കൊച്ചി: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ അദാനിയുടെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ സാവകാശം തേടിയതോടെയാണ് കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. പരിമിതമായ കാര്യങ്ങൾ കോടതിയെ അറിയിച്ചശേഷം വിശദമായ സത്യവാങ്മൂലം വെള്ളിയാഴ്ച നൽകാമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖനിർമ്മാണത്തിന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജിയാണ് ഹൈക്കോടി സിംഗിൾ ബെഞ്ച് പരിഗണിച്ചത്.

സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാർ എന്ത് ചെയ്തെന്ന് കോടതി ചോദിച്ചു. ലഹളയുണ്ടാക്കിയവരെ അറസ്റ്റ് ചെയ്യാത്തതെന്തെന്നും കോടതി ആരാഞ്ഞു. അതിനിടെ, കേന്ദ്രസേന വന്നാലും ഇതൊക്കെ തന്നെയായിരിക്കും സംഭവിക്കുകയെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ഇതിനെ കേന്ദ്രം എതിർത്തു. കേന്ദ്രസേന വന്നാൽ എന്തുസംഭവിക്കമെന്നും എങ്ങനെയിടപെടുമെന്നും സംസ്ഥാനമല്ല ഹൈക്കോടതിയിൽ വിശദീകരിക്കേണ്ടതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

രൂക്ഷ വിമർശനങ്ങളെ പ്രതിരോധിക്കാനായിരുന്നു കോടതിയിൽ സംസ്ഥാന സർക്കാരിന്റെ ശ്രമം. നടപടിക്കായി കോടതി നിർദ്ദേശം കാത്തിരിക്കേണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഞായറാഴ്ച നടന്ന അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവരേയും പ്രേരിപ്പിച്ചവരേയും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു. നിങ്ങൾ എന്ത് നടപടിയാണ് എടുത്തതെന്ന് സ്റ്റേറ്റ് അറ്റോർണിയോട് കോടതി ചോദിച്ചു. കോടതി നിർദ്ദേശത്തിന് അനുസരിച്ച് മുന്നോട്ടുപോകാമെന്നായിരുന്നു ഇതിന് സർക്കാരിന്റെ മറുപടി.

എന്നാൽ, ക്രമസമാധാനപ്രശ്നവും നിയമലംഘനവുമുണ്ടായാൽ ആരും കോടതിയെ കാത്തിരിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി. സർക്കാരും പൊലീസും അവരിൽ അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റണമെന്നും ഇത്തരംകാര്യങ്ങൾ കോടതിയുടെ തലയിൽ വെക്കേണ്ടതില്ലെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. കൃത്യമായ നടപടിയെടുത്ത് അതിന്റെ റിപ്പോർട്ട് നൽകാനും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഇതിനിടെയാണ് വിശദമായ സത്യവാങ്മൂലത്തിന്റെ പേരിൽ കേസ് മാറ്റി വയ്ക്കുന്നത്.

ഞായറാഴ്ചയുണ്ടായ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ 3,000ത്തോളം പേർ ഉണ്ടായിരുന്നെന്നും 40 പൊലീസുകാർക്ക് പരിക്കേറ്റുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി. ഇത്തരം വിവരങ്ങളെല്ലാം സത്യവാങ്മൂലമായി സമർപ്പിക്കാമെന്ന് സർക്കാർ കോടതിയിൽ നിലപാട് എടുത്തു. സംഘർഷത്തെത്തുടർന്നുണ്ടായ നഷ്ടം പ്രതിഷേധക്കാരിൽ നിന്നും ഈടാക്കുമെന്നും പരിക്കേറ്റ സ്റ്റേഷൻ ഹൗസ് ഓഫീസറടക്കം ചികിത്സയിലാണെന്നും അറിയിച്ചു. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിഴിഞ്ഞം സമരത്തിൽ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന വാദമാണ് ഇന്ന് അദാനി ഗ്രൂപ്പ് ഉന്നയിച്ചത്. പൊലീസിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. മാസങ്ങളായി നിർമ്മാണപ്രവൃത്തികൾ തടസ്സപ്പെട്ടതിനെത്തുടർന്ന് കോടികളാണ് തങ്ങൾക്ക് നഷ്ടമെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ പറഞ്ഞു. സംസ്ഥാന സർക്കാരിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. യുക്തിരഹിതമായാണ് സമരക്കാർ പെരുമാറുന്നത്. ഞായറാഴ്ചത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യം അദാനി ശക്തമാക്കി.

വിഴിഞ്ഞത്തേത് വലിയക്രമസമാധാന പ്രശ്നമെന്ന് അദാനി ചൂണ്ടിക്കാട്ടി. തുറമുഖനിർമ്മാണത്തിന് സാധനങ്ങളുമായി എത്തിയ ലോറി തടഞ്ഞപ്പോൾ പൊലീസ് കാഴ്ചക്കാരായി. നിയമം കയ്യിലെടുക്കാൻ വൈദികരടക്കം നേതൃത്വം നൽകുന്നു. സ്വന്തം നിയമംനടപ്പാക്കുന്ന ഒരു കൂട്ടരാണ് വിഴിഞ്ഞത്തേത്. രാജ്യത്തെ നിയമസംവിധാനത്തെ ഇവർ വിലകൽപ്പിക്കുന്നില്ലെന്നും അദാനി ഗ്രൂപ്പ് കോടതിയിൽ പറഞ്ഞു.