- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സ്റ്റേഷൻ ആക്രമണം കണ്ണു തുറപ്പിച്ചു; വിഴിഞ്ഞം ക്രമസമാധാന പാലനത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു; ആർ നിശാന്തിനി സ്പെഷ്യൽ ഓഫീസർ; തുടർ ആക്രമണങ്ങൾ തടയാൻ എങ്ങും പൊലീസ് ജാഗ്രത ശക്തം; കെഎസ്ആർടിസി ബസുകൾ തകർത്ത സംഭവത്തിൽ 50 പേർക്കെതിരെ കേസ്; ഏഴ് ലക്ഷം നഷ്ടം കണക്കാക്കി
തിരുവനന്തപുരം: വിഴിഞ്ഞം ക്രമസമാധാന പാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു സർക്കാർ. ദക്ഷിണ മേഖലാ ഡിഐജി ആർ നിശാന്തിനിയാണ് സ്പെഷ്യൽ ഓഫീസർ. അതേസമയം വിഴിഞ്ഞത്ത് അക്രമങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് ജാഗ്രത കർശനമാക്കിയിട്ടുണ്ട്. വിഴിഞ്ഞം പൊലീസ് സ്‌റ്റേഷൻ ആക്രമിക്കപ്പെട്ടതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് പൊലീസ് നടപടി.
സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപത ഇന്ന് വഞ്ചനാദിനമായി ആചരിക്കുകയാണ്. ഓഖി ദുരന്ത വാർഷികത്തോടനുബന്ധിച്ചാണ് ദിനാചരണം. ഓഖി ദുരന്തത്തിന് അഞ്ച് വർഷം പൂർത്തിയായിട്ടും സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് വഞ്ചനാ ദിനമായി ആചരിക്കുന്നത്. സമാധാനം പുനഃസ്ഥാപിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന സർവകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോ ആക്രമിച്ച് ബസുകൾ തകർത്ത സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബസ് തകർത്തതിലൂടെ 7,96,000 രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് എഫ്‌ഐആറിൽ പറയുന്നു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ കേസെടുത്തിരുന്നു. വധശ്രമം ലഹളയുണ്ടാക്കൽ, പൊലീസ് സ്റ്റേഷൻ അക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
അതേസമയം വിഴിഞ്ഞത്ത് ഞായറാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 70 പേരാണ് ചികിത്സതേടിയത്. ഇതിൽ 31 പേരും പൊലീസുകാരാണ്. 38 പ്രദേശവാസികളും ഒരു മാധ്യമപ്രവർത്തകനും ആശുപത്രിയിലെത്തി. പ്രദേശവാസികളിൽ കുറച്ചു പേർ ഇന്നലെയാണ് ചികിത്സതേടിയത്. ഇതിൽ 22 പേരെ ഡിസ്ചാർജ് ചെയ്തു.സംഘർഷത്തിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റ പ്രൊബേഷൻ എസ്‌ഐ ലിജു പി.മണിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്രമികൾ ആണി തറച്ച തടിക്കഷ്ണം ഉപയോഗിച്ചാണ് ലിജുവിന്റെ വലുതകാലിൽ അടിച്ചത്. അടിയുടെ ആഘാതത്തിൽ ആണി കാലിൽ തുളച്ചുകയറി എല്ല് പൊട്ടി.
ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നാണ് വിവരം. മെഡിക്കൽ കോളേജിൽ അടിയന്തരസാഹചര്യം കണക്കിലെടുത്ത് എല്ലാവർക്കും ചികിത്സ ഉറപ്പാക്കാനും ഏകോപിപ്പിക്കാനും ആശുപത്രിയിലെ 22ാം വാർഡ് ഞായറാഴ്ച രാത്രി തന്നെ തുറന്നു. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഐ.സി.യുവും സജ്ജമാക്കി. ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെയുള്ളവ ക്രമീകരിച്ചിട്ടുണ്ട്.മെഡിക്കൽ കോളേജിൽ മതിയായ സൗകര്യങ്ങളൊരുക്കണമെന്ന് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഭീതിയോടെ വ്യാപാരികൾപരിസരപ്രദേശങ്ങളിലെ ഭൂരിപക്ഷം കടകളും ഇന്നലെ അടച്ചിട്ടു. ചില കടകൾ മാത്രം സമരാനുകൂലികൾ തെരഞ്ഞുപിടിച്ച് ആക്രമിച്ചെന്നാണ് ആക്ഷേപം. സംഘർഷം ഭയന്ന് ഷട്ടറിട്ട കടകളുടെ പൂട്ടുകൾ പലതും പൊട്ടിച്ചു. സ്റ്റേഷന് സമീപത്തുള്ള തട്ടുകടയിലെ കസേരകൾ നശിപ്പിച്ചു. ടിയർ ഗ്യാസ് പൊട്ടിച്ചതിന്റെ അസ്വസ്ഥതകളും പല വ്യാപാരികളും പങ്കുവച്ചു.
മറുനാടന് മലയാളി ബ്യൂറോ