തിരുവനന്തപുരം : സെമിത്തേരിയിലേക്കുള്ള തലമുറകളുടെ യാത്രയ്ക്ക് പ്രത്യാശപകർന്ന 'സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു' എന്ന വിലാപഗാനത്തിന് 125 വയസ്സ്. മലയാളത്തിൽ ഏറ്റവുമധികം പ്രചാരംനേടിയ ക്രിസ്തീയഗാനങ്ങളിലൊന്നായ ഇതെഴുതിയത് മലയാളിയല്ല. ഫോൾബ്രെഷ്റ്റ് നാഗൽ എന്ന ജർമൻ മിഷണറിയാണ്.

കേരളം രൂപീകൃതമാകും മുൻപ് മലയാളമണ്ണിൽ പ്രവർത്തിച്ച മിഷനറിയാണ് ഫോൾബ്രെഷ്റ്റ് നാഗൽ. ക്രിസ്തീയ സംസ്‌കാര ചടങ്ങുകളിൽ അഭിവാജ്യ ഘകമായ ഈ കീർത്തനം രചിച്ച നാഗൽ മിഷനറിയുടെ പ്രവർത്തന മേഖല കുന്നംകുളമായിരുന്നു. ഇംഗ്ലിഷ്, ഗ്രീക്ക്, ലാറ്റിൻ, ഹീബ്രു ഭാഷകളിലും പ്രാവീണ്യം നേടിയ നാഗൽ ഒട്ടേറെ ഇംഗ്ലിഷ് ക്രൈസ്തവ കീർത്തനങ്ങൾ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി. നന്നായി മലയാളം സംസാരിച്ചിരുന്ന അദ്ദേഹം, അറുപതിലേറെ മലയാള ഗാനങ്ങളും രചിച്ചു. ഫോൾബ്രെഷ്റ്റ് നാഗൽ മരിച്ചിട്ട് നൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു.

യഥാർഥത്തിൽ പ്രത്യാശാഗീതമെന്ന നിലയിലാണ് 1897-ൽ 'സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു' എന്ന ഗാനം എഴുതിയത് എങ്കിലും വിലാപഗാനമായി പിന്നീട് പരിണമിക്കുകയായിരുന്നു. ലോകയാത്ര അവസാനിക്കുന്നിടത്ത് നിത്യയാത്ര ആരംഭിക്കുന്നുവെന്ന ദാർശനികതലം മുന്നോട്ടുവെക്കുന്ന ഗാനം മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ പങ്കുവെക്കുന്നതായിരുന്നു. ജർമനിയിലെ ഹേസനിലെ സ്റ്റാംഹൈമിൽ തുകൽപ്പണിക്കാരനായ ഹെന്റിക് പീറ്റർ നാഗലിന്റെയും എലിസബത്തിന്റെയും മകനായി 1867 നവംബർ മൂന്നിനാണ് ഫോൾബ്രെഷ്റ്റ് നാഗലിന്റെ ജനനം. 1893ൽ 22-ാം വയസ്സിൽ ബാസൽ മിഷൻ മിഷനറിയായി നാഗൽ കണ്ണൂരിലെത്തിയത്. പിന്നീട് വാണിയംകുളത്തേക്കു പ്രവർത്തനമേഖല മാറ്റി. പിന്നാലെ, ബാസൽ മിഷന് ബന്ധം വിട്ടു. പിന്നീട് കുന്നംകുളം കേന്ദ്രീകരിച്ച് തൃശൂർ, നെല്ലിക്കുന്ന്, പറവൂർ എന്നിവിടങ്ങളായി പ്രവർത്തനം.

പിന്നീട് റെയിൽവേ ഉദ്യോഗസ്ഥനായ ജോസഫ് സാമുവേൽ മിച്ചലിന്റെ മകളും കുന്നംകുളത്ത് അദ്ധ്യാപികയുമായ ഹാരിയറ്റ് സബീന മിച്ചൽ എന്ന ആംഗ്ലോ ഇന്ത്യൻ യുവതിയും നാഗലും തമ്മിലുള്ള വിവാഹം 1896 ഏപ്രിൽ ഒന്നിന് കുന്നംകുളത്ത് നടന്നു. മലയാള ഭാഷയിൽ അറിവു കൂട്ടാൻ ഭാര്യ ഏറെ സഹായിച്ചു. വസൂരി, കോളറ, ക്ഷയം തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു പിടിച്ചിരുന്ന സമയത്തായിരുന്നു നാഗലിന്റെ പ്രവർത്തനകാലം. 1914ൽ ജർമനിയിലേക്ക് പോയ നാഗൽ പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി വരാൻ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല. 1921 മെയ്‌ 21ന് അന്തരിച്ചു.

കുന്നംകുളത്തു നിന്ന് കണ്ണൂരിലേക്ക് കാളവണ്ടിയിൽ യാത്ര ചെയ്യുമ്പോഴായിരുന്നു 'സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു' എന്ന 20 വരികളുള്ള ഈ ഗാനത്തിന്റെ പിറവി. കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത 'അരനാഴികനേരം' എന്ന ചലച്ചിത്രത്തിൽ വയലാർ ഈ പാട്ട് അല്പം രൂപമാറ്റംവരുത്തി ഉപയോഗിച്ചതോടെയാണ് പ്രസിദ്ധമായത്. വയലാർ രചിച്ച് ദേവരാജൻ സംഗീതം നൽകിയ പാട്ടെന്ന തെറ്റിദ്ധാരണ പരക്കാനും ഇതിടയാക്കി.

'എൻ സ്വദേശം കാൺമതിന് ബദ്ധപ്പെട്ടോടീടുന്നു' എന്ന നാഗലിന്റെ വരികൾ 'ബദ്ധപ്പെട്ടോടീടുന്നു' എന്നതിനുപകരം 'ഞാൻ തനിയെ പോകുന്നു' എന്ന് വയലാർ മാറ്റിയിരുന്നു. കൂടാതെ, 'യേശുവേ നിനക്ക് സ്ത്രോത്രം, വേഗം നിന്നെകാണും ഞാൻ' എന്ന വരികൾക്കുപകരം 'ആകെയരനാഴികമാത്രം, ഈയുടുപ്പ് മാറ്റുവാൻ' എന്നും ചേർത്തു. 'രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങീടുന്നു, അപ്പോഴുമെൻ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു' എന്നവരികൾ ലോകയാത്രയുടെ മാത്രമല്ല, മരണാനന്തരജീവിതത്തെക്കൂടി സൂചിപ്പിക്കുന്നുവെന്നാണ് വ്യാഖ്യാനം. 'ഓ മൈ ഡാർലിങ് ക്‌ളമന്റൈൻ' എന്ന അമേരിക്കൻ നാടോടിഗാനത്തിന്റെ ഈണമാണ് ഈ പാട്ടിന് അദ്ദേഹം നൽകിയത്.

1867-ൽ ജർമനിയിലെ ഹസ്സൻ നഗരത്തിൽ ജനിച്ചു. സുവിശേഷ ദൗത്യവുമായി 22-ാം വയസ്സിൽ കേരളത്തിലെത്തി. മലയാളം പഠിച്ച നാഗൽ, എഴുപതിലധികം മലയാളഗാനങ്ങളെഴുതി. 1897-ലാണ് 'സമയമാം രഥത്തിൽ' എന്ന പാട്ടെഴുതിയത്. 1914-ൽ ജർമനിയിലേക്ക് മടങ്ങി. തിരിച്ചുവരാനായിരുന്നു ആഗ്രഹമെങ്കിലും ഒന്നാംലോകയുദ്ധംകാരണം കഴിഞ്ഞില്ലെന്നതാണ് വസ്തുത. നാഗലിന്റെ കീർത്തി പകർത്തു കിട്ടിയ കുന്നംകുളം നഗരത്തിലെ പട്ടാമ്പി റോഡിനെയും യേശുദാസ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിന് മിഷനറി നാഗൽ റോഡ് എന്ന് പേരു നൽകിയിട്ടുണ്ട്. നാഗൽ കുന്നംകുളത്ത് സ്ഥാപിച്ച ബ്രദറൺ സഭ ബഥേൽ ഹാൾ നാഗൽ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

അനാഥരെ താമസിപ്പിക്കുന്നതിനു തൃശൂർ നെല്ലിക്കുന്നിൽ അടക്കം ഭവനങ്ങൾ സ്ഥാപിച്ച് പ്രവർത്തിച്ച നാഗലിനെ സ്മരിക്കുന്നതിനായി കൂട്ടായ പ്രവർത്തനങ്ങൾ പലതും കുന്നംകുളത്ത് നടന്നിരുന്നു.