- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിക്കണമെന്ന് തിരുവനന്തപുരം സബ് ഡിവിഷനൽ മജിസ്‌ട്രേട്ടിന്റെ ഉത്തരവ്; പറ്റില്ലെന്ന് സമരസമിതിയും; ചീഫ് സെക്രട്ടറിക്കും സമരക്കാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട തീരശോഷണം ഉൾപ്പെടെ പ്രശ്‌നങ്ങൾ ഉന്നയിച്ചു നടത്തുന്ന പ്രക്ഷോഭത്തിന്റെ സമരപ്പന്തൽ പൊളിച്ചുനീക്കാൻ തിരുവനന്തപുരം സബ് ഡിവിഷനൽ മജിസ്‌ട്രേട്ടിന്റെ ഉത്തരവ്. പന്തൽ പൊളിക്കില്ലെന്നു സമരസമിതി വ്യക്തമാക്കി. തുറമുഖ കവാടത്തിൽ നടക്കുന്ന രാപകൽ സമരത്തിന്റെ പന്തൽ 3 ദിവസത്തിനകം പൊളിച്ചു നീക്കണമെന്നു കാണിച്ചു തിങ്കളാഴ്ചയാണു സമരസമിതിക്കു നോട്ടിസ് നൽകിയത്.
ഇന്നലെയാണു സമയപരിധി നിശ്ചയിച്ചിരുന്നത്. പൊളിച്ചില്ലെങ്കിൽ 30 ന് രാവിലെ 11ന് സമരസമിതി പ്രതിനിധികൾ മജിസ്‌ട്രേട്ട് ഓഫിസ് മുൻപാകെ ഹാജരായി കാരണം ബോധിപ്പിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. അതിനിടെ, ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമരസമിതി നേതാക്കളുമായി ഗവർണർ രാജ്ഭവനിൽ ചർച്ച നടത്തി.
തുറമുഖ നിർമ്മാണത്തിലെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പു നൽകിയതായി ലത്തീൻ രൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര മാധ്യമങ്ങളോടു പറഞ്ഞു.
പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി ഗവർണർക്കു നിവേദനം നൽകി. സമരസമിതി മുന്നോട്ടുവച്ച 7 ആവശ്യവും ഗവർണർ അനുഭാവപൂർവം പരിഗണിച്ചതായി യൂജിൻ പെരേര പറഞ്ഞു. കേന്ദ്ര ഇടപെടൽ ഉണ്ടാകാൻ ആകുന്നതെല്ലാം ചെയ്യാമെന്നും ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കാമെന്നും ഗവർണർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽനിന്നു മടങ്ങിയെത്തിയശേഷം സമരസമിതിയുമായി വീണ്ടും ചർച്ച നടത്താമെന്നാണു ഗവർണർ അറിയിച്ചിരിക്കുന്നത്.
രണ്ടാംഘട്ട ഉപവാസ സമരത്തിൽ പൂവാർ ഇടവകയിൽനിന്നുള്ള അംഗങ്ങളാണു പങ്കെടുക്കുന്നത്. തീരശോഷണത്തിനു കാരണം വിഴിഞ്ഞം തുറമുഖനിർമ്മാണമെന്നാണു സമരസമിതിയുടെ ആരോപണം. തുറമുഖ നിർമ്മാണം നിർത്തിവച്ചു തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയമായി പഠിക്കണമെന്നാണു സമര സമിതിയുടെ പ്രധാന ആവശ്യം.
അതേസമയം വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ചീഫ് സെക്രട്ടറി അടക്കം ഉദ്യോഗസ്ഥർക്കെതിരെയും, സമരം നയിക്കുന്ന വൈദികർക്കെതിരെയും കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് സുരക്ഷ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ ആരോപണം.
കോടതിയലക്ഷ്യഹർജിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്. പൊലീസ് സുരക്ഷ വേണമെന്ന അദാനി ഗ്രൂപ്പിന്റെയും, കരാർ കമ്പനിയുടെയും ആവശ്യം നേരത്തെ അനുവദിച്ച ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് കോടതിയലക്ഷ്യ ഹർജിയും പരിഗണിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിലച്ചിരിക്കുകയാണെന്ന് ഹർജിയിൽ അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്തെ പ്രതിഷേധത്തിന് കാരണം എന്തു തന്നെയായാലും നിയമപരമായി അനുമതിയുള്ള പദ്ധതിയെ തടസപ്പെടുത്താനാകില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ മുൻ നിലപാട്.
മറുനാടന് മലയാളി ബ്യൂറോ