തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി സർക്കാർ നടത്തിയ നാലാം വട്ട ചർച്ചയും പരാജയപ്പെട്ടു. മന്ത്രിസഭാ ഉപസമിതിയുമായി ലത്തീൻ രൂപതയാണ് ചർച്ച നടത്തിയത്. ആവശ്യങ്ങളിൽ തീരുമാനമാകാതെ ചർച്ച പിരിയുകയായിരുന്നു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ലത്തീൻ രൂപത അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം സംസ്ഥാന വ്യാപകമാക്കും. സർക്കാർ ഉറപ്പ് നൽകുന്നതല്ലാതെ ഉത്തരവുകൾ ഇറങ്ങുന്നില്ലെന്നും സമരക്കാർ വിമർശിച്ചു.

ഏഴ് പ്രധാന ആവശ്യങ്ങളായിരുന്നു സമര സമിതി മുന്നോട്ട് വെച്ചത്. തുറമുഖ നിർമ്മാണം നിർത്തിവെച്ച് സാമൂഹിക ആഘാത പഠനം നടത്തണമെന്നത് ഉൾപ്പടെയാണ് ആവശ്യങ്ങൾ. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉപവാസ സമരം തുടങ്ങിയിരുന്നു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ നേതൃത്വത്തിൽ ആറ് പേരാണ് ഉപവാസമിരുന്നത്.

ഒരു കാര്യത്തിലും യോഗത്തിൽ കൃത്യമായ തീരുമാനം ആയില്ലെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം തങ്ങളെ ആക്ഷേപിക്കുന്നതാണെന്നും വികാരി ജനറൽ യൂജിൻ പെരേര കുറ്റപ്പെടുത്തി. നിവേദനങ്ങൾ ഫയലിൽ മാത്രമാകുകയാണ്. സമരം സംസ്ഥാന വ്യാപകമാക്കുമെന്നും മൂലമ്പള്ളിയിൽ നിന്ന് ആദ്യഘട്ടസമരം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ പതിനൊന്നംഗ സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്. മന്ത്രിസഭാ ഉപസമിതിയുമായുള്ള യോഗത്തിൽ മന്ത്രിമാരെ ലത്തീൻ അതിരൂപത പ്രതിഷേധം അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ വിഷയത്തിൽ എല്ലാ കാര്യങ്ങളും സർക്കാർ പരിഗണിച്ചുവെന്നും സമരം നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നും മന്ത്രി വി. അബ്ദുറഹ്മാൻ പ്രതികരിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കാൻ ആകില്ലെന്ന് കോടതി തന്നെ പറഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ട് ചർച്ച ഇനിയും തുടരും. സമരം ശക്തമാക്കുമെന്ന് തങ്ങളോട് ലത്തീൻ അതിരൂപത പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ഒരു ആക്ഷേപവും നടത്തിയിട്ടില്ല. സമരം നീട്ടിക്കൊണ്ടുപോകുന്നതിൽ ഒരർത്ഥവുമില്ല. ഓരോ കാര്യങ്ങളിലും കൃത്യമായി നടപടി എടുത്താണ് സർക്കാർ പോകുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വിഴിഞ്ഞം തുറമുഖ സമര പ്രശ്നത്തിൽ ലത്തീൻ അതിരൂപതയ്ക്കെതിരെ ശക്തമായ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വിഴിഞ്ഞം പുനരധിവാസ പാക്കേജ് ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കവെയായിരുന്നു ഇത്. ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണെന്ന് രൂപതയെ പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് നല്ല ഉദ്ദേശമേയുള്ളു, നാട്ടിലെ ജനങ്ങൾ സർക്കാരുമായി സഹകരിക്കുന്നവരാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് എതിർക്കുന്നവർ എതിർക്കുന്നതെന്ന് വ്യക്തമാക്കേണ്ടത് അവരാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.