തൃശൂര്‍: തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ മറ്റത്തൂര്‍ പഞ്ചായത്തില്‍ അരങ്ങേറിയത് സമാനതകളില്ലാത്ത രാഷ്ട്രീയ നാടകം. അത് വീണ്ടും ട്വിസ്റ്റിലേക്ക്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടമായി പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിപ്പിക്കുകയും ചെയ്തു. എല്‍ഡിഎഫിനെ ഭരണത്തില്‍ നിന്ന് അകറ്റാന്‍ ബിജെപിയും കോണ്‍ഗ്രസ് വിമതരും കൈകോര്‍ത്തതോടെ 'ഓപ്പറേഷന്‍ താമര' മോഡല്‍ അട്ടിമറിയാണ് മറ്റത്തൂരില്‍ ദൃശ്യമായത്.

മറ്റത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിനെ ഭരണത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തത് കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. എന്നാല്‍ ഈ രാഷ്ട്രീയ നീക്കങ്ങള്‍ക്കിടയില്‍ ഏറ്റവും ശ്രദ്ധേയമായത് യുവ മെമ്പര്‍ അതുല്‍ കൃഷ്ണയുടെ നിലപാടുകളാണ്. കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടമായി രാജിവെച്ച് ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചപ്പോള്‍, ഈ അട്ടിമറിക്ക് പിന്നിലെ ചാലകശക്തിയായി മാറിയത് അതുല്‍ കൃഷ്ണ ഉള്‍പ്പെടെയുള്ളവരുടെ പോരാട്ടമാണെന്നാണ് വിലയിരുത്തല്‍. തന്റെ സംരംഭം പൂട്ടിക്കാന്‍ ശ്രമിച്ച പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി വിജയിച്ച അതുല്‍ കൃഷ്ണ, ഇന്ന് ഭരണനിര്‍ണ്ണായക ശക്തിയായി മാറിയിരിക്കുകയാണ്.

സിവില്‍ എന്‍ജിനീയറിങ് പഠനത്തിന് ശേഷം തന്റെ 24-ാം വയസ്സില്‍ സ്വന്തം വീടിന് സമീപം 20 സെന്റ് സ്ഥലത്ത് 'സോളിഡ് ബ്ലോക്ക്' നിര്‍മാണ കമ്പനി തുടങ്ങിയ വ്യക്തിയായിരുന്നു അതുല്‍ കൃഷ്ണ. കമ്പനിക്ക് ലൈസന്‍സ് ഇല്ലെന്ന് കാണിച്ച് പഞ്ചായത്ത് അധികൃതര്‍ സ്ഥാപനം പൂട്ടിച്ചു. ഇതിനെതിരെ നിയമപരമായും അല്ലാതെയും അതുല്‍ പോരാടി. പഞ്ചായത്തിന്റെ വീഴ്ചകളും അധികൃതരുടെ നടപടികളും അതുല്‍ തന്റെ വ്‌ലോഗിലൂടെയും റീലുകളിലൂടെയും പുറംലോകത്തെ അറിയിച്ചു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ നേടിക്കൊടുത്തു. അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയ അതുലിനെ നാട്ടുകാര്‍ പിന്തുണയ്ക്കുകയും തുടര്‍ന്ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിക്കുകയും ചെയ്തു. 'പഞ്ചായത്തിന് എട്ടിന്റെ പണി കൊടുത്ത യുവാവ്' ഇപ്പോള്‍ സിപിഎമ്മിനം തലവേദനയായി. ഒരു സാധാരണ സംരംഭകന്‍ എന്ന നിലയില്‍ തുടങ്ങിയ യാത്ര, പഞ്ചായത്ത് അധികൃതരുടെ പീഡനങ്ങളെ അതിജീവിച്ച് ഒടുവില്‍ അതേ പഞ്ചായത്തില്‍ മെമ്പറായി എത്തുന്ന പ്രതികാരം. ഇതിനൊപ്പം ഭരണവും അട്ടിമറിച്ചു.

കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയെത്തുടര്‍ന്ന് രാജിവെച്ച എട്ട് അംഗങ്ങളും ബിജെപിക്കൊപ്പം ചേര്‍ന്ന് ടെസി ജോസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഔസേപ്പിനെ തറപറ്റിക്കാന്‍ ബിജെപിയും കോണ്‍ഗ്രസ് വിമതരും ഒന്നിച്ചതോടെ മറ്റത്തൂരില്‍ പുതിയ ഭരണസമിതി അധികാരമേറ്റു. ബിജെപിയുമായി ചേര്‍ന്ന് അവിശുദ്ധ സഖ്യമുണ്ടാക്കി എന്നാരോപിച്ച് രാജിവെച്ച എട്ട് അംഗങ്ങളെയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍, വമ്പന്‍ സ്രാവുകളെ വീഴ്ത്താന്‍ തങ്ങള്‍ സ്വീകരിച്ച നിലപാട് ശരിയാണെന്ന നിലപാടിലാണ് വിമതര്‍. ഭരണസമിതിയുടെ അഴിമതിക്കും അനീതിക്കുമെതിരെയുള്ള തിരിച്ചടിയാണ് ഇതെന്നും അവര്‍ അവകാശപ്പെടുന്നു.

മറ്റത്തൂരില്‍ സംഭവിച്ചത്

24 അംഗങ്ങളുള്ള പഞ്ചായത്തില്‍ 10 അംഗങ്ങളുള്ള എല്‍ഡിഎഫ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസിന് എട്ടും ബിജെപിക്ക് നാലും അംഗങ്ങളാണ് ഉണ്ടായിരുന്നത്. കൂടാതെ രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വേളയില്‍ 8 കോണ്‍ഗ്രസ് അംഗങ്ങളും ബിജെപിയും ചേര്‍ന്ന് സ്വതന്ത്ര അംഗമായ ടെസി ജോസിനെ പിന്തുണച്ചു. ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായെങ്കിലും ടെസി ജോസ് വിജയിച്ചു. അതായത് വലിയൊരു രാഷ്ട്രീയ ചതി നടന്നുവെന്നാണ് സിപിഎം പറയുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വ്‌ലോഗര്‍ കൂടിയായ അതുല്‍ കൃഷ്ണയാണ്.

ബിജെപിയുമായി കൂട്ടുചേരില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അങ്ങനെ എങ്കില്‍ ഭൂരിപക്ഷ കരുത്തില്‍ സിപിഎമ്മിന് ഭരണം കിട്ടുമായിരുന്നു. ഇതൊഴിവാക്കാന്‍ തന്ത്രപരമായ രാഷ്ട്രീയ നീക്കം നടന്നുവെന്ന് സിപിഎം വിലയിരുത്തുന്നു. കോണ്‍ഗ്രസ് വിമതരെ പാര്‍ട്ടിയിലേക്ക് തിരികെ പ്രവേശിപ്പിക്കുന്നതില്‍ പ്രാദേശിക നേതൃത്വത്തിനുള്ള കടുത്ത അതൃപ്തിയാണ് കൂട്ടരാജിയിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് വിമതനായി ജയിച്ച ഔസേപ്പിനെ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയതോടെ, അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപി പാളയത്തില്‍ എത്തുകയായിരുന്നു. അങ്ങനെ അവര്‍ അവരുടെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ എട്ട് പഞ്ചായത്ത് അംഗങ്ങളെയും കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പില്‍ എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, ബിജെപിയുമായുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറ്റത്തൂരില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. എന്നാല്‍ ഇന്ന് രാവിലെ വീണ്ടും ആ എട്ടു പേര്‍ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ താല്‍പ്പര്യം കാട്ടുന്നു. അപ്പോഴും മറ്റത്തൂരില്‍ സിപിഎം ഭരണം വീണു. ആ സമയം ബിജെപിക്കൊപ്പം ചേര്‍ന്ന് വോട്ടു ചെയ്തവരൊന്നും കോണ്‍ഗ്രസുകാരും ആയിരുന്നില്ല.

സിപിഎം തോല്‍വി ഉറപ്പിച്ച് അവര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി എത്തുന്നു. വിപ്പ് കൊടുക്കാത്തതു കൊണ്ട് അയോഗ്യതാ ഭീഷണിയും അവര്‍ക്കില്ല. ഇതെല്ലാം രാഷ്ട്രീയ ഗൂഡാലോചനയായി സിപിഎം കാണുന്നു. സിപിഎമ്മിനെ തോല്‍പ്പിച്ച ശേഷം കോണ്‍ഗ്രസിലേക്ക് അവര്‍ മടങ്ങിയെത്തുന്നുവെന്നും സിപിഎം പറയുന്നു. ഈ മടങ്ങി വരവ് കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുമോ എന്നതും നിര്‍ണ്ണായകമാണ്.