തിരുവനന്തപുരം: നൂറ്റിയമ്പത് കോടി നല്‍കിയ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലെയണല്‍ മെസിയെ കേരളത്തില്‍ എത്തിച്ചാല്‍ കേരളത്തിന്റെ കായിക മുന്നേറ്റം സാധ്യമാകില്ല. പക്ഷേ അതിന് വേണ്ടി സമയം കളയുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത്തരം ആഘോഷങ്ങള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ കായിക മന്ത്രി നെട്ടോട്ടമോടുമ്പോള്‍ കേരളത്തില്‍ നിന്നുള്ള കായിക പ്രതിഭകള്‍ വണ്ടിക്കൂലി ഇല്ലാതെ വലയുകയാണ്. ഇതിനൊപ്പമാണ് ചില അസോസിയേഷനുകളില്‍ അധികാരക്കൊതിയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍. ഇത്തരം കാര്യങ്ങളില്‍ വേണം കേരളത്തിന്റെ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ അടിയന്തരമായി ഇടപെടേണ്ടത്. ദേശീയ ഗെയിംസ് ഒരുക്കങ്ങളെ പണമില്ലായ്മ ബാധിച്ചുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച പുറത്തു വന്നിരുന്നു. ഇപ്പോഴിതാ വോളിബോളിലെ തമ്മിലടിയും. ഇത്തരം പ്രതിസന്ധികളെ അടിയന്തര ഇടപെടലുകളിലൂടെ സര്‍ക്കാര്‍ അപ്രസക്തമാക്കണം. ഇന്ത്യന്‍ വോളിബോളിന് കേരളം നല്‍കിയ മികച്ച സംഭാവനകളില്‍ ഒരാളാണ് ടോം ജോസ്. കളിയില്‍ നിന്നും വിരമിച്ചു. ഇന്ത്യന്‍ ക്യാപട്‌നുമായിരുന്നു. വോളിബോളിലെ പുതിയ 'അടി' കേരളത്തിന് വലിയ നഷ്ടമാകും. ഇക്കാര്യം ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ചര്‍ച്ചയാക്കുകയാണ് ടോം ജോസ്.

ദേശീയ ഗെയിംസ് വോളിബോള്‍ ടീമിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. ടെക്‌നിക്കല്‍ കമ്മിറ്റി തിരഞ്ഞെടുത്ത ടീമിനെ ദേശീയ ഗെയിംസില്‍ പങ്കെടുപ്പിക്കണം. കേരള ഒളിമ്പിക് അസോസിയേഷന്റെ ടീം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഐഒഎയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടീമിനെ തെരഞ്ഞെടുത്തതെന്നും അസോസിയേഷന്‍ തെരഞ്ഞെടുത്ത ടീമിനെ മാറ്റില്ലെന്നും കേരള ഒളിമ്പിക് അസോസിയേഷന്‍ അറിയിച്ചു. ദേശീയ ഗെയിംസ് വോളിബോളില്‍ കേരളത്തിന് നിലവില്‍ രണ്ട് ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒളിമ്പിക് അസോസിയേഷന്‍ തിരഞ്ഞെടുത്ത ടീമിന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത ടീമിന്റെയും പേരുകള്‍ ഇതുവരെ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. തങ്ങളുടെ ടീമിനെ മത്സരിപ്പിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. കത്തിന് അനുകൂല മറുപടി ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനനാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിലവിലെ തീരുമാനം. ഈ തര്‍ക്കമാണ് ടോം ജോസും ചര്‍ച്ചയാക്കുന്നത്. കേരളാ ഒളിമ്പിക്‌സ് അസോസിയേഷനെ നയിക്കുന്നത് വ്യവസായിയായ ചൈനാ സുനിലാണ്. സിപിഎമ്മുമായി ഏറെ അടുപ്പമുള്ള ബിസിനസ്സുകാരന്‍. കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലും. ഫുട്‌ബോള്‍ താരമായ യു ഷറഫലിയാണ് കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റ്. ചൈനാ സുനിലും ഷറഫലിയും ഒരുമിച്ച് ചര്‍ച്ച ചെയ്താല്‍ തീരുന്ന പ്രശ്‌നങ്ങളേ വോളിബോളിലുള്ളൂവെന്നതാണ് വസ്തുത. കേരളാ ഫുട്‌ബോളിലെ അതിശക്തനായ പ്രതിരോധ നിര താരമായിരുന്നു ഷറഫലി. കേരളത്തിന് മികച്ച വിജയങ്ങള്‍ സമ്മാനിച്ച മുന്‍ ഇന്ത്യന്‍ നായകന്‍.

സിപിഎം പിന്തുണയിലാണ് ചൈനാ സുനില്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ തലപ്പത്ത് എത്തിയത്. അതുകൊണ്ട് തന്നെ പിണറായി സര്‍ക്കാര്‍ ഇടപെട്ടാല്‍ പരിഹരിക്കാവുന്ന വിഷയമേ ഇതിലൂള്ളൂ. ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത് ഒളിമ്പിക് അസോസിയേഷനാണ്. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ നിര്‍ദേശാനുസരണം കേരള ഒളിമ്പിക് അസോസിയേഷനാണ് ടീം തെരഞ്ഞെടുക്കാനുള്ള ക്രൈറ്റീരിയ പ്രകാരം ബന്ധപ്പെട്ട അസോസിയേഷന്റെ സഹകരണത്തോടെ ടീം എടുത്തതെന്ന വാദവും സജീവമാണ്.

ടോം ജോസിന്റെ പോസ്റ്റ് ചുവടെ

ഏഴുവര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം കേരള പുരുഷ വോളിബോള്‍ ടീം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയത് കഴിഞ്ഞയാഴ്ചയാണ്. അതിന്റെ ആഘോഷവും സന്തോഷവും കേരളത്തിലെ കോര്‍ ട്ടുകളില്‍ ആവേശം നിറയ്ക്കുന്നതിനിടെയാണ് വോളിബോള്‍ പ്രേമികളെയെല്ലാം നിരാശരാക്കുന്ന പുതിയ സംഭവ വികാസം. ഉത്തരാഖണ്ഡില്‍ അടുത്ത അടുത്ത മാസം ആരംഭിക്കുന്ന ദേശീയ ഗെയിംസില്‍ കേരളത്തില്‍നിന്ന് രണ്ട് വ്യത്യസ്ത വോളിബോള്‍ ടീമുകളെ പ്രഖ്യാപിച്ച് ആരാധകരെയും കളിക്കാരെയും പരിഹസിക്കുകയാണ് ഇത്തവണയും അധികൃതര്‍. 2022 ദേശീയ ഗെയിംസിലും സമാനമായ സംഭവം ഉണ്ടായപ്പോള്‍ കോടതി വിധിയിലൂടെ ആണ് ഒരു ടീം ദേശീയ ഗെയിംസിനായി വണ്ടി കയറിയത്. ഇത്തവണയും ദേശീയ ഗെയിംസ് അടുത്തപ്പോള്‍ വോളിബോളിലെ തമ്മിലടിയും അധികാര തര്‍ക്കവും പതിവിലും രൂക്ഷമായി കളത്തിലിറങ്ങി.

വോളിബോളിനു വേണ്ടി ജീവിതം സമര്‍പ്പിച്ച് കഠിനാധ്വാനം ചെയ്യുന്ന കേരളത്തിലെ ആയിരക്കണക്കിന് വോളിബോള്‍ കളിക്കാരുടെ പ്രതിനിധിയായി അസോസിയേഷനുകളോടും സ്‌പോര്‍ട്‌സ് കൗണ്‍സിലിനോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. കോര്‍ട്ടിനു പുറത്തുള്ള രാഷ്ട്രീയ കളികളിലൂടെ ഇനിയും ഈ മത്സരത്തെ അപമാനിക്കരുത്. മത്സരാവസരങ്ങള്‍ തേടി പാവപ്പെട്ട കായിക താരങ്ങളെ വീണ്ടും കോടതി കയറ്റരുത്. നമ്മുടെ അഭിമാന താരങ്ങളുടെ ഭാവി നിങ്ങളുടെ വാശിക്ക് മുന്‍പില്‍ എരിഞ്ഞടങ്ങാന്‍ അനുവദിക്കരുത്.

നാടിന് അഭിമാനം നേട്ടങ്ങള്‍ സമ്മാനിക്കാന്‍ വിയര്‍പ്പൊഴുക്കുന്ന ഞങ്ങള്‍ക്ക് കളത്തിനകത്ത് മത്സരിച് ജയിക്കാനേ അറിയൂ. കളത്തിന് പുറത്തെ 'കളികളെ ' കുറിച്ച് അറിയില്ല. അതില്‍ ഞങ്ങള്‍ക്ക് താല്പര്യവുമില്ല. തര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ചാല്‍ ദേശീയ ഗെയിംസില്‍ കേരളത്തിന് ഉറപ്പുള്ള രണ്ട് സ്വര്‍ണ മെഡലുകളാണ് നഷ്ടമാവുക എന്ന ചിന്തയുണ്ടാകണം. എല്ലാവിധ വാശിയും അഭിപ്രായ വ്യത്യാസങ്ങളും മറന്ന് കേരള വോളിബോളിന്റെ നന്മയ്ക്കായി കായിക സംഘടനകള്‍ ഒരുമിച്ച് നില്‍ക്കണം.

സ്‌നേഹപൂര്‍വ്വം

ടോം ജോസഫ്

2022ലെ ദേശീയ ഗെയിംസില്‍ സംഭവിച്ചത്

2022ലെ ദേശീയ ഗെയിംസില്‍ കേരളത്തിന്റെ വോളിബോള്‍ ടീമിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിന് സുപ്രീം കോടതിയാണ് വിരാമമിട്ടത്. അന്ന് ദേശീയ ഗെയിംസിന് സംസ്ഥാന സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി തിരഞ്ഞെടുത്ത ടീമിനെ അയക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ ചോദ്യംചെയ്ത് കേരള വോളിബോള്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. നേരത്തേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്ക് വിപരീതമായി സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ നല്‍കിയ കളിക്കാരുടെ പട്ടികയാണ് കേരള ഒളിമ്പിക് അസോസിയേഷന്‍ കേരളത്തിന്റെ ഔദ്യോഗിക എന്‍ട്രിയായി നല്‍കിയത്. ഇതിനെതിരേ പ്രതിഷേധവുമായി ഒരു കൂട്ടം കളിക്കാര്‍ രംഗത്തുവന്നിരുന്നു. പരിചയസമ്പന്നരല്ലാത്ത കളിക്കാരെ ഗെയിംസിന് അയക്കുന്നത് കേരളത്തിന്റെ മെഡല്‍സാധ്യതയെ ബാധിക്കുമെന്ന വിമര്‍ശനവും ഉയര്‍ന്നു.

ഈ വിധിയോടെ ദേശീയതാരങ്ങളായ ജി.എസ്. അഖില്‍, മുത്തുസ്വാമി, ജെറോം പീറ്റര്‍, സംസ്ഥാന താരമായ ഷോണ്‍ ടി. ജോണ്‍ എന്നിവര്‍ക്ക് ഗെയിംസില്‍ പങ്കെടുക്കാനുമായി. 2022ന് മുമ്പുള്ള ദേശീയ ഗെയിംസില്‍ കേരളം വനിതാ വിഭാഗത്തില്‍ സ്വര്‍ണവും പുരുഷ വിഭാഗത്തില്‍ വെങ്കലവും നേടിയിരുന്നു. ടീം: മുത്തുസ്വാമി, ജിതിന്‍, ജെറോം വിനീത്, അരുണ്‍ സക്കറിയാസ്, ഷോണ്‍ ടി. ജോണ്‍, അനു ജെയിംസ്, എറിന്‍ വര്‍ഗീസ്, ടി.ആര്‍. സേതു, കെ. രാഹുല്‍, ജി.എസ്. അഖില്‍, എം.സി. മുജീബ്, ജോണ്‍ ജോസഫ്, കെ. ആനന്ദ്, ടി.എസ്. ഷിബിന്‍. മുഖ്യ പരിശീലകന്‍ എസ്. മനോജ് ആയിരുന്നു 2022ല്‍. സഞ്ജയ് ബലിഗയും ടോം ജോസഫും സഹപരിശീലകരുമായിരുന്നു. 2022ല്‍ അഹമ്മദാബാദില്‍ നടന്ന ദേശീയ ഗെയിംസില്‍ പുരുഷ, വനിത വിഭാഗങ്ങളില്‍ കേരളത്തിനായിരുന്നു സ്വര്‍ണം.

വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ (വിഎഫ്‌ഐ) ഇപ്പോഴും സസ്‌പെന്‍ഷനിലാണ്. പകരം ഒളിംപിക് അസോസിയേഷന്‍ നിയോഗിച്ച അഡ്‌ഹോക് കമ്മിറ്റിയാണ് ദേശീയ തലത്തിലുള്ളത്. കേരളത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയമിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയും. ഈ ടെക്‌നിക്കല്‍ കമ്മിറ്റിയാണു ദേശീയ സീനിയര്‍ വോളി ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ തിരഞ്ഞെടുത്തത്. ഈ ടീമിനെ തന്നെ 2025ലെ ദേശീയ ഗെയിംസിലും പങ്കെടുപ്പിക്കണമെന്നാണു സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആവശ്യം. എന്നാല്‍ വോളിബോള്‍ അസോസിയേഷനോടു കൂടിയാലോചിച്ചു ദേശീയ ഗെയിംസിനുള്ള ടീമിനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന ഒളിംപിക് അസോസിയേഷന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. അവര്‍ ട്രയല്‍സ് നടത്തി മറ്റൊരു ടീമിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഈ ടീമിന്റെ ലിസ്റ്റാണ് കേരള ഒളിംപിക് അസോസിയേഷന്‍ ദേശീയ ഗെയിംസ് സംഘാടകര്‍ക്കു സമര്‍പ്പിച്ചിട്ടുള്ളത്.

ഇതോടെ പുരുഷ-വനിതാ വിഭാഗങ്ങളില്‍ കേരളത്തിനു 2 ടീമായി. രണ്ടു ടീമിലും ഒരേ താരങ്ങളുണ്ടെങ്കിലും ക്യാപ്റ്റനും കോച്ചുമൊക്കെ വേറെയാണ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആവശ്യം ഒളിംപിക് അസോസിയേഷന്‍ അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. ഇതോടെ തര്‍ക്കം കോടതിയിലേക്കു നീളാനും സാധ്യതയുണ്ട്.