തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതികളിൽ ഒന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കേന്ദ്ര ക്സ്റ്റംസിന്റെ അംഗീകാരം ലഭിച്ചു. വിഴിഞ്ഞത്തിന് കസ്റ്റംസ് പോർട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ് മന്ത്രി വി.എൻ വാസവനാണ് അറിയിച്ചത്. സെക്ഷൻ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഇതോടെ കയറ്റുമതിയും ഇറക്കുമതിക്കുമതിയും സാധ്യമാവുന്ന നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറി. ഇതു സംബന്ധിച്ച് കേന്ദ്ര കസ്റ്റംസ് മന്ത്രാലയം മുന്നോട്ടുവച്ച മാർഗനിർദ്ദേശങ്ങൾ പൂർത്തീകരിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്.

ഓഫീസ് സൗകര്യങ്ങൾ, കെട്ടിടങ്ങൾ കപ്യൂട്ടർ സംവിധാനം, മികച്ച സർവ്വർ റൂം ഫെസിലറ്റി, തുടങ്ങി 12 മാർഗ നിർദ്ദേശങ്ങളാണ് കസ്റ്റംസ് മുന്നോട്ടു വച്ചിരുന്നത്. ഇതെല്ലാം പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ വിഴിഞ്ഞത്തിന് സാധ്യമായതോടെയാണ് അംഗീകാരം ലഭിച്ചത്. ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരമാണ് ഇതുവഴി വിഴിഞ്ഞത്തിന് ലഭിക്കുന്നത്.

ഇനി സെക്ഷൻ 8 , സെക്ഷൻ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോർട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്. ഇതിനുവേണ്ട സജ്ജീകരണങ്ങളും പോർട്ടിൽ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിൽ നിന്ന് നേരത്തെ ലഭിച്ചിരുന്നു.

(ഒരു കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് ചരക്കുകൾ മാറ്റിയശേഷം ചരക്കുനീക്കം നടത്തുന്ന തുറമുഖമാണ് ട്രാൻസ്ഷിപ്പ്‌മെന്റ് പോർട്ട്.) ഇന്ത്യയുടെ പ്രാദേശിക ഭാഗങ്ങളിൽ നിന്ന് ചെറുകപ്പലുകളിലെത്തുന്ന ചരക്കുകൾ/കണ്ടെയ്‌നറുകൾ വിഴിഞ്ഞത്തു വച്ച് വമ്പൻ മദർഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് അയക്കാനാകും. വിദേശത്തുനിന്ന് മദർഷിപ്പുകളിലെത്തുന്ന കണ്ടെയ്‌നറുകൾ വിഴിഞ്ഞത്തുവച്ച് ചെറുകപ്പലുകളിലേക്ക് മാറ്റി പ്രാദേശിക തുറമുഖങ്ങളിലേക്കും അയക്കാം.

ഒന്നാം ഘട്ട നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ട്രയൽ റണ്ണിന് സജ്ജമായിട്ടുണ്ട്. ഓണസമ്മാനമായി തുറമുഖത്തിന്റെ ഉദ്ഘാടനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം അവസാനത്തോടെ വ്യാവസായികാടിസ്ഥാനത്തിലും തുറമുഖം പ്രവർത്തനം തുടങ്ങും. തുറമുഖ നിർമ്മാണത്തിന്റെ ഭൂരിഭാഗം നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. ഡ്രെജിങ് പ്രവർത്തനങ്ങൾ 98 ശതമാനവും ബ്രേക്ക് വാട്ടർ നിർമ്മാണം 92 ശതമാനവും കണ്ടെയ്നർ യാർഡിന്റെ നിർമ്മാണം 74 ശതമാനവും കഴിഞ്ഞു. തുറമുഖത്തിനാവശ്യമായ ക്രെയിനുകളും ടഗ്ഗുകളും മറ്റ് ഉപകരണങ്ങളും തുറമുഖത്തെത്തി. കെട്ടിടങ്ങളുടെ നിർമ്മാണവും അവസാനഘട്ടത്തിലാണ്.

തുറമുഖത്തിന്റെ ഒന്നാം ഘട്ടം നിർമ്മാണം പൂർത്തിയാകുന്നതോടെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ നിർമ്മാണവും ഉടൻ ആരംഭിക്കും. നേരത്തെ 2045ൽ പൂർത്തിയാക്കാനിരുന്ന ഈ ഘട്ടങ്ങൾ നാല് വർഷങ്ങൾക്കുള്ളിൽ (2028ൽ) പൂർത്തിയാക്കാനാണ് പദ്ധതി. ഇതോടെ ലോകോത്തര നിലവാരത്തിലുള്ള ഭൗതിക സാഹചര്യങ്ങളോടെ തുറമുഖം പൂർണമായും പ്രവർത്തന സജ്ജമാകും. നിലവിൽ 800 മീറ്റർ നീളത്തിലുള്ള ബെർത്ത് സൗകര്യമാണ് തുറമുഖത്ത് ഒരുക്കിയിരിക്കുന്നത്. ഇത് 1200 മീറ്റർ കൂടി വർധിപ്പിച്ച് 2000 മീറ്ററാക്കും. കപ്പലുകൾക്ക് സുരക്ഷിതമായി തീരമടുക്കാൻ തിരമാലകളെ ശാന്തമാക്കാനായി നിർമ്മിക്കുന്ന പുലിമുട്ട് രണ്ട് കിലോമീറ്റർ നീളത്തിൽ തയ്യാറായി. ഇത് ഒരു കിലോമീറ്റർ കൂടി നീട്ടും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് നാല് വർഷത്തിനുള്ളിൽ കുറഞ്ഞത് 10,000 കോടി രൂപയുടെ നിക്ഷേപമെങ്കിലും സംസ്ഥാനത്ത് എത്തുമെന്ന് വിസിൽ എം.ഡി ദിവ്യ എസ് അയ്യർ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന കപ്പലുകൾ സൃഷ്ടിക്കുന്ന വ്യവസായങ്ങളിൽ നിന്നുള്ള വരുമാനവും സർക്കാരിന് ലഭിക്കുന്ന നികുതിയും രാജ്യത്തിന്റെ പുരോഗതിയിൽ വലിയ മാറ്റമുണ്ടാക്കും. ലോക കപ്പൽ കമ്പനികളും അനുബന്ധ വ്യവസായ സ്ഥാപനങ്ങളും വിഴിഞ്ഞത്ത് സജീവമാകുന്നതോടെ വലിയ തൊഴിൽ വിപണിയും തുറക്കും.

ആദ്യഘട്ടം പൂർത്തിയാകുമ്പോൾ തുറമുഖത്ത് നേരിട്ട് 600 പേർക്കും അല്ലാതെ 1000 പേർക്കും തൊഴിൽ ലഭിക്കും. പൂർണമായും പ്രവർത്തന സജ്ജമാകുമ്പോൾ നേരിട്ട് 1000 പേർക്കും അല്ലാതെ 2000 പേർക്കും തൊഴിൽ ലഭ്യമാകും. കൂടാതെ തുറമുഖവുമായി ബന്ധപ്പെട്ട മറ്റ് വ്യവസായങ്ങളിലും ആയിരക്കണക്കിന് പേർക്ക് ജോലി കിട്ടും. ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലാകും കൂടുതൽ തൊഴിലുകൾ ലഭ്യമാകുക.

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ചരക്കു നീക്കം സുഗമമാക്കുന്നതിനും തിരുവനന്തപുരം നഗരത്തിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിനുമായി നിർമ്മിക്കുന്ന നാവായിക്കുളം-വിഴിഞ്ഞം ഔട്ടർ റിങ് റോഡും വലിയ മാറ്റങ്ങളുണ്ടാക്കും. റോഡിന് ചുറ്റുമായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറിന്റെ പദ്ധതി നടത്തിപ്പിനുള്ള അന്തിമ രൂപരേഖയ്ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉടൻ ചേരുന്ന ഉന്നതതല യോഗത്തിൽ തീരുമാനമാകും. എട്ട് സാമ്പത്തിക മേഖലകളായി തിരിച്ച് 34,000 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടത്താൻ ഉദ്ദേശിക്കുന്നത്.

പൊതു സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി) നിർമ്മിക്കുന്നതിനാൽ സർക്കാരിന് ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടാകില്ല. സ്വകാര്യ നിക്ഷേപകർക്ക് മികച്ച നിക്ഷേപ സാധ്യതയും തെളിയും. 78 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന റോഡിന്റെ സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുകയാണ്. റോഡ് നിർമ്മാണത്തിനൊപ്പം വ്യവസായ പദ്ധതികളും മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ആലോചിക്കുന്നത്.