തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തി വരുന്ന അതിജീവന സമരം ദുരിതത്തിലാക്കുന്നത് പൊലീസുകാരെ. കഴിഞ്ഞ ദിവസം 1200 പൊലീസുകാരെയാണ് വിഴിഞ്ഞത്ത് നിയോഗിച്ചത്. മത്സ്യ തൊഴിലാളികൾ അക്രമാസക്തരാകുമ്പോഴും പൊലീസിന് കാഴ്ചക്കാരാനാകാനേ കഴിയുന്നുള്ളൂ. സമരക്കാരോട് പ്രകോപനം വേണ്ടെന്നതാണ് സർക്കാർ നിലപാട്. ഇതു കാരണമാണ് പരിധി വിടുന്ന സമരത്തിൽ പൊലീസ് ഇടപെടലുകൾ ഉണ്ടാകാത്തത്. പൊലീസുകാരേയും മാധ്യമ പ്രവർത്തകരേയും സമരക്കാർ പലപ്പോഴും കൈയേറ്റം ചെയ്യുന്ന സ്ഥിതിയുമുണ്ട്. ഈ ഘട്ടത്തിൽ പോലും വെറും കാഴ്ചക്കാരാണ് പൊലീസ്. ഇത് സേനയ്ക്കുള്ളിലും അമർഷമായി മാറുന്നുണ്ട്. വിഴിഞ്ഞത്തു നിന്ന് അദാനിയെ കെട്ടുകെട്ടിക്കുമെന്നാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യം. ഇതിൽ വേദനയും കഷ്ടതയും അനുഭവിക്കുന്നത് പൊലീസുകാർ മാത്രമാണ്.

വിഴിഞ്ഞം തുറമുഖ നിർമ്മാണം അട്ടിമറിക്കപ്പെട്ടൽ അദാനിക്ക് സംസ്ഥാന സർക്കാർ നഷ്ടം നൽകേണ്ടി വരും. അതുകൊണ്ട് തന്നെ അവർക്ക് ഒരു നഷ്ടവും സംഭവിക്കില്ല. കരാറിൽ തന്നെ അതിനുള്ള വ്യവസ്ഥകളുണ്ട്. ബിഒടി പ്രകാരമുള്ള നിർമ്മാണമായതു കൊണ്ടു തന്നെ മുടക്കു മുതലും പലിശയും കിട്ടുമെന്ന് അദാനിക്ക് അറിയാം. ശ്രീലങ്കയിലേയും തൂത്തുകുടിയിലേയും തുറമുഖങ്ങൾക്ക് വേണ്ടിയാണ് വിഴിഞ്ഞത്തെ സമരമെന്ന വാദവും ശക്തമാണ്. കേരളത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയെ ലത്തീൻ സഭയുടെ കരുത്തിൽ മത്സ്യത്തൊഴിലാളികൾ അട്ടിമറിക്കുന്നുവെന്നതാണ് വസ്തുത. സ്ത്രീകളേയും കുട്ടികളേയും പോലും ഇതിന് പ്രതിഷേധ വഴിയിൽ നിറയ്ക്കുകയാണ് സമരക്കാർ. അതുകൊണ്ട് തന്നെ പൊലീസിന് കരുതലുകൾ ഏറെ എടുക്കേണ്ടിയും വരുന്നു.

തിരുവനന്തപുരം മുതൽ തൃശൂർ വരെ ജില്ലകളിലുള്ള പൊലീസുകാരെ സമര സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. പൊലീസ് സ്‌റ്റേഷൻ ഡ്യൂട്ടിയിലുള്ളവരാണ് ഏറെയും. സാധാരണ സമരങ്ങൾക്ക് ക്യാമ്പുകളിലെ പൊലീസുകാരെയാണ് നിയോഗിക്കാറുള്ളത്. എന്നാൽ വിഴിഞ്ഞത്ത് പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കൂടുതൽ പക്വതയുള്ള സ്റ്റേഷനിലെ പൊലീസുകാരെ എത്തിച്ചത് സർക്കാരിന്റെ കരുതലിന്റെ ഭാഗമാണ്. ഇതോടെ നെറ്റ് പെട്രോളും കോടതി ഡ്യൂട്ടിയും എല്ലാം ചെയ്യുന്ന പൊലീസുകാർ ആ ഡ്യൂട്ടിയൊന്നും ചെയ്യാതെ വിഴിഞ്ഞത്ത് കാത്തു കിടക്കുന്നു. സമൻസ് കൊടുക്കാൻ പോലും പൊലീസ് ഇല്ലാത്ത അവസ്ഥയിലാണ് തിരുവനന്തപുരത്തെ സ്റ്റേഷനുകൾ. അങ്ങനെ എല്ലാ അർത്ഥത്തിലും സ്റ്റേഷനുകളുടെ പ്രവർത്തനം താളം തെറ്റുന്നു. പക്ഷേ വിഴിഞ്ഞത്ത് ഈ പൊലീസിനുള്ളത് കാഴ്ചക്കാരുടെ റോൾ മാത്രവും.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സംരക്ഷണം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശം പോലും പൊലീസിന് പാലിക്കാൻ കഴിയുന്നില്ല. സമര പന്തലും ആരും പൊളിച്ചു മാറ്റിയില്ല. ഇതും കോടതി നിർദ്ദേശത്തിന് എതിരാണ്. ഇങ്ങനെ കോടതിയേയും നിയമത്തേയും വെല്ലുവിളിക്കുന്ന പലതും വിഴിഞ്ഞത്ത് നടക്കുന്നുണ്ട്. അതും കണ്ടില്ലെന്ന് നടിക്കേണ്ട അവസ്ഥയാണ് പൊലീസിനുള്ളത്. മൂത്രമൊഴിക്കാനുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാതെയാണ് പൊലീസുകാർ വിഴിഞ്ഞത്ത് കാവൽ കിടക്കുന്നത്. ചില ഉന്നത ഉദ്യോഗസ്ഥർക്ക് രാപകലില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു.

നഗരത്തിലെ ക്രമസമാധാന പ്രശ്‌നങ്ങളിൽ പോലും ഇവർക്ക് ശ്രദ്ധ കൊടുക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇതിനൊപ്പം വിഴിഞ്ഞത്തെ സ്ഥിതി സ്‌ഫോടനാത്മകവുമാണ്. സർക്കാർ നിർദ്ദേശമുള്ളതു കൊണ്ട് പൊലീസിന് ഇടപെടൽ നടത്താനും കഴിയുന്നില്ല. സംശയം തോന്നിയാൽ പൊലീസുകാരെ പോലും സമരക്കാർ കൈയേറ്റം ചെയ്യുന്നു. പ്രശ്‌നമുണ്ടാക്കുന്നവരെ അറസ്റ്റു ചെയ്യാനോ നടപടി എടുക്കാനോ പൊലീസിന് സർക്കാർ നിർദ്ദേശം കാരണം കഴിയുന്നതുമില്ല. ഇങ്ങനെ ദുരിത്തതിനൊപ്പം നാണക്കേടും പൊലീസിനു വിഴിഞ്ഞത്തുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങൾ ഏറെ വിഴിഞ്ഞത്തുണ്ടെന്ന് പൊലീസും സമ്മതിക്കുന്നുണ്ട്. ഇതിനെ ഫലപ്രദമായി നേരിടാതെ കാഴചക്കാരുടെ റോളിൽ നിൽക്കുന്നിടത്താണ് പൊലീസുകാരുടെ വേദന.

വിഴിഞ്ഞം പ്രക്ഷോഭത്തിന്റെ 100-ാം ദിവസമായ ഇന്നലെ കടലിലും കരയിലും ശക്തമായ പ്രതിഷേധമാണ് നടന്നത്. രാവിലെ 10 മണിയോടെ കരയിലൂടെ എത്തിയ നൂറു കണക്കിന് പേർ തുറമുഖ കവാടമായ മുല്ലൂരിൽനിന്ന് തുറമുഖ നിർമ്മാണ മേഖലയിലേക്ക് മാർച്ച് നടത്തി. ഇതേ സമയം തന്നെ നൂറിലധികം വള്ളങ്ങൾ കടലിൽ തുറമുഖം ഉപരോധിച്ച് സമരം ശക്തിപ്പെടുത്തി. രാവിലെ വിവിധ ഇടവകകളിൽനിന്ന് മുല്ലൂരിലെ സമരപ്പന്തലിൽ എത്തിയ മത്സ്യത്തൊഴിലാളികൾ സമരപ്പന്തലിന് സമീപത്തെയും രണ്ടാം നിരയിലെയും ബാരിക്കേഡുകൾ തള്ളി മാറ്റിയും നിർമ്മാണ പ്രദേശത്തെ പൂട്ടിയിട്ടിരുന്ന ഗേറ്റിന്റെ പൂട്ട് പൊളിച്ചുമാണ് തുറമുഖ നിർമ്മാണ മേഖലയിലേക്കും പുലിമുട്ടിന്റെ ഭാഗത്തേക്കും മാർച്ച് ചെയ്തത്.

ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ ബാരിക്കേഡുകളിൽ ചിലത് തള്ളിക്കൊണ്ട് വന്ന് കടലിലെറിഞ്ഞു. കടലിൽ സമരം ചെയ്ത വള്ളങ്ങളിലൊന്ന് കടലിലിട്ടു കത്തിച്ചും സമരത്തിനോടുള്ള സർക്കാർ അവഗണനക്കെതിരേ മത്സ്യത്തൊഴിലാളികൾ ശക്തമായ പ്രതിഷേധമുയർത്തി. പലപ്പോഴും പ്രതിഷേധക്കാർ പൊലീസിനോട് തട്ടിക്കയറി. മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തു. ദൃശ്യങ്ങൾ പുറത്തു വരാതിരിക്കാനായിരുന്നു ഇതെല്ലാം. പൊലീസ് വലിയ സംയമനം പാലിച്ചാണ് പ്രശ്‌നങ്ങളൊഴിവാക്കുന്നത്. വിഴിഞ്ഞം ഇടവക വികാരി ഫാ. മെൽക്കണിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം മേഖലയിലെ മത്സ്യത്തൊഴിലാളികൾ കരുംപള്ളി വഴി മാർച്ച് ചെയ്ത് തുറമുഖത്തിനുള്ളിൽ പ്രവേശിച്ചതോടെ പ്രദേശം ജനസാഗരമായി.

ഇതിനിടെ, പുതിയ തുറ, പുല്ലുവിള, വിഴിഞ്ഞം എന്നിവിടങ്ങളിൽനിന്ന് കടൽ മാർഗം നൂറോളം വള്ളങ്ങളിൽ എത്തിയ പ്രതിഷേധക്കാർ നിർമ്മാണ മേഖലയിലെ കടലിൽ തമ്പടിച്ചു. കടലിലെ സമരം പാളയം ഫെറോനാ വികാരി മോൺ നിക്കോളാസ്. ടി ഫ്ളാഗ് ഓഫ് ചെയ്തു. ഉച്ചഭാഷിണി വഴിയുള്ള പ്രസംഗങ്ങളും പാട്ടുകളും മുദ്രാവാക്യം വിളികളുമായി മുന്നേറിയ വള്ളക്കാരെ കരയിൽ നിന്നെത്തിയവർ അഭിവാദ്യം ചെയ്താണു മടങ്ങിയത്.

പൊലീസുമായുണ്ടായ വാക്കുതർക്കങ്ങൾ സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചെങ്കിലും പൊലീസ് സംയമനം പാലിച്ചും വൈദികരും സമരസമിതി നേതാക്കളും ഇടപെട്ടും രംഗം ശാന്തമാക്കി. പൊലീസുകാർക്ക് ദേഹോപദ്രവങ്ങളുമുണ്ടായി.