തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരേയുള്ള സമരം കൂടുതൽ ശക്തമാക്കി മത്സ്യത്തൊഴിലാളികളും ലത്തീൻ സഭയും.തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് തീരശോഷണം ഉൾപ്പെടെ പ്രശ്‌നങ്ങൾ ഉന്നയിച്ചും സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ എട്ടു കേന്ദ്രങ്ങളിൽ ഇന്ന് സമരസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുകയാണ്.

തിരുവനന്തപുരത്തെ നഗരപ്രദേശങ്ങളിലടക്കം ഉപരോധത്തെ തുടർന്ന് വലിയ രീതിയിലുള്ള ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്.വള്ളങ്ങളുമായി സ്ത്രീകളടക്കമുള്ളവർ ദേശീയപാത ഉപരോധിച്ചതോടെയാണ് ഗതാഗതം സ്തംഭിച്ചത്.പല സ്ഥലത്തും ശക്തമായ പൊലീസ് സാന്നിധ്യമുണ്ടങ്കിലും സമരത്തിൽ ഇടപെട്ടിട്ടില്ല.വൈകിട്ട് മൂന്ന് വരെ ഉപരോധം തുടരാനാണ് സമരസമിതയുടെ തീരുമാനം.

ആറ്റിങ്ങൽ, കഴക്കൂട്ടം, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട എന്നിവിടങ്ങളിൽ രാവിലെ എട്ടരയോടെയാണ് ഉപരോധം ആരംഭിച്ചത്. വൈകിട്ട് 3 വരെയാണ് ഉപരോധം.വിഴിഞ്ഞം പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് റോഡ് ഉപരോധിക്കുന്ന സമരക്കാർ.ചാക്കയിൽ റോഡ് ഉപരോധിച്ചതോടെ വിമാനത്താവളത്തിലേക്കു വന്ന യാത്രക്കാർ കുടുങ്ങി. പൊലീസ് വഴി തിരിച്ചുവിട്ടെങ്കിലും വിമാനത്താവളത്തിലേക്കുള്ള വഴി നിർദ്ദേശിക്കാത്തതിനാൽ ഇതര ജില്ലയിലുള്ളവർ ബുദ്ധിമുട്ടി. പലർക്കും യാത്ര ചെയ്യാനാകാതെ മടങ്ങേണ്ടിവന്നു. വി എസ്എസ്‌സിയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു.

മത്സ്യബന്ധന വള്ളങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് തൊഴിലാളികൾ റോഡ് ഉപരോധിക്കുന്നത്.ചാക്ക ബൈപ്പാസിലും ദേശീയപാതയിലെ മേൽപാലത്തിലും ഗതാഗതം തടസ്സപ്പെട്ടു.അതേ സമയം വിഴിഞ്ഞം ജംക്ഷൻ, മുല്ലൂർ എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന റോഡ് ഉപരോധം നിരോധിച്ച് ജില്ലാ കലക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടിരുന്നു.അതിരൂപതയുടെ സമരവും ഇതിനെതിരായി ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും കണക്കിലെടുത്താണ് കലക്ടർ നിരോധനം ഏർപ്പെടുത്തിയത്.പ്രദേശത്ത് സമരത്തിന്റെ ഭാഗമായുള്ള മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്.

തുടർ സമരങ്ങളുടെ ഭാഗമായി ബുധനാഴ്‌ച്ച ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും ഉച്ചയ്ക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ കലാസാംസ്‌കാരിക കൂട്ടായ്മയും നടത്താനാണ് സമരസമിതിയുടെ തീരുമാനം.ഓഗസ്റ്റ് 16ന് ആണ് സമരം തുടങ്ങിയത്. സർക്കാരും സമരക്കാരുമായി സമവായ ചർച്ച ഉടനുണ്ടാകുമെന്നാണ് സൂചന.മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയശേഷം മന്ത്രിസഭാ ഉപസമിതി സമരക്കാരെ കാണുമെന്നാണ് വിവരം.