ലോകത്തിലെ ഏറ്റവും മാരകമായ അഗ്‌നിപർവ്വതങ്ങളിൽ ഒന്ന് സ്ഫോടനത്തിന്റെ വക്കിലെത്തിയതായി വാർത്ത. അഗ്‌നിപർവ്വതത്തിന്റെ സമീപത്തുണ്ടായ ഭൂകമ്പങ്ങളാണ് ഈ ഭീതിയുയർത്തിയിരിക്കുന്നത്. കൊളമ്പിയയിലെ നെവാഡോ ഡെൽ റൂസിൽ കഴിഞ്ഞ ആഴ്‌ച്ച ഒരു ദിവസം 6000 തവണകൾ വീതമാണ് ഭൂകമ്പം ഉണ്ടായത്. ഇതോടെ സമീപ പ്രദേശത്തുള്ള 2500 ഓളം കുടുംബങ്ങളെ സർക്കാർ ഒഴിപ്പിച്ചു.

1985- ൽ ഈ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചപ്പോൾ 25,000 പേർക്കാണ് മരണം സംഭവിച്ചത്. മനുഷ്യ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ആളുകൾ കൊല്ലപ്പെടുന്ന നാലാമത്തെ അഗ്‌നിപർവ്വത സ്ഫോടനമായിരുന്നു അത്. പൊട്ടിയൊലിച്ചിറങ്ങിയ ലാവയ്ക്കും കല്ലുകള്ക്കും അറിയിൽ കുടുങ്ങിയാണ് ഏറെപേർ മരണമടഞ്ഞത്. അഗ്‌നിപർവ്വത സ്ഫോടനത്തിനുള്ള ഒരുക്കമായാണ് കഴിഞ്ഞ ദിവസത്തെ ഭൂകമ്പങ്ങളെ കാണുന്നത്.

കൊളമ്പിയയിലെ ടോലിമ, കാൽഡാസ് പ്രവിശ്യകളുടെ അതിർത്തിയിലായാണ് നെവാഡോ ഡെൽ റൂസ് സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമായ ബൊഗൊട്ടയിൽ നിന്നും 80 മൈൽ അകലെ സ്ഥിതി ചെയ്യുന്ന 17,717 അടി ഉയരമുള്ള ഈ അഗ്‌നിപർവ്വം 1.5 ലക്ഷം വർഷങ്ങൾക്ക് മുൻപാണ് രൂപപ്പെട്ടത്. നിരവധി പാളികളായിലാവയും പാളികൾക്കിടയിൽ കട്ടികൂടിയ അഗ്‌നിപർവ്വത ചാരവും പാറക്കൂട്ടങ്ങളും അടങ്ങിയ സ്ട്രാറ്റോ വോൾക്കാനൊ എന്ന വിഭാഗത്തിൽ പെടുന്ന അഗ്‌നിപരവ്വതമാണിത്.

1985 നവംബർ 13 ന് 23,000 അറ്റി ഉയരത്തിലേക്കാണ് ചൂടുള്ള ചാരവും ലാവയും ചീറ്റിത്തെറിച്ചതെന്ന് എർത്ത് മാഗസിൻ എഴുതുന്നു. തുടർന്ന് പരിസരത്ത് ഭൂമി കുലുങ്ങുകയും പരിസര പ്രദേശങ്ങളിൽ 98 അടി ഉയരത്തിൽ വരെ ചെളി അടിഞ്ഞുകൂടുകയും ചെയ്തു. സ്ഫോടനം അത്ര ഭീകരമായിരുന്നില്ലെങ്കിലും, തത്ഫലമായുണ്ടായ ചൂടാണ് സമീപ ഗ്രാമങ്ങളെ ചെളിയിൽ മുക്കിയത്.

ആളുകളെ ഒഴിപ്പിക്കാൻ ധൃതഗതിയിൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വളർത്തു ,മൃഗങ്ങളേയും ഗ്രാമവാസികളുടെ ജീവനോപാധിയായ കന്നുകാലികളേയും ഒഴിപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ചില ഗ്രാമവാസികൾ വീട് വിട്ടുപോകാൻ തയ്യാറല്ലേന്നും പറയുന്നു. മുതിർന്നവർ വീടുവിട്ടു പോകാൻ തയ്യാറല്ലെങ്കിൽ, കുട്ടികളെ നിർബന്ധമായും ഒഴിപ്പിച്ചിരിക്കണം എന്ന കർശന നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് ഭൂചലനങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയത്. മാർച്ച് 28 ന് 6500 ചലനങ്ങൾ ഉണ്ടായപ്പോൾ 29 ന് ഉണ്ടായത് 11,000 ഭൂചലനങ്ങളാണ് കഴിഞ്ഞ ഞായറാഴ്‌ച്ചയോടെ ഭൂചലനങ്ങൾ കുറയാൻ തുടങ്ങിയെങ്കിലും 3000 അടി ഉയരത്തിൽ ചാരം ചീറ്റിത്തെറിപ്പിക്കുകയുണ്ടായി. ഇതോടെ യെല്ലോ വാർണിങ് ഉണ്ടായിരുന്നത് ഓറഞ്ച് വാർണിങ് ആയി ഉയർത്തിയിട്ടുണ്ട്.