- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചർച്ചകൾ വഴിമുട്ടി നിൽക്കവേ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പരിശോധിക്കാൻ മോണിറ്ററിങ് കമ്മറ്റി വേണമെന്ന ആവശ്യം മുന്നോട്ടു വെച്ച് മാർ ക്ലീമീസ്; ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ കമ്മറ്റിയെന്ന ആവശ്യത്തിന് യെസ് മൂളി സർക്കാറും; വിഴിഞ്ഞം സമരത്തിന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ അവസാനമാകും; ക്ലീമീസ് ബാവയുടെ ഇടപെടൽ തീരദേശത്ത് സമാധാനം കൊണ്ടുവരുമ്പോൾ
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് ഇന്ന് വൈകുന്നേരത്തോടെ അവസാനമാകും. തുറമുഖ നിർമ്മാണവുമായി അദാനിക്ക് മുന്നോട്ടു പോകാൻ സാധിക്കുന്നതിനൊപ്പം തന്നെ തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളിലും പരിഹാരമാകും. ഇത് സംബന്ധിച്ച സമവായ ഫോർമുലകൾ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. കർദിനാൾ മാർ ക്ലീമീസ് ബാവയുടെ നേതൃത്വത്തിൽ സമാധാനദൗത്യ സംഘമാണ് പ്രശ്‌ന പരിഹാരത്തിനുള്ള മാർഗ്ഗങ്ങളിലേക്ക് എത്തിയത്. ഇതിൽ പ്രധാനമായും മാർ ക്ലീമീസ് മുന്നോട്ടുവെച്ച ആവശ്യമാണ് എല്ലാവർക്കും സ്വീകാര്യമായി മാറിയത്.
വിഴിഞ്ഞത്തെ സമരക്കാർ പ്രധാനമായും ഉന്നയിച്ചത് ഏഴ് ആവശ്യങ്ങളായിരുന്നു. ഇതിൽ തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന ആവശ്യവും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സമ്മതം മൂളാൻ സർക്കാർ തയ്യാറായില്ല. മാത്രമല്ല, തുറമുഖ നിർമ്മാണത്തിലെ പരിസ്ഥിതികാഘാതം പഠിക്കാനുള്ള സമിതിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചെങ്കിലും ഇക്കാര്യത്തിലും സർക്കാർ നിലപാട് വ്യക്തമാക്കില്ല. ഇതിനിടെയാണ് നിർണായകമായ നിർദ്ദേശം ക്ലീമീസ് മുന്നോട്ടു വെച്ചത്.
സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന വാഗ്ദാനം സമയബന്ധിതമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഒരു മോണിറ്ററിങ് കമ്മറ്റി ഉണ്ടാക്കണമെന്നാണ് ക്ലീമീസ് മുന്നോട്ടുവെച്ച നിർദ്ദേശം. ചീഫ് സെക്രട്ടറിയും പോർട്ട് സെക്രട്ടറിയും അടക്കമുള്ളവർ ഉൾപ്പെടുന്ന മോണിറ്ററിങ് കമ്മറ്റിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളും വേണമെന്നും ക്ലീമീസ് നിർദ്ദേശം മുന്നോട്ടു വെച്ചു. ഈ ആവശ്യം സർക്കാർ അംഗീകരിക്കാൻ തയ്യാറായതായാണ് റിപ്പോർട്ടുകൾ. ഇതോടെ ഇന്ന് വൈകുന്നേരത്തോടെ സമരം അവസാനിപ്പിക്കാൻ ധാരണയാകുമെന്നാണ് സൂചനകൾ.
സർക്കാരും സമരത്തിനു നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപതയും കടുത്ത നിലപാടിൽനിന്ന് അയയുന്നതായാണ് സൂചന. ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതിയുടെ ആവശ്യങ്ങൾ ചർച്ച ചെയ്തു. മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ആന്റണി രാജു, വി.അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ഉപസമിതിയിലുള്ളത്. സർക്കാരിന്റെ നിലപാട് ചീഫ് സെക്രട്ടറി വി.പി.ജോയ് ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയെ കണ്ടു വിശദീകരിച്ചു. സമരസമിതിയും മന്ത്രിസഭാ ഉപസമിതിയും കൂടിയാലോചന നടത്തിയ ശേഷം വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുടെ സാന്നിധ്യതതിൽ ചർച്ച നടത്തി തീരുമാനമാകും.
തീരശോഷണം പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്ന സമരസമിതിയുടെ ആവശ്യം സംബന്ധിച്ചു തർക്കമുണ്ട്. മത്സ്യത്തൊഴിലാളികളെ സമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ സമിതി ഉറച്ചുനിൽക്കുന്നു. ഇക്കാര്യത്തിൽ അടക്കം വിട്ടുവീഴ്‌ച്ചകൾക്ക് ലത്തീൻ സഭയും തയ്യാറായേക്കും. വീടു നഷ്ടപ്പെട്ടവർക്കുള്ള മാസവാടക 5500 രൂപയിൽനിന്ന് 8000 ആക്കുക, സംഘർഷത്തിന്റെ പേരിലെടുത്ത കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളിൽ അടക്കം സർക്കാർ അംഗീകരിക്കാൻ സാധ്യതയുണ്ട്. വിഴിഞ്ഞത്തെ സംഘർഷത്തിൽ കർശനമായ നടപടികൾ ഇല്ലാതെ പ്രശ്‌നം തീർക്കാനുമാണ് ആലോചനകൾ നടക്കുന്നത്. മണ്ണെണ്ണ സബ്‌സിഡി അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ അനുഭാവ പൂർണായ തീരുമാനം കൈക്കൊള്ളും. മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ അടക്കം വേഗത്തിലാക്കും.
പദ്ധതിപ്രദേശത്തിന്റെ സംരക്ഷണത്തിനു കേന്ദ്രസേന വേണ്ടെന്ന നിലപാട് സർക്കാർ സ്വീകരിച്ചതോടെ സമരസമിതിക്കു നേതൃത്വം നൽകുന്ന ലത്തീൻ സഭയും അയഞ്ഞിട്ടുണ്ട്. തുറമുഖനിർമ്മാണം സ്ഥിരമായി നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കുന്ന സർക്കുലർ പള്ളികളിൽ വായിച്ചു. സമരസമിതി പ്രതിനിധികളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രിയാണ് മന്ത്രിസഭാ ഉപസമിതിയോടു നിർദ്ദേശിച്ചത്. ഇതനുസരിച്ചാണ് ഇന്നലെ രാവിലെ ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോയും മോൺ. യൂജിൻ എച്ച്.പെരേരയും പട്ടം ബിഷപ് ഹൗസിലെത്തി കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തിയത്.
ക്ലീമീസ് ബാവയുടെ നിർദേശങ്ങളിൽ സർക്കാറും ലത്തീൻ സഭയും സമ്മതം മൂളിയതോടെ തീരദേശത്ത് സമാധാനത്തിനുള്ള സാഹചര്യം ഉരുത്തിരിയുകയാണ്. സർക്കാറിന്റെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന ഉറപ്പാണ് സമരക്കാർക്ക് വേണ്ടത്. മോണിറ്ററിങ് സമിതിയെന്ന ആശയത്തിന് സർക്കാരും പിന്തുണച്ചതോട വിഴിഞ്ഞത്ത് വൈകുന്നേരത്തോടെ സമാധാനം പുലരും.
മറുനാടന്‍ മലയാളി ബ്യൂറോ