തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്നു നടത്താനിരുന്ന മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. വിഴിഞ്ഞം സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി മാർച്ച് സംഘടിപ്പിക്കുന്നത്. ഈ പരിപാടിക്ക് പൊലീസ് അനുമതി തേടയിരുന്നില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ മാർച്ചിന് അനുമതി നിഷേധിക്കുയാണ് പൊലീസ് ചെയ്തത്. പ്രശ്നങ്ങൾ ഉണ്ടായാൽ ഉത്തരവാദി സംഘടനയായിരിക്കുമെന്ന് പൊലീസ് നോട്ടീസിൽ മുന്നറിയിപ്പ് നൽകി.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ വൈദികരുടെ നേതൃത്വത്തിലുള്ള സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി വൈകീട്ട് മാർച്ച് നടത്താൻ തീരുമാനിച്ചത്. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ പി ശശികലയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചത്. വൈകീട്ട് നാലിന് മുക്കോല ജംഗ്ഷനിൽ നിന്നും മാർച്ച് തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അറുന്നൂറോളം പൊലിസിനെ വിന്യസിച്ചു. അതേസമയം വിഴിഞ്ഞം പ്രത്യേക പൊലീസ് സംഘത്തിന്റെ മേധാവിയായി നിയമിച്ച ഡിഐജി ആർ നിശാന്തിനി ഇന്ന് വിഴിഞ്ഞത്തെത്തും.

വിഴിഞ്ഞം സ്പെഷൽ ഓഫീസറായി കഴിഞ്ഞ ദിവസമാണ് നിശാന്തിനി ഐപിഎസിനെ നിയമിച്ചത്. അഞ്ച് എസ്‌പിമാരും എട്ട് ഡിവൈഎസ്‌പിമാരുമടങ്ങുന്ന പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് മദ്യനിരോധനവും പൊലീസിന്റെ കനത്ത ജാഗ്രതയും തുടരുകയാണ്.

അതിനിടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിഴിഞ്ഞം പൊലീസിനോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം.

വിഴിഞ്ഞം പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി. അവധി റദ്ദാക്കി തിരിച്ചെത്താൻ പൊലീസുകാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പൊലീസ് സ്റ്റേഷൻ വരെ ആക്രമിച്ച അതീവ ഗുരുതരസാഹചര്യം മുൻ നിർത്തിയാണ് വിഴിഞ്ഞത്തെ പ്രത്യേക സുരക്ഷ. കേസന്വേഷണത്തിനും ക്രമസമാധാനത്തിനുമായി രണ്ടു സംഘങ്ങളെയും നിയോഗിച്ചു. ഡിഐജിക്കു കീഴിൽ എസ്‌പിമാരായ കെകെ അജി, കെഇ ബൈജു എന്നിവരും അസിസ്റ്റന്റ് കമ്മീഷണർമാരും അടങ്ങുന്ന പ്രത്യേക സംഘം ക്രമസമാധനപാലത്തിന് മേൽനോട്ടം വഹിക്കും. വിഴിഞ്ഞം ആക്രണവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് തിരുവനന്തപുരം ഡിസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ നാല് അസിസ്റ്റന്റ് കമ്മീഷണർമാരെ ഉൾപ്പെടുത്തി മറ്റൊരു സംഘവും രൂപീകരിച്ചു.

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അടിച്ചു തകർത്തവരെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. മൂവായിരം പേർക്കെതിരെ കേസെടുത്തുവെങ്കിലും പെട്ടെന്നൊരു അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. ഇപ്പോഴുണ്ടായിരിക്കുന്ന ക്രമസമാധാന അന്തരീക്ഷം കലുഷിതമാക്കേണ്ടെന്ന തീരുമാനത്തിലാണ് അറസ്റ്റ് വൈകുന്നത്. സ്റ്റേഷൻ ആക്രണത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായ സമരസമിതിയിലെ എട്ടുപേർ ആശുപത്രിവിട്ടു. ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രി സെല്ലിലേക്കെങ്കിലും മാറ്റണമെന്ന് ഒരു വിഭാഗം പൊലീസുകാർ ആവശ്യപ്പെട്ടുവെങ്കിലും ഉന്നത ഉദ്യോഗസ്ഥർ തടയുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കലുഷിതമായിരുന്ന വിഴിഞ്ഞം ഇന്ന് ശാന്തമാണ്.