തിരുവനന്തപുരം: വിഴിഞ്ഞം വിരുദ്ധ സമരക്കാരെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം പദ്ധതി നിർത്തിവെക്കില്ലെന്ന് അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. എല്ലാ പഠനവും പൂർത്തിയാക്കിയാണ് കരാറിൽ ഏർപ്പെട്ടതെന്നും, തീരശോഷണം സംബന്ധിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

ചിലർ മനഃപൂർവ്വം സംഘർഷമുണ്ടാകാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘർഷം ഉണ്ടാക്കുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ല. തുറമുഖ നിർമ്മാണം നിർത്തി വെക്കണമെന്ന ആവശ്യം ഒഴികെ എല്ലാ ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

'സുപ്രധാന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണം. എല്ലാ പഠനവും പൂർത്തിയാക്കിയാണ് കരാറിൽ ഏർപ്പെട്ടത്. കേന്ദ്രസർക്കാരിന്റെ അക്രഡിറ്റഡ് ഏജൻസിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. നാഷണൽ ഗ്രീൻ ട്രിബ്യൂണൽ ഈ പഠന റിപ്പോർട്ട് പരിശോധിച്ച ശേഷം അനുമതിയിൽ ഇടപെടണമെന്ന ആവശ്യം തള്ളിയിരുന്നു. ട്രിബ്യൂണൽ പദ്ധതിപ്രദേശ ത്തിന്റെ തെക്കും വടക്കും 10 കി.മീ വീതം ഉണ്ടാകുന്ന വ്യതിയാനങ്ങൾ പഠിച്ച് എല്ലാ 6 മാസം കൂടുമ്പോഴും റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു.

കൂടാതെ ഷോർലൈൻ നിരീക്ഷിക്കുവാൻ ഒരു മോണിറ്ററിങ് സെല്ലും രൂപീകരിച്ചിരുന്നു. ഇതനുസരിച്ചുള്ള പഠനവും നിരീക്ഷണവും തുടരുന്നുണ്ട്. ഇതിലൊന്നും പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല. പദ്ധതി ആരംഭിക്കുന്നതിന് മുമ്പും ഈ പ്രദേശങ്ങളിൽ കടൽക്ഷോഭവും തീരശോഷണവും ഉണ്ടായിരുന്നതായി പഠന റിപ്പോർട്ടും ഉണ്ട്. തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി തീരശോഷണമുണ്ടാകുന്നു എന്ന വാദവും അടിസ്ഥാനരഹിതമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.'

മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളെ സർക്കാർ അനഭാവപൂർവ്വമാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമരക്കാർ ഉന്നയിച്ച ഏഴ് പ്രധാന ആവശ്യങ്ങളിൽ ഭൂരിഭാഗത്തിലും സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. എന്നാൽ തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന ആവശ്യത്തോട് സർക്കാരിന് യോജിക്കാൻ കഴിയുകയില്ല. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീരം സംരക്ഷിക്കാൻ നടപടി എടുക്കും.

തുറമുഖ പദ്ധതിക്കായി മത്സ്യത്തൊഴിലാളികളെ കുടുയൊഴിപ്പിച്ചിട്ടില്ല. നിർമ്മാണം തീരശോഷണത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുമില്ല. തീരശോഷണം സംബന്ധിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മൂന്നു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.