തിരുവനന്തപുരം: പൊലീസ് മേധാവി റവാഡ എ.ചന്ദ്രശേഖറിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. പരാതിയുമായി അപ്രതീക്ഷിതമായി പൊലീസ് മേധാവിയുടെ മുന്നിലേക്കെത്തിയത് സുരക്ഷാ വീഴ്ചയായാണ് കാണുന്നത്. പൊലീസ് മേധാവിക്കൊപ്പം എഡിജിപി എച്ച്.വെങ്കിടേഷും എഡിജിപി എസ്.ശ്രീജിത്തും ഉണ്ടായിരുന്നു. ഇവരും പരാതി പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. ബഷീര്‍ വി.പി.എന്നാണ് പേരെന്നും കണ്ണൂര്‍ സ്വദേശിയാണെന്നും ഇയാള്‍ പറഞ്ഞു. പൊലീസ് ഐഡി ഉപയോഗിച്ചാണ് കയറിയത് എന്നും വ്യക്തമായി. ഇപ്പോള്‍ ഗള്‍ഫിലുള്ള ഓണ്‍ലൈന്‍ മാധ്യമത്തിലെ മാധ്യമ പ്രവര്‍ത്തകനാണ്.

കണ്ണൂര്‍ ഡിഐജി ഓഫിസിലാണ് എസ്‌ഐയായി ജോലി ചെയ്തിരുന്നത്. തന്നെ പീഡിപ്പിച്ചത് സംബന്ധിച്ചാണ് പരാതി പറഞ്ഞത്. 2023ല്‍ വിരമിച്ചെന്നും ഇയാള്‍ പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളത്തിനിടെയുണ്ടായ പ്രതിഷേധത്തിലെ സുരക്ഷാ വീഴ്ചയില്‍ അന്വേഷണം ഉണ്ടാകും. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അകത്ത് കയറിയത് പെന്‍ഷന്‍ കാര്‍ഡ് ഉപയോഗിച്ചാണ്. ഡിജിപിയുടെ മുന്‍ സുരക്ഷ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ അകത്ത് പ്രവേശിച്ചത്. പിന്നീട് മാധ്യമപ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തി കോണ്‍ഫറന്‍സ് ഹാളിലും പ്രവേശിച്ചു.

ഏറെ ദുരൂഹമാണ് ഈ സംഭവം. റവാഡ ഇന്ന് രാവിലെ പോലീസ് ആസ്ഥാനത്ത് ചുമതല ഏല്‍ക്കുമെന്ന് അറിയിപ്പ് വന്നത് തന്നെ ഇന്നലെ രാത്രിയാണ്. കണ്ണൂരുകാരനായ ഇയാള്‍ ഇതെല്ലാം മനസ്സിലാക്കി ഇങ്ങനെ ഇന്ന് ഏഴുമണിക്ക് മുമ്പ് പോലീസ് ആസ്ഥാനത്ത് എത്തിയെന്നത് ഏറെ പ്രധാനപ്പെട്ട ചോദ്യമാണ്. ഒരു സുരക്ഷയും പോലീസ് ആസ്ഥാനാത്തില്ലെന്നും ഒരു ഐഡികാര്‍ഡുണ്ടെങ്കില്‍ ആര്‍ക്കും പോകാമെന്നതിനും തെളിവാണ് ഇത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയിലെ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന റവാഡ ചന്ദ്രശേഖറിനും ഈ സംഭവം ഞെട്ടലായിട്ടുണ്ട്. ഏതോ കോണില്‍ നിന്നും റവാഡയുടെ സ്ഥാനമേല്‍ക്കല്‍ അലങ്കോലപ്പെടുത്താനുള്ള ശ്രമം നടന്നുവെന്നാണ് സൂചനകള്‍. ഇത്തരം ഗൂഡാലോചനകളും പോലീസ് അന്വേഷിക്കും. എഐജി പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല.

വാര്‍ത്താ സമ്മേളനത്തിനിടെ, മാധ്യമപ്രവര്‍ത്തകനല്ലാത്ത ഒരാള്‍ പൊലീസ് മേധാവിയുടെ അടുത്തേക്ക് കടലാസുകളുമായി ചെന്ന് പരാതി ഉന്നയിക്കുകയായിരുന്നു. പരാതി പരിശോധിക്കാമെന്ന് പൊലീസ് മേധാവി ഉറപ്പു കൊടുത്തു. ''മുഖ്യമന്ത്രിക്ക് ഞാന്‍ പരാതി കൊടുത്തിരുന്നു. 30 വര്‍ഷം കാക്കിയിട്ട വേദന കൊണ്ട് പറയുകയാണ്. ഇതിനു മറുപടി തരൂ. 30 കൊല്ലം ഞാന്‍ അനുഭവിച്ച വേദനയാണ് സാര്‍..''പരാതിക്കാരന്‍ വിളിച്ചു പറഞ്ഞു. ചില ചിത്രങ്ങളും ഇയാള്‍ ഉയര്‍ത്തിക്കാട്ടി. പൊലീസെത്തി ഇയാളെ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. മാധ്യമ പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ വാര്‍ത്താ സമ്മേളനത്തിനായി പൊലീസ് ആസ്ഥാനത്തെത്തിയത്. എങ്ങനെ ഇയാള്‍ അകത്തു കയറിയെന്ന് പരിശോധിക്കുന്നുണ്ട്.

ഇയാള്‍ ഡിജിപിയുടെ അരികിലെത്തി തന്റെ പരാതിയില്‍ നടപടിയാവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പറഞ്ഞായിരുന്നു റവാഡ ചന്ദ്രശേഖര്‍ സംസാരിക്കുന്നതിനിടെ ഇദ്ദേഹം സംസാരിച്ചത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ സ്ഥലത്ത് നിന്ന് മാറ്റി. വാര്‍ത്താസമ്മേളനത്തിന് ശേഷം ഇദ്ദേഹത്തിന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ തേടിയെങ്കിലും ഇയാള്‍ സംസാരിക്കാന്‍ തയ്യാറായില്ല. പരാതി പരിശോധിക്കാമെന്നാണ് വാര്‍ത്താസമ്മേളനത്തിനിടെ റവാഡ ചന്ദ്രശേഖര്‍ ഇദ്ദേഹത്തിന് മറുപടി നല്‍കിയത്. പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്ന് പൊലീസ് മേധാവി പറഞ്ഞുകൊണ്ടിരിക്കെയാണ് പരാതിക്കാരന്‍ വാര്‍ത്താസമ്മേളനം നടന്ന ഹാളിലേക്ക് രംഗപ്രവേശം ചെയ്തത്.

സംസ്ഥാന പൊലീസ് മേധാവിയാകാന്‍ അവസരം നല്‍കിയതിന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദി പറഞ്ഞുകൊണ്ടാണ് റവാഡ ചന്ദ്രശേഖര്‍ സംസാരിച്ചത്. ലഹരിവ്യാപനത്തെ നേരിടാനുള്ള പ്രത്യേക നയം രൂപീകരിക്കുമെന്നും ഗുണ്ടകളെ നേരിടുന്ന പ്രവൃത്തികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ നടപടിയുണ്ടാകും. സൈബര്‍ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധയുണ്ടാകും. പൊതുജനങ്ങള്‍ക്ക് നീതി കിട്ടാനുള്ള ശ്രമം ഉണ്ടാകും. സ്ത്രീകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങളും ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.