഓരോ ഭരണകൂടത്തിന്റെയും ബാധ്യതയാണ്. (കരാര്‍ പാലിച്ചില്ല എങ്കില്‍ ഭീമമായ നഷ്ടപരിഹാരം കേരള സര്‍ക്കാര്‍ അദാനിക്ക് നല്‍കേണ്ടി വരും.) അത് നിറവേറ്റുക മാത്രമാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്. പക്ഷേ കേരള വികസനം പതിറ്റാണ്ടുകളോളം വൈകിപ്പിച്ചവര്‍ എന്ന ദുഷ്‌പേര് എത്ര അച്ച് നിരത്തിയാലും മായ്ക്കാനാവില്ല. വരും തലമുറ നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ല.

ദേശാഭിമാനിയുടെ ഇന്നത്തെ വാര്‍ത്ത ചുവടെ

വികസനതീരമുണരുന്നു ; വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പലെത്തി
സ്വന്തം ലേഖകന്‍ Thu, 11 Jul 2024 02:19AM IST
തിരുവനന്തപുരം: രാജ്യം കാത്തിരിക്കുന്ന നിമിഷം ഒരുനാള്‍ അകലെ. വെള്ളി രാവിലെ 10ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയല്‍ റണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ബുധന്‍ രാത്രി തീരമണഞ്ഞ ആദ്യ ചരക്കുകപ്പല്‍ സാന്‍ ഫെര്‍നാണ്ടോയില്‍നിന്ന് വ്യാഴം രാവിലെമുതല്‍ കണ്ടെയ്നര്‍ ഇറക്കിത്തുടങ്ങും. 2000 കണ്ടെയ്നറാണ് ഇറക്കാനുള്ളത്.

കപ്പില്‍നിന്ന് ക്രെയിനിന്റെ സഹായത്തില്‍ ഇറക്കുന്ന കണ്ടെയ്നറുകള്‍ ഇന്റര്‍ ട്രാന്‍സിറ്റ് വെഹിക്കിളി(ഐടിവി)ല്‍ കയറ്റി യാര്‍ഡുകളിലേക്ക് മാറ്റും. ഒരുസമയം ഏഴായിരം കണ്ടെയ്നര്‍ ഇറക്കിവയ്ക്കാനുള്ള യാര്‍ഡ് തുറമുഖത്തുണ്ട്. കണ്ടെയ്‌നര്‍ ഇറക്കാനും കപ്പലിലേക്ക് കയറ്റാനുമായി 31 ക്രെയിനുകളുണ്ട്. 23 എണ്ണം യാര്‍ഡ് ക്രെയിനുകളും എട്ടെണ്ണം ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുമാണ്. യാര്‍ഡ് ക്രെയിനുകള്‍ മുഴുവന്‍ ഓട്ടോമാറ്റിക്കും ഷിപ്പ് ടു ഷോര്‍ ക്രെയിനുകള്‍ പകുതി ഓട്ടോമാറ്റിക്കുമാണ്. തുറമുഖത്തെ റിമോട്ട് കണ്‍ട്രോള്‍ ഓപ്പറേറ്റിങ് ഡെസ്‌കാണ് ഇവ പ്രവര്‍ത്തിപ്പിക്കുക. ഓപ്പറേഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് സ്വീഡനില്‍നിന്ന് ഇറക്കുമതി ചെയ്തതാണ്. 16 കാമറ ഓരോ ക്രെയിനിലുമുണ്ട്. ഏറ്റവും അത്യാധുനിക സംവിധാനമാണിത്.

ട്രയല്‍ റണ്‍ ഒരുക്കം തുറമുഖ മന്ത്രി വി എന്‍ വാസവന്‍ വിലയിരുത്തി. കപ്പല്‍ നാല് ടഗ്ഗുകളുടെ സഹായത്തോടെ തുറമുഖത്തേക്ക് കൊണ്ടുവരും. കണ്ടെയ്നര്‍ ഇറക്കി വെള്ളി വൈകിട്ടോടെ സാന്‍ ഫെര്‍നാണ്ടോ തിരിച്ചുപോകും. ശനി മുതല്‍ ഫീഡര്‍ വെസലുകള്‍ വന്നുതുടങ്ങും. ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി.

80 ശതമാനം നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയാക്കിയത് എല്‍ഡിഎഫ്

വിഴിഞ്ഞം തുറമുഖത്തിന്റെ 80 ശതമാനം നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരുകളാണെന്ന് മന്ത്രി വി എന്‍ വാസവന്‍. വെള്ളിയാഴ്ച മദര്‍ഷിപ്പ് എത്തുന്നതോടെ പദ്ധതി യാഥാര്‍ഥ്യമാകും. ചോദ്യോത്തരവേളയില്‍ പദ്ധതിയുടെ പിതൃത്വം ഉമ്മന്‍ ചാണ്ടിക്കാണെന്ന എം വിന്‍സെന്റിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് കുമാര്‍ കമ്മിറ്റിയാണ് ആദ്യം പഠനം നടത്തിയത്. എ കെ ആന്റണി സര്‍ക്കാര്‍ ടെന്‍ഡര്‍ നടപടി സ്വീകരിച്ചെങ്കിലും ഇത് ലഭിച്ച ചൈനീസ് കമ്പനിക്ക് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്നുവന്ന വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിലെ തുറമുഖ വകുപ്പ് ചുമതലയിലുണ്ടായിരുന്ന എം വിജയകുമാര്‍ പദ്ധതി പുനരുജ്ജീവിപ്പിച്ചു. അത്തവണ ആന്ധ്രാ കമ്പനിക്കാണ് ടെന്‍ഡര്‍ ലഭിച്ചത്. പക്ഷേ കോടതി നടപടികള്‍ മൂലം അത് ഉപേക്ഷിച്ചു. പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അദാനിയുമായി കരാറില്‍ ഏര്‍പ്പെട്ടതൊഴിച്ചാല്‍ ഒന്നുംചെയ്തില്ല. പദ്ധതിയുമായി മുന്നോട്ടു പോയത് എല്‍ഡിഎഫ് സര്‍ക്കാരുകളാണ്.

ട്രയല്‍റണ്‍ ഉദ്ഘാടനച്ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ലെന്ന പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാനും സഭയെ അറിയിച്ചു.