- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിനോട് ചേരാനുള്ള ലീഗ് ആഗ്രഹം വിഎസിനെ അറിയിക്കാന്‍ നിയോഗിച്ചത് കുട്ടി അഹമ്മദ് കുട്ടിയെ; കേരളത്തിലെ കോണ്‍ഗ്രസിനെ കൊല്ലാനുള്ള സമയം ആയില്ല... ആ വിടവില്‍ കയറി വരുക ആരെന്ന് ഓര്‍ക്കണം! സാധ്യത തകര്‍ത്തത് ഈ പ്രതികരണം; ടിപിയെ കൊന്ന സിപിഎമ്മിന് വോട്ടു ചെയ്തില്ലെന്ന് അറിയിച്ച ആളെ ശാസിച്ചത് 'മോദി ആരെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്ന്' പറഞ്ഞും; 1998ല്‍ എല്ലാം വിഎസ് മുന്നില്‍ കണ്ടു; വിടവാങ്ങുന്നത് രാഷ്ട്രീയ കുലപതി തന്നെ
തിരുവനന്തപുരം: സിപിഎമ്മില്‍ ചേരാന്‍ മുസ്ലീം ലീഗന് 1998ല്‍ തന്നെ മോഹമുദിച്ചു. ആ മോഹത്തെ നുള്ളി കളഞ്ഞത് വിഎസ് അച്യുതാനന്ദനാണ്. അന്ന് ഇകെ നായനാരായിരുന്നു മുഖ്യമന്ത്രി. പാര്‍ട്ടി സെക്രട്ടറിയായി പിണറായി വിജയന്‍ എത്തിയ കാലം. അന്ന് എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്നത് വിഎസായിരുന്നു. അതുകൊണ്ട് തന്നെ ലീഗിനെ ഇടതുപക്ഷത്ത് എത്തിക്കാന്‍ വിഎസിന്റെ നിലപാട് അനിവാര്യതയായിരുന്നു. ലീഗും സിപിഎമ്മും തമ്മിലെ ചര്‍ച്ചകള്‍ പലവഴിക്ക് നടക്കുമ്പോഴും വിഎസിനെ കാര്യങ്ങള്‍ അറിയിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നു. ഒടുവില്‍ ആ ദൗത്യം അന്ന് കുട്ടി അഹമ്മദ് കുട്ടിയെന്ന മുസ്ലീം ലീഗ് നേതാവ് ഏറ്റെടുത്തു. അന്ന് കുട്ടി അഹമ്മദ് കുട്ടിയോട് വിഎസ് പറഞ്ഞത് ആ മനുഷ്യന്റെ രാഷ്ട്രീയ ദീര്‍ഘവീക്ഷണത്തിനുള്ള തെളിവാണ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ അനില്‍ എസാണ് ഈ രാഷ്ട്രീയ ചര്‍ച്ചയുടെ വെളിപ്പെടുത്തല്‍ നടത്തുന്നത്. മുസ്ലീം ലീഗിന് ഇടതുപക്ഷത്ത് എത്താനുള്ള ആഗ്രഹം വിഎസിനോട് അറിയിച്ച കുട്ടി അഹമ്മദ് കുട്ടിയോട്... കേരളത്തിലെ കോണ്‍ഗ്രസിനെ കൊല്ലാന്‍ സമയമായിട്ടില്ലെന്നാണ് വിഎസ് പറഞ്ഞു വച്ചത്. കോണ്‍ഗ്രസ് നശിച്ചാല്‍ ആ വിടവ് നികത്താന്‍ ആരെത്തുമെന്ന ചോദ്യം കുട്ടി അഹമ്മദ് കുട്ടിയോട് വിഎസ് ഉയര്‍ത്തിയത്രേ. അവിടെ ആ ചര്‍ച്ചയും തീര്‍ന്നു.
അന്ന് രാജ്യ ഭരിക്കുന്നത് എബി വാജ്‌പേയാണ്. വാജ്‌പേയും സംഘപരിവാറും ന്യൂനപക്ഷങ്ങള്‍ക്കെതിരെ തിരിയുമെന്നും അതുകൊണ്ട് പഴയ തിയറിയെല്ലാം വിട്ട് ഇടതുപക്ഷത്തേക്ക് ന്യൂനപക്ഷ സംരക്ഷണമെന്ന വാദമുയര്‍ത്തി ലീഗിനെ കൊണ്ടു വരാമെന്നതായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ന്യായം. അങ്ങനെ ചെയ്താല്‍ കേരളത്തിലെ കോണ്‍ഗ്രസ് തകരുമെന്നും അത് ദേശീയ രാഷ്ട്രീയത്തിന് ദോഷമാകുമെന്നും തിരിച്ചറിഞ്ഞിരുന്നു. അതായത് ഇന്ത്യയെ ബിജെപി തുടര്‍ച്ചയായി ഭരിക്കാനുള്ള സാധ്യത വിഎസ് അന്നേ മനസ്സില്‍ കണ്ടു. അതുകൊണ്ടാണ് ദേശീയ തലത്തിലെ പ്രധാന പാര്‍ട്ടിയെ കോണ്‍ഗ്രസിനെ തളര്‍ത്താന്‍ വേണ്ടി കുട്ടി അഹമ്മദ് കുട്ടിയോട് നോ പറഞ്ഞതെന്നാണ് വിലയിരുത്തല്‍. വിഎസ് അച്യുതാനന്ദനുമായി കുട്ടി അഹമ്മദ് കുട്ടിക്ക് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. ഈ അടുപ്പം ഉപയോഗിച്ചായിരുന്നു കുട്ടി അഹമ്മദ് കുട്ടിയുടെ അനുനയ നീക്കം. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു കുട്ടി അഹ്‌മ്മദ് കുട്ടി. തിരൂരങ്ങാടി, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നായി മൂന്നുവട്ടം നിയമസഭാംഗവുമായി. മന്ത്രി എന്ന നിലയിലും നിയമസഭാംഗം എന്ന നിലയിലും ശ്രദ്ധേയമായ സാന്നിധ്യം പ്രകടമാക്കിയ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ഇതിനൊപ്പൊപ്പം വിഎസിന്റെ മറ്റൊരു രാഷ്ട്രീയ നിരീക്ഷണവും ചര്‍ച്ചയാകുന്നുണ്ട്.
ടിപി ചന്ദ്രശേഖരനോടുള്ള അനുഭാവം കാരണം ടിപി കൊലയ്ക്ക് ശേഷമുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യാത്ത സിപിഎമ്മുകാരനെ വിഎസ് ശാസിച്ചത്രെ. വിഎസിന് വോട്ട് ചെയ്യാത്തത് ഇഷ്ടമാകുമെന്ന് കരുതിയായിരുന്നു വിഎസിനോട് ഇക്കാര്യം പറഞ്ഞത്. ഇത് കേട്ടയുടന്‍ താന്‍ ചെയ്തത് മണ്ടത്തരമാണെന്നും ടിപിയുടേത് പ്രാദേശിക വിഷയമാണെന്നും പറഞ്ഞു. 'മോദി ആരെന്ന് തനിക്ക്' അറിയില്ലെന്നായിരുന്നു ആ പ്രവര്‍ത്തകനോട് വോട്ട് മാറ്റി ചെയ്ത കാര്യം പറഞ്ഞപ്പോള്‍ വിഎസ് പ്രതികരിച്ചത്. അതായത് മോദി വികാരം ഇടത് സ്വപ്‌നങ്ങളെ ചവിട്ടിയൊതുക്കി തുടര്‍ഭരണം നേടാന്‍ പോന്നതാണെന്ന തിരിച്ചറിവ് വിഎസിനുണ്ടായിരുന്നു. അതായത് കേരളത്തിന്റെ രാഷ്ട്രീയം ബിജെപിക്ക് വഴങ്ങുന്നതിനോട് വിഎസിന് ഒരിക്കലും താല്‍പ്പര്യമുണ്ടായിരുന്നില്ല. ഇതാണ് ഈ രണ്ട് സംഭവങ്ങളിലും നിറഞ്ഞത്. 1998ല്‍ വാജ്‌പേയ് അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ വിഎസ് സംഭവിക്കാനുള്ളത് മുന്നില്‍ കണ്ടു. കേരളത്തില്‍ ആ ഭീഷണി അകറ്റി നിര്‍ത്താന്‍ വേണ്ടത് എന്തെന്ന് തിരിച്ചറിയുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളിലും നിറയുന്നത് ഇതാണെന്നാണ് വിലയിരുത്തല്‍.
രാഷ്ട്രീയ നിലപാടില്‍ എതിരാളികളോട് കോംപ്രമൈസ് ഇല്ലാത്ത നേതാവും എതിരാളികളോട് വ്യക്തിബന്ധം കാത്തുസൂക്ഷിച്ച രാഷ്ട്രീയക്കാരനുമായിരുന്നു വിഎസ് അച്യുതാനന്ദനെന്ന് മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിക്കുന്നത് ഈ ഘട്ടത്തിലാണ്. പ്രസംഗത്തിലും പ്രവര്‍ത്തനത്തിലും എതിരാളികളെ നേരിടുന്ന വിഎസ് ശൈലി സിപിഎം അനുഭാവികളെ ഹരം കൊള്ളിക്കുന്നതായിരുന്നു. ഏറ്റവും വ്യത്യസ്തനായ കമ്യൂണിസ്റ്റായിരുന്നു വിഎസ്. ആദ്യകാലത്ത് തൊഴിലാളിയായി ജോലി ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് ആശയാദര്‍ശങ്ങള്‍ മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം കാത്തുസൂക്ഷിച്ചു. ആദര്‍നിഷ്ഠയായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവായ വിഎസിന്റെ വിയോഗം സംസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. അച്യുതാനന്ദന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു. നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ച ശക്തനായ കമ്യൂണിസ്റ്റായിരുന്നു വിഎസ് എന്നും തങ്ങള്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വളരെ താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങി പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ വരെ എത്തുകയും സംസ്ഥാന മുഖ്യമന്ത്രി പദം വരെ അദ്ദേഹം അലങ്കരിക്കുകയും ചെയ്തു. കൈകാര്യം ചെയ്ത മേഖലയിലെല്ലാം തന്റെ ആദര്‍ശത്തെ മുറുകെ പിടിച്ചുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സാധാരണക്കാരോട് വളരെ ചേര്‍ന്ന് നേതാവാണ് വിഎസ് എന്നും തങ്ങള്‍ പറഞ്ഞു. രാഷ്ട്രീയമായി വിയോജിപ്പ് ഉണ്ടെങ്കില്‍ കൂടി കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ഏറെ ആദരം നേടാന്‍ വിഎസിന് കഴിഞ്ഞു. ഇന്നത്തെ കാലത്ത് പരിചിതമല്ലാത്ത ഒരു കമ്യൂണിസ്റ്റുകാരന്‍ എന്നാണ് വിഎസിനെ വിലയിരുത്താന്‍ കഴിയുക. വിഎസിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ്. പാര്‍ട്ടിക്കും അനുഭാവികള്‍ക്കും ഉണ്ടായ വേദനയില്‍ പങ്കുചേരുന്നതായും പാണക്കാട് തങ്ങള്‍ പറഞ്ഞു.