- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരക്കാരെ വിരട്ടാൻ കേന്ദ്രസേനയെ കൊണ്ടു വന്നോളൂവെന്ന് കോടതിയിൽ; അപകടമെന്ന് ഓർത്തത് പിന്നീട്; സർക്കാർ ഭയക്കുന്നത് ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും സർക്കാറിനെ പിരിച്ചുവിടലിനുള്ള 356-ാം വകുപ്പും; കേന്ദ്രസേന വന്ന് കുഴപ്പമുണ്ടായാലും സർക്കാരിന് കൈകഴുകാനാവില്ലെന്ന് വിലയിരുത്തൽ; വിഴിഞ്ഞത്ത് സർക്കാരിന്റെ പിന്മാറ്റത്തിന് കാരണങ്ങൾ പലത്
തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ വിരട്ടി വരുതിയിൽ നിർത്താനുള്ള സർക്കാറിന്റെ തന്ത്രങ്ങളും പാളുകയാണ്. ഇത്തരം ശ്രമങ്ങൾ ഭാവിയിൽ ഗുണകരമാകില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ട് സമവായ മാർഗ്ഗത്തിൽ നീങ്ങാനാണ് ഇപ്പോൽ സർക്കാർ ഒരുങ്ങുന്നത്. ഇത്തരമൊരു ചിന്തയിലേക്ക് സർക്കാറിനെ നയിച്ചതിൽ പല ഘടകങ്ങളുണ്ട്. ഏറ്റുമുട്ടലിൽ നിന്ന് സർക്കാർ സമവായത്തിലേക്ക് മാറിയത് രണ്ടാം വിമോചന സമര സമാനമായ അന്തരീക്ഷം പോലും ഭായിൽ ഉരുത്തിരിഞ്ഞേക്കാം എന്ന ഭയമാണ്. ഇപ്പോൾ ഉടക്കി നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂയിയാകുമ്പോൾ കാര്യങ്ങളെല്ലാം കുഞ്ഞു മറിഞ്ഞേക്കാം. ക്രമസമാധാനം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് ഗവർണറും, സർക്കാരിനെ അഞ്ചുമിനിറ്റു കൊണ്ട് താഴെയിറക്കുമെന്ന് ബിജെപി പ്രസിഡന്റും പ്രഖ്യാപിച്ചിരിക്കെയാണ് സർക്കാർ സമവായത്തിന്റെ പാത തേടിയത്.
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണവും 50ലേറെ പൊലീസുകാർക്ക് പരിക്കേറ്റതും ക്രമസമാധാന തകർച്ചയ്ക്കുള്ള തെളിവാണ്. ഹൈക്കോടതിയിൽ കേന്ദ്രസേനയെ ഇറക്കുന്നതിൽ സമ്മതമറിയിച്ചെങ്കിലും, കേന്ദ്രസേനയെക്കൂടി ഇറക്കി രംഗം വഷളാക്കണോയെന്ന വീണ്ടുവിചാരം സർക്കാരിനുണ്ടായിട്ടുണ്ട്. ഇതിന്റെ തെളിവാണ് ചീഫ്‌സെക്രട്ടറി ഇന്നലെ സഭാമേലദ്ധ്യക്ഷന്മാരുമായി ചർച്ച നടത്തിയതും മദ്ധ്യസ്ഥതയ്ക്ക് ഗാന്ധി സ്മാരകനിധിയെ രംഗത്തിറക്കിയതും. തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ സമരം തീർക്കുകയെന്ന ലക്ഷ്യവും സർക്കാരിനുണ്ട്.
വിഴിഞ്ഞം സമരക്കാരുമായി ഗവർണർ പലവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വൈദികരുമായി നിരന്തരം ആശയവിനിമയം നടത്തുന്നു. വിഴിഞ്ഞം സ്റ്റേഷൻ ആക്രമണം ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ടിലൂടെ അറിയിച്ചു. ഇനിയും ക്രമസമാധാന പ്രശ്‌നമുണ്ടായാൽ വീണ്ടും ഗവർണറുടെ റിപ്പോർട്ട് കേന്ദ്രത്തിലെത്തും. ഇതിനുപുറമേ രാഷ്ട്രീയകൊലകളുടെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും വിവരങ്ങൾ കേന്ദ്രത്തിനയയ്ക്കാൻ ഗവർണർ ശേഖരിച്ചിട്ടുണ്ട്. സ്റ്റേഷൻ ആക്രമണം പോലെയുള്ള സംഭവങ്ങൾ തുടർന്നാൽ ക്രമസമാധാനത്തകർച്ച കാരണമാക്കി സർക്കാരിനെതിരേ 356-ാം വകുപ്പ് പ്രയോഗിക്കാൻ കേന്ദ്രത്തിനാവും. ഭരണസ്തംഭനമോ ക്രമസമാധാന തകർച്ചയോ ഇല്ലെന്നും അക്രമത്തെ അക്രമമായി കണ്ട് ശക്തമായ നടപടി സ്വീകരിക്കുകയാണെന്നുമാണ് സർക്കാർ നിലപാട്.
തുറമുഖ നിർമ്മാണം നിറുത്തുക എന്ന ഒറ്റ ആവശ്യത്തിൽ തുടരുന്ന സമരം കേന്ദ്രസേനയെ ഇറക്കി അടിച്ചമർത്തുകയായിരുന്നു സർക്കാരിന്റെ തന്ത്രം. ഇതാണ് ഹൈക്കോടതിയിൽ കേന്ദ്രസേനയ്‌ക്കെതിരായ നിലപാടെടുക്കാൻ കാരണമായത്. എന്നാൽ കേന്ദ്രസേനയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടത് സർക്കാരല്ലെന്നും അദാനിയാണെന്നും ഇന്നലെ സർക്കാർ നിലപാടുമാറ്റി. സമരക്കാരെ വിരട്ടാനാണ് കേന്ദ്രസേനയെ കൊണ്ടുവരുന്നതിന് സമ്മതം മൂളിയതെങ്കിൽ പിന്നീട് നയം മാറ്റി. സമരം മറ്റുജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ ലത്തീൻ സഭയും സഭയുടെ ശക്തികേന്ദ്രങ്ങളിലൂടെ പാറയും നിർമ്മാണസാമഗ്രികളുമെത്തിക്കുന്നത് വെല്ലുവിളിയാണെന്ന് അദാനിഗ്രൂപ്പും വ്യക്തമാക്കിയിട്ടുണ്ട്. കടൽമാർഗ്ഗമെത്തിച്ച പാറ സംഭരിച്ചിരിക്കുന്നത് മുപ്പത് കിലോമീറ്ററിലേറെ അകലെയുള്ള മത്സ്യത്തൊഴിലാളി കേന്ദ്രമായ അഞ്ചുതെങ്ങിലാണ്.
തീരദേശത്ത് മുൻപുണ്ടായ സംഘർഷങ്ങൾ വെടിവയ്‌പ്പിൽ അവസാനിച്ചതും സർക്കാരിനെ അലട്ടുന്നുണ്ട്. അതേസമയം, ബുധനാഴ്ച കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ കേന്ദ്രസേനയെ അയയ്ക്കാമെന്ന നിലപാടെടുത്താൽ സംസ്ഥാനത്തിന് മറ്റുമാർഗ്ഗമില്ലാതാവും. പൊലീസിന് കഴിഞ്ഞില്ലെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാത്തതിനെതിരായ അദാനിയുടെ ഹർജിയിലാണ് സർക്കാർ കേന്ദ്രസേനയെ വിളിക്കുന്നതിൽ സമ്മതമറിയിച്ചത്. പൊലീസിന് പ്രാപ്തിയില്ലാതായെന്നും സമരം തീർക്കാൻ പോലും കേന്ദ്രസേനയെ വിളിച്ചെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും സർക്കാരിനെതിരേ പ്രതിപക്ഷം ആയുധമാക്കിയേക്കും. ഇതെല്ലാം കണ്ടാണ് സമവായനീക്കങ്ങൾ.
മത്സ്യത്തൊഴിലാളികൾക്ക് അവർ ആവശ്യപ്പെടുന്ന തരത്തിലുള്ള ശാശ്വതപുനരധിവാസ പാക്കേജും തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മിനിമം വേതനവും തീരശോഷണം തടയാനുള്ള സംരക്ഷണ പദ്ധതികളും നടപ്പാക്കാമെന്ന് ഉറപ്പുനൽകി ഏതുവിധേനയും സമരം നിറുത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആർച്ച്ബിഷപ്പിനെയും വൈദികരെയും പ്രതികളാക്കിയ കേസുകളിൽ, മുൻകൂർജാമ്യത്തിന് അവസരമൊരുക്കും. പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തിയതിനാൽ കേസ് പിൻവലിക്കാനാവില്ല. കോടതിയിൽ പിഴത്തുക കെട്ടിവച്ച് റിമാൻഡ് ഒഴിവാക്കാം. മൂവായിരം പ്രതികളുണ്ടെങ്കിലും അറസ്റ്റുകൾ ഉടനടിയുണ്ടാവില്ലെന്നും സർക്കാർ ഉറപ്പുനൽകും. എന്നാൽ തുറമുഖനിർമ്മാണം നിറുത്തണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചുനിന്നാൽ സമവായനീക്കം പൊളിയും.