തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സമര സമിതി. തുറമുഖവുമായി ബന്ധപ്പെട്ട സമരം അവസാനിപ്പിക്കുന്നതിനു മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ച ഇന്നലെ പാരാജയപ്പെട്ടിരുന്നു. പുലിമുട്ട് നിർമ്മാണം നിർത്തി വച്ചു തീരശോഷണം സംബന്ധിച്ചു വിശദമായ പഠനം നടത്തണമെന്നത് ഉൾപ്പെടെ സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതിരുന്നതോടെയാണു ചർച്ച വഴിമുട്ടിയത്.

സമരം സംബന്ധിച്ചു നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളിൽ തീരജനതയ്ക്കുള്ള ശക്തമായ പ്രതിഷേധം സമരസമിതി വ്യക്തമാക്കി. സമരം ശക്തമായി തുടരുമെന്നും അവർ അറിയിച്ചു. സമരക്കാർ ഉന്നയിച്ച 7 ആവശ്യങ്ങളിൽ 5 എണ്ണം തത്വത്തിൽ അംഗീകരിച്ചതായി സർക്കാർ അറിയിച്ചിരുന്നെങ്കിലും അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാൻ ഉപസമിതിക്കു സാധിച്ചില്ല. അതു കലക്ടർ തയാറാക്കി വരികയാണെന്ന് അവർ അറിയിച്ചു.

പുലിമുട്ട് നിർമ്മാണം നിർത്തി വയ്ക്കുന്നതു നിയമപ്രശ്‌നങ്ങൾക്കും നിക്ഷേപ സൗഹൃദമല്ലാത്ത സംസ്ഥാനം എന്ന ആക്ഷേപത്തിനും ഇടയാക്കുമെന്നും മന്ത്രിമാർ അറിയിച്ചു. അതോടെയാണ് ചർച്ച പരാജയപ്പെട്ടത്. ഇനി മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചാൽ പങ്കെടുക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.

മന്ത്രിമാരായ ആന്റണി രാജു, വി.അബ്ദുറഹിമാൻ എന്നിവരും സമരസമിതിയെ പ്രതിനിധീകരിച്ചു മോൺ.യൂജിൻ എച്ച്.പെരേര, ഫാ.തിയോഡോഷ്യസ് ഡിക്രൂസ്, ഫാ.ജയിംസ് കുലാസ്, ഫാ.മൈക്കിൾ ഗോമസ് തുടങ്ങിയവരുമാണു ചർച്ചയിൽ പങ്കെടുത്തത്. തുറമുഖ കവാടത്തിൽ നടക്കുന്ന രാപകൽ സമരം ഒൻപതാം ദിവസമായ ഇന്നലെയും ശക്തമായിരുന്നു. കവാടം ഭേദിച്ച് അകത്തു കടന്നവർ രണ്ടു കിലോമീറ്റർ ദൂരം മുദ്രാവാക്യം വിളികളുമായി നീങ്ങി പുലിമുട്ടു നിർമ്മാണ കേന്ദ്രത്തിലെത്തി കൊടി നാട്ടി.

അതേസമയം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണ പദ്ധതി പ്രദേശത്ത് നടത്തി വരുന്ന രാപ്പകൽ ഉപരോധ സമരത്തിൽ ക്രമസമാധാനം സംരക്ഷിക്കാൻ ജാഗ്രത പുലർത്തുമെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം കൈക്കൊണ്ടിരുന്നു. വിഴിഞ്ഞത്തു മത്സ്യത്തൊഴിലാളികൾ നടത്തുന്ന രാപകൽ സമരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ തള്ളിപ്പറഞ്ഞതോടെ കടുത്ത വാശിയിലാണ് കടൽമക്കൾ.

തുറമുഖ നിർമ്മാണം നിർത്തിവച്ചു തീരശോഷണത്തെക്കുറിച്ചു പഠിക്കണമെന്ന സമരക്കാരുടെ മുഖ്യ ആവശ്യം തള്ളിയ മുഖ്യമന്ത്രി, പദ്ധതിയിൽനിന്നു പിന്നോട്ടില്ലെന്നും വ്യക്തമാക്കി. സമരത്തിൽ പങ്കെടുക്കുന്നത് ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മാത്രമല്ലെന്നും മുൻകൂട്ടി തയാറാക്കിയ രീതിയിലുള്ള സമരമാണു നടക്കുന്നതെന്നുമുള്ള ഗുരുതര ആരോപണവും മുഖ്യമന്ത്രി ഉയർത്തി. ഇതോടെ സർക്കാർ സമവായത്തിന് ഇല്ലെന്ന് വ്യക്തമായിരുന്നു. ഇതോടെ സമരക്കാർ കാര്യമായ നേട്ടമുണ്ടാക്കാതെ പിന്നോട്ടുപോകേണ്ടി വരുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക.

അതേസമയം പിണറായി വിജയനെ തൂത്തു തരിപ്പണമാക്കി കണ്ണൂരിലേക്കു പറഞ്ഞയയ്‌ക്കേണ്ടി വന്നാലും ഈ സമരം വിജയിപ്പിക്കുമെന്നു തുറമുഖ സമര സമിതി കൺവീനർ ഫാ.തിയോഡോഷ്യസ് ഡിക്രൂസ്. 'സർക്കാരിന്റെ ഓണാഘോഷത്തിൽ ഫ്‌ളോട്ട് വെള്ളയമ്പലത്തു നിന്നു പുറപ്പെടുമ്പോൾ മത്സ്യത്തൊഴിലാളികളുടെ വള്ളവുമായുള്ള ഫ്‌ളോട്ട് മുഖ്യമന്ത്രിയുടെ വീട്ടിലേക്കു നീങ്ങും; അവിടെ കുടിൽ കെട്ടി താമസിക്കും. മുഖ്യമന്ത്രി നിലപാട് മാറ്റിയേ അടങ്ങൂ, അല്ലെങ്കിൽ മാറ്റിക്കും. ചങ്കന്റെ ധൈര്യമൊന്നും ഈ ചങ്കന്മാരുടെ അടുത്തു വേണ്ട. ഇതു മത്സ്യത്തൊഴിലാളികളാണ്. ഇത്രയും നാൾ ഈ സമരം വർഗീയമാണെന്നു പറഞ്ഞു.