തിരുവനന്തപുരം: സമരക്കാർ കൈയടക്കിയ വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന്റെ നിയന്ത്രണം പൊലീസ് തിരിച്ചുപിടിച്ചത് മൂന്നുമണിക്കൂറിന് ശേഷം. രാത്രി ഒൻപതോടെ പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ സ്ഥലത്ത് എത്തിയതിനു പിന്നാലെ പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തി വീശി.

പ്രതിഷേധക്കാരെ തുരത്താൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ പരിക്ക് പറ്റി വിഴിഞ്ഞം പൊലീസ് സ്റ്റേഷനുള്ളിൽ അഭയം തേടിയ ഒൻപത് പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാൻ പല തവണ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ അനുവദിച്ചില്ല. പരിക്ക് പറ്റിയവരെ ആശു പത്രിയിലേക്ക് മാറ്റാൻ എത്തിയ 108 ആംബുലൻസ് പ്രതിഷേധക്കാർ തടഞ്ഞു തിരിച്ചയച്ചു.

അറസ്റ്റിലായ അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ തുറമുഖ വിരുദ്ധസമര സമിതി പ്രവർത്തകരാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. ഫോർട്ട് അസി.കമ്മിഷണർ ഷാജി, വിഴിഞ്ഞം സിഐ പ്രജീഷ് ശശി എന്നിവരടക്കം അവിടെ ഉണ്ടായിരുന്ന രണ്ട് വനിതകളടക്കം 25 പൊലീസുകാരെയും ക്രൂരമായി മർദ്ദിച്ചു. ഫോർട്ട് സ്റ്റേഷനിലെ സി.പി.ഒ ശരത് കുമാർ, വിഴിഞ്ഞം പ്രൊബേഷൻ എസ്‌ഐ ലിജു പി. മണി എന്നിവരുടെ നില ഗുരുതരമാണ്.ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരക്കാർ പൊലീസിന്റെ 4 ജീപ്പ്, 2 വാൻ, 20 ബൈക്കുകൾ, സ്റ്റേഷനിലെ ഓഫിസ് മുറികളിലെ ഫർണിച്ചറുകൾ തുടങ്ങിയവ നശിപ്പിച്ചു.

വൈകിട്ട് ആറരയോടെയായിരുന്നു അക്രമങ്ങൾക്ക് തുടക്കം. ഇരുമ്പ് കമ്പികളും പങ്കായങ്ങളുമായാണ് സ്റ്റേഷൻ ആക്രമിച്ചത്. നാലു ജീപ്പുകളും രണ്ടു വാനുകളും ഇരുപത് ബൈക്കുകളും തകർത്തു. പൊലീസുകാരെ ആശുപത്രിയിലെത്തിക്കാൻ വിളിച്ചുവരുത്തിയ ആംബുലൻസുകൾ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. 600ലേറെ പൊലീസുകാർ വിവിധ സ്റ്റേഷനുകളിൽ നിന്നെത്തിയാണ് സ്റ്റേഷന്റെ നിയന്ത്രണം തിരിച്ചു പിടിച്ചത്. തുടർന്നാണ് പൊലീസുകാരെ ആശുപത്രിയിലെത്തിക്കാനായത്. പിന്നാലെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് എത്തി നിലയുറപ്പിച്ചെങ്കിലും അക്രമികൾ പിരിഞ്ഞു പോയില്ല. ഇവരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് തയ്യാറായില്ല. രാത്രി ഒൻപതോടെ ടിയർ ഗ്യാസ് പ്രയോഗിച്ചു. സംഘർഷാവസ്ഥ തുടരുകയാണ്. അവധിയിലായിരുന്ന പൊലീസുകാരെ തിരികെ വിളിപ്പിച്ചു. കൂടുതൽ ആംബുലൻസുകളെ എത്തിക്കാൻ നിർദ്ദേശം നൽകി.

ആക്രമണം നടത്തിയ കുറ്റത്തിന് വിഴിഞ്ഞം സ്വദേശി സെൽറ്റനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വൈകിട്ട് സ്റ്റേഷനിലെത്തിയ മുത്തപ്പൻ, ലിയോ, ശംഖി, പുഷ്പരാജ് എന്നിവരും അറസ്റ്റിലായതോടെയാണ് സ്ത്രീകൾ അടക്കമുള്ള സംഘം സ്റ്റേഷൻ ആക്രമിച്ചത്. സ്റ്റേഷൻ വളഞ്ഞ് കല്ലേറു നടത്തിയ സംഘം പൊടുന്നനെ ഇരച്ചുകയറി പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയായിരുന്നു. ഫർണിച്ചറും കമ്പ്യൂട്ടറുകളും വയർലെസ് സെറ്റുകളും അടക്കം അടിച്ചു തകർത്ത് പുറത്തേക്ക് എറിഞ്ഞു.

ശനിയാഴ്ചത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച പൊലീസ് പത്തോളം കേസാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഒൻപതെണ്ണം തുറമുഖത്തിനെതിരെ സമരം ചെയ്തവരുടെ പേരിലാണ്. തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ വിഴിഞ്ഞം സ്വദേശിയായ സെൽറ്റോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ വിട്ടയക്കണമെന്ന ആവശ്യവുമായി വൈദികർ അടക്കമുള്ള സംഘം പൊലീസ് സ്റ്റേഷനിലെത്തി. നേരത്തെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളും ഈ സംഘത്തിലുണ്ടായിരുന്നു. പൊലീസും ഈ സംഘവും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന്, മോചിപ്പിക്കാനെത്തിയ സംഘത്തിലെ പ്രതികളായവരോട് സ്റ്റേഷനിൽ തുടരാൻ പൊലീസ് നിർദേശിച്ചു. തുടർന്ന് പൊലീസും ഇവരും തമ്മിൽ സംഘർഷം രൂപപ്പെടുകയായിരുന്നു.

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ദിവസം മദ്യനിരോധനം

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം നവംബർ 28 മുതൽ ഡിസംബർ നാല് വരെ (ഏഴ് ദിവസം) നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പിൽ പറയുന്നു..