- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാതൊരു പ്രകോപനവും പൊലീസിന് ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല; ഒളിച്ചുനിന്ന ഒരാൾ ഓടിവന്ന് സിമന്റ് കട്ട കാലിലിടുകയായിരുന്നു; ആംബുലൻസ് പോലും കടത്തിവിട്ടില്ല; ഇങ്ങനയൊരു സമരം ഒരിക്കലും പ്രതീക്ഷിച്ചില്ല; കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞു, മൂന്ന് മാസം വിശ്രമം വേണം; വിഴിഞ്ഞത്ത് ആക്രമണത്തിനിരയായ എസ്ഐയുടെ വാക്കുകൾ
തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന് നേരെ ഉണ്ടായത് ആസൂത്രിത ആക്രമണമെന്ന് പരിക്കേറ്റ് ചികിത്സയിലുള്ള എസ് ഐ ലിജോ പി മണി. രണ്ട് മണിക്കൂറോളം സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചുവെന്ന് എസ്‌ഐ മാധ്യമങ്ങളോട് പറഞ്ഞു. യാതൊരു പ്രകോപനവും പൊലീസിന് ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സ്റ്റേഷന് പുറത്തിറങ്ങിയപ്പോൾ ഒളിച്ചുനിന്ന ഒരാൾ ഓടിവന്ന് സിമന്റ് കട്ട കാലിലിടുകയായിരുന്നു. ആ നിമിഷം കാല് നിലത്തുകുത്താൻ സാധിച്ചില്ല', പിന്നെ രണ്ടു പൊലീസുകാരുടെ സഹായത്തോടെയാണ് സ്റ്റേഷന് അകത്തേക്ക് എത്തിയത്- ലിജോ പറഞ്ഞു.
'ആംബുലൻസ് പോലും പ്രദേശത്തേക്ക് കയറ്റിവിട്ടില്ല. ഇങ്ങനയൊരു സമരം ഒരിക്കലും പ്രതീക്ഷിച്ചില്ല. സമാധാനപരമായിരിക്കുമെന്നാണ് കരുതിയത്. കല്ലേറിൽ ചില്ലുകളൊക്കെ പൊട്ടി'. പൊലീസ് വാഹനങ്ങളും നശിപ്പിച്ചെന്നും ലിജോ പി മണി പറഞ്ഞു. കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞു. മൂന്നു മാസം വിശ്രമമാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. കാലിലെ മറ്റൊരു മുറിവ് തുന്നിച്ചേർക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും എസ് ഐ ലിജോ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ 54 പൊലീസുകാർക്കാണ് പരിക്കേറ്റത്. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് മുൻപ് സമീപത്തെ കടകളിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ബൈക്കുകളിലെത്തിയാണ് കാമറകൾ തകർത്തതെന്നാണ് പൊലീസ് പറയുന്നത്. കമ്പിവടികളും കല്ലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ അക്രമിച്ചത്.
അഞ്ച് വാഹനങ്ങൾ തകർത്തു. മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു. അതേസമയം വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻ ഐ എ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ഇതിനായി എൻ ഐ എ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തും. സംഭവത്തിൽ വിഴിഞ്ഞം പൊലീസിനോട് ഇവർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം.അതേസമയം, വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തി പൊലീസ് സ്റ്റേഷനടക്കം ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിലും അതിന്റെ തുടർച്ചയായി ആസൂത്രിതമായി വൻ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയിലും നിരോധിത സംഘടനകൾക്കും പങ്കുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നണ്ടെന്നാണ് മാധ്യമ വാർത്തകൾ. വിദേശ ബന്ധമുള്ള ഒരു മുതിർന്ന വൈദികന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് തീവ്ര സമരത്തിന് ഗൂഢാലോചന നടത്തുന്നതെന്നാണ് ആരോപണം.
മറുനാടന് മലയാളി ബ്യൂറോ