- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം സമരം 16ാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതിഷേധവും ശക്തം; പരിഹാരം തേടി തീരശോഷണം പഠിക്കാൻ വിദഗ്ധ സമിതി; മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് മുട്ടത്തറയിൽ എട്ടേക്കർ കണ്ടെത്തി; വീട് നൽകുന്നതുവരെ 5500 രൂപ പ്രതിമാസ വാടക സർക്കാർ നൽകും; സ്ഥലത്തിനും വീടിനുമായി 10 ലക്ഷം വീതവും അനുവദിക്കും
തിരുവനന്തപുരം: തീരശോഷണത്തിനും പാർപ്പിടനഷ്ടത്തിനും പരിഹാരം ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ കവാടത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം പതിനാറാം ദിവസത്തിലേക്ക് കടുക്കുമ്പോൾ സമരം ശക്തമാക്കുകയാണ് സമരക്കാർ. അയിരൂർ മുതൽ മാമ്പള്ളി വരെയുള്ള ഇടവകയിൽ നിന്നുള്ളവരാണ് ഇന്നത്തെ സമരത്തിൽ പങ്കാളികളാവുന്നത്. ഇന്നലെ മന്ത്രിസഭാ ഉപസമിതി സമരസമിതിയുമായി ചർച്ച നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും രേഖാമൂലം അറിയിപ്പ് കിട്ടിയിട്ടില്ലെന്നു കാണിച്ച് ലത്തീൻ അതിരൂപത യോഗത്തിനെത്തിയിരുന്നില്ല. ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പുകിട്ടുന്നതുവരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം.
അതേസമയം പ്രശ്‌നം പരിഹരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് സർക്കാറും. തീരശോഷണത്തിന് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധമില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ കാണിക്കുന്നതെങ്കിലും മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഗണിച്ച് ഇക്കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാണെന്നും എന്നാൽ, തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദഗ്ധ സമിതിയോട് 3 മാസത്തിനകം ഇടക്കാല റിപ്പോർട്ട് ലഭ്യമാക്കാൻ നിർദേശിക്കും. ഇതു ലഭിച്ചശേഷം നടപടി സ്വീകരിക്കും. സമരത്തിൽ നിന്ന് അടിയന്തരമായി പിന്തിരിയണം എന്നാണ് സർക്കാരിന്റെ അഭ്യർത്ഥന. സമരം ചെയ്യുന്നവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ മാത്രമല്ല പ്രാദേശികമായി മറ്റ് ആശങ്കകളും പ്രശ്‌നങ്ങളും ഉണ്ടെങ്കിൽ അവയും പരിഗണിക്കും. കടലാക്രമണത്തിന് ഇരയാകുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി മുട്ടത്തറയിൽ 8 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. 2023 ഏപ്രിലിൽ വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ ബാർജ് എത്തും. ഒക്ടോബറോടെ വാണിജ്യ ഓപ്പറേഷൻ ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷ.
ഇത്രയധികം പുരോഗമിച്ച പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം യുക്തിസഹമല്ല; അംഗീകരിക്കാനുമാകില്ല. സമരത്തെ സംയമനത്തോടെയാണ് സർക്കാരും പൊലീസും കൈകാര്യം ചെയ്യുന്നത്. എന്നാൽ ഏതു വിധേനയും സംഘർഷമുണ്ടാക്കണമെന്ന രീതിയിൽ ഒരു വിഭാഗം നടത്തുന്ന പ്രവർത്തനങ്ങളെ കാണാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടലാക്രമണത്തിന് ഇരയാകുന്ന കുടുംബങ്ങളെയും തീരനിയന്ത്രണ മേഖല (സിആർഇസഡ്) പരിധിക്കുള്ളിലെ കുടുംബങ്ങളെയും മാറ്റി പാർപ്പിക്കാൻ മുട്ടത്തറയിൽ എട്ടേക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് വീട് നൽകുന്നതുവരെ 5500 രൂപ പ്രതിമാസ വാടക സർക്കാർ നൽകും. സ്ഥലത്തിനും വീടിനുമായി 10 ലക്ഷംരൂപ അനുവദിക്കുന്നുണ്ട്.
പൂന്തുറയ്ക്കും വലിയതുറയ്ക്കും ഇടയിലെ എല്ലാ ഹോട്ട് സ്‌പോട്ടുകളിലും തീരസംരക്ഷണത്തിന് 150 കോടിയുടെ പദ്ധതി പുരോഗമിക്കുകയാണ്. കോവളം ബീച്ച് പുനരുദ്ധാരണ ടൂറിസം പദ്ധതിക്ക് 58 കോടി രൂപയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കി. തുറമുഖനിർമ്മാണം പൂർത്തിയായാൽ മത്സ്യത്തൊഴിലാളികൾക്ക് ബോട്ട് ലാൻഡിങ് സ്റ്റേഷൻ ഒരുക്കും. പാരമ്പര്യേതര ഊർജ പാർക്ക് സ്ഥാപിച്ച് സബ്‌സിഡി നിരക്കിൽ ഇന്ധനം നൽകും. തീരദേശ സംരക്ഷണത്തിന് 5300 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
പദ്ധതിപ്രദേശത്ത് ജീവനോപാധി നഷ്ടപരിഹാരമായി 99.94 കോടി രൂപ വിതരണം ചെയ്തു. വിഴിഞ്ഞം കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയാക്കും. തുറമുഖ പദ്ധതിക്കായി 7.3 കോടി രൂപ ചെലവിൽ നിർമ്മിച്ച പ്ലാന്റിനു പുറമെ, കഴിഞ്ഞവർഷം 1.74 കോടി രൂപ ചെലവിൽ ശുദ്ധജലക്ഷാമം പരിഹരിക്കാൻ പദ്ധതി നടപ്പാക്കി. കോട്ടപ്പുറത്ത് വീടില്ലാത്ത 1026- ആളുകൾക്ക് ലൈഫ് മിഷനിലൂടെ വീട് നൽകാൻ നടപടിയായി. 'പുനർഗേഹ'ത്തിൽ തിരുവനന്തപുരം ജില്ലയിൽമാത്രം 340 കുടുംബത്തിന് ഫ്‌ളാറ്റ് നൽകി. വീട് നിർമ്മിക്കാൻ 832 പേർക്ക് ഭൂമി രജിസ്റ്റർചെയ്തു. ഇതിൽ 399 വീട് നിർമ്മിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ