- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം സമരം പരിഹാരമില്ലാതെ മുന്നോട്ട്; സമരം 14ാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതിഷേധക്കാർ ഇന്ന് തുറമുഖം വളയും; ശാന്തിപുരം, പുതുക്കുറുച്ചി, താഴംപള്ളി, പൂത്തുറ ഇടവകകളിൽ നിന്നുള്ള സമരക്കാർ വള്ളങ്ങളിൽ തുറമുഖത്തെത്തും; അതിരൂപത പ്രതിനിധികൾ ഇന്നു ഹൈക്കോടതിയിൽ ഹർജി നൽകും
തിരുവനന്തപുരം: വിഴിഞ്ഞം സമരം പരിഹാരമില്ലാതെ നീളുന്നത് സർക്കാറിന് തലവേദനയാകുന്നു. സമരം പതിനാലാം ദിവസത്തിലേക്ക് എത്തുമ്പോൾ കരമാർഗവും കടൽമാർഗവും മത്സ്യത്തൊഴിലാളികൾ ഇന്ന് തുറമുഖം വളയും. ഇത് പ്രതിഷേധക്കാരുടെ രണ്ടാം കടൽ സമരമാണ്. ശാന്തിപുരം, പുതുക്കുറുച്ചി, താഴംപള്ളി, പൂത്തുറ ഇടവകകളിൽ നിന്നുള്ള സമരക്കാർ വള്ളങ്ങളിൽ തുറമുഖത്തെത്തും. മറ്റുള്ളവർ ബരിക്കേഡുകൾ മറികടന്ന് പദ്ധതി പ്രദേശത്തെത്തി കടലിലുള്ളവർക്ക് അഭിവാദ്യമറിയിക്കും. ഈ വിധമാണ് സമരത്തിന്റെ ക്രമീകരണം.
ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റുന്നതിലടക്കം അന്തിമതീരുമാനത്തിനായി മന്ത്രിസഭ ഉപസമിതി സമരക്കാരുമായി ഇന്ന് ചർച്ചയും നടത്തും. ഇന്നലെ സർക്കാർ വിളിച്ച യോഗം ആശയക്കുഴപ്പം മൂലം മുടങ്ങിയിരുന്നു. പിന്നാലെയാണ് സമരസമിതിക്ക് ഔദ്യോഗികമായി അറിയിപ്പ് നൽകിയത്. അതേസമയം വിഴിഞ്ഞം തുറമുഖ നിർമ്മാണ സമരവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതി ഇന്നലെ വിളിച്ച ചർച്ച നടന്നില്ല. ലത്തീൻ അതിരൂപത പ്രതിനിധികൾ ചർച്ചയ്ക്ക് എത്തിയില്ല. അതിനിടെ, തുറമുഖ നിർമ്മാണ വിഷയത്തിൽ അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടു ലത്തീൻ അതിരൂപത പ്രതിനിധികൾ ഇന്നു ഹൈക്കോടതിയിൽ ഹർജി നൽകും.
ചർച്ചയ്ക്കായി സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നും അറിയിപ്പു നൽകിയില്ലെന്നും സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്.പെരേര പറഞ്ഞു. പ്രതിനിധികൾ ചർച്ചയ്ക്ക് എത്തുമെന്നു കരുതി മന്ത്രിതല സമിതി അംഗങ്ങളായ വി.അബ്ദുറഹിമാൻ, വി.ശിവൻകുട്ടി, ആന്റണി രാജു എന്നിവർ അബ്ദുറഹിമാന്റെ ചേംബറിൽ കാത്തിരുന്നു. ഇന്നലെ വൈകിട്ട് 6ന് ചർച്ച നടത്തുമെന്ന കാര്യം ഔദ്യോഗികമായി സമരക്കാരെ അറിയിച്ചിരുന്നതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മന്ത്രിസഭാ ഉപസമിതിയുമായി ഇന്നു ചർച്ച നടത്തുമെന്നു സൂചനയുണ്ട്.
അതേസമയം, തുറമുഖ നിർമ്മാണത്തിനെതിരെ നടത്തുന്നത് നിലനിൽപിനായുള്ള സമരമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സർക്കുലർ. വിഴിഞ്ഞത്തെ ജനങ്ങളെ സർക്കാർ വിശ്വാസത്തിലെടുത്തിട്ടില്ലെന്നും സമരം ശക്തമായി തുടരുമെന്നും സർക്കുലറിൽ പറയുന്നു. എല്ലാ പള്ളികളിലും ഇന്നലെ ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോയുടെ സർക്കുലർ വായിച്ചു.
മറുനാടന് മലയാളി ബ്യൂറോ