തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ശശി തരൂര്‍ എം പി കുറിച്ച പോസ്റ്റിലും 'സമകാലിക രാഷ്ട്രീയം'. വി എസിന്റെ വിയോഗത്തില്‍ ജനലക്ഷങ്ങളുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ താനും പങ്കുചേരുന്നുവെന്ന് ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനൊപ്പം വിഎസിന്റെ രാജ്യസ്‌നേഹവും തരൂര്‍ ഉയര്‍ത്തികാട്ടുന്നു. ഇന്ത്യാ ചൈനാ യുദ്ധകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്കായി രക്തദാനം നടത്തിയ ദേശസ്‌നേഹിയായ കമ്മ്യൂണിസ്റ്റായിരുന്നു വി എസ് എന്നാണ് തരൂര്‍ കുറിക്കുന്നത്. പാര്‍ട്ടി തിട്ടൂരം ലംഘിച്ച് വിഎസ് നടത്തിയ രക്തദാനം. ചൈനീസ് അനുകൂലിയെന്ന് മുദ്ര കുത്തി ജയിലില്‍ അടച്ചവര്‍ക്ക് പാര്‍ട്ടിയെ പോലും അവഗണിച്ച് നല്‍കിയ രാജ്യസ്‌നേഹം സന്ദേശം. ഓപ്പറേഷന്‍ സിന്ദൂരില്‍ അടക്കം 'രാജ്യ സ്‌നേഹം' ചര്‍ച്ചയാക്കിയ ശശി തരൂര്‍ ആ വിമത മനസ്സ് ചര്‍ച്ചയാക്കിയതിനും പ്രധാന്യം ഏറെയാണ്. കോണ്‍ഗ്രസില്‍ നിന്നും ആ 'രാജ്യ സ്‌നേഹത്തിന്റെ' പേരില്‍ അകന്നു നില്‍ക്കുകായണ് തരൂര്‍. ഈ സാഹചര്യത്തിലാണ് ജനയകീയ സമര നായകന്റെ വിയോഗത്തില്‍ തരൂര്‍ എഴുതിയ വരികളും ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നത്.

'ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവും, മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. എന്നും ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവ്. ജനപക്ഷ കമ്മ്യൂണിസ്റ്റ്. എല്ലാ ജനകീയ സമരങ്ങളുടെയും അമരത്ത് അദ്ദേഹം ഉണ്ടായിരുന്നു. ഇന്ത്യാ ചൈനാ യുദ്ധകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്കായി രക്തദാനം നടത്തിയ ദേശസ്‌നേഹിയായ കമ്മ്യൂണിസ്റ്റായിരുന്നു വി എസ്. ജനലക്ഷങ്ങളുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു.ആദരാഞ്ജലികള്‍.' ശശി തരൂര്‍ കുറിച്ചു. വി.എസ് എന്ന ചുരുക്കെഴുത്തിന് വിവാദങ്ങളുടെ സഖാവ് എന്ന വിളിപ്പേര് കൂടിയുണ്ട്. അത്രമാത്രം റിബലായിരുന്നു പാര്‍ട്ടിയില്‍ വി.എസ്. അതുകൊണ്ടു തന്നെ സമാനതകളില്ലാത്ത പാര്‍ട്ടി നടപടികള്‍ക്കും വി.എസ് വിധേയനായി. 1964-ല്‍ ആണ് വി.എസ് ആദ്യ അച്ചടക്ക നടപടിക്ക് വിധേയനാവുന്നത്. അന്ന് ഇന്ത്യാ ചൈനാ യുദ്ധകാലത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി വി.എസിനേയും മറ്റ് നേതാക്കളേയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു. ജയിലിനുള്ളില്‍ വി.എസ് രക്തദാനത്തിന് പ്രചാരണം നല്‍കി. അതിര്‍ത്തിയില്‍ പോരാടിയിരുന്ന ജവാന്‍മാര്‍ക്ക് രക്തം ദാനം ചെയ്യണമെന്നായിരുന്നു വി.എസിന്റ ആവശ്യം. ഇത് ജയിലിനുള്ളിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷത്തിനിടയാക്കി. ജയില്‍ മോചിതനായ ശേഷം വി.എസിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തി. പക്ഷേ ദേശീയ കമ്യൂണിസ്റ്റായി ഇതോടെ വിഎസ് മാറി.

1998 ല്‍ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിലെ വെട്ടിനിരത്തലിന്റെ പേരിലായിരുന്നു രണ്ടാമത്തെ നടപടി. പാര്‍ട്ടി കേന്ദ്രകമ്മിറ്റി വി.എസിനെ താക്കീത് ചെയ്തു. പാര്‍ട്ടിയിലെ വിരുദ്ധ പക്ഷക്കാരോട് വി.എസ് കാണിക്കുന്ന ശത്രുതാ മനോഭാവം ഉപേക്ഷിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെടുകയും ചെയ്തു. സി.പി.എമ്മിലെ വിഭാഗീയതയുടെ പേരില്‍ 2007 മെയ് 26 ന് വി.എസിനെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതാണ് പിന്നീടുണ്ടായ നടപടി. അന്ന് വി.എസിനൊപ്പം പിണറായി വിജയനും ഇതേ നടപടി നേരിട്ടു. ലാവ്ലിന്‍ കേസില്‍ ഇരുവരും പരസ്യമായി വാക്പോര് നടത്തിയതിനായിരുന്നു നടപടി. 2007 ഒക്ടോബറില്‍ തിരിച്ചെടുത്തെങ്കിലും 2009 ജൂലായ് 13 ന് വി.എസ് വീണ്ടും പി.ബിക്ക് പുറത്തായി. സംഘടനാ തത്വങ്ങളും അച്ചടക്കവും ലംഘിച്ചുവെന്നായിരുന്നു ആരോപണം. അന്ന് വി.എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ എഡിബിയില്‍ നിന്ന് വായ്പയെടുക്കുന്നതിനെതിരേ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയതിനെതിരായും വി.എസിനെതിരേ നടപടിയുണ്ടായി. അവസാനമായി ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി നിലപാടുകള്‍ക്കെതിരേ പറഞ്ഞതിനും പാര്‍ട്ടി ശാസന നേരിട്ടു.

മതികെട്ടാനും മുല്ലപ്പെരിയാറും മൂന്നാറും...ഇടുക്കി തൊട്ടറിഞ്ഞത് വി.എസിന്റെ വിപ്ലവ പോരാട്ടത്തിന്റെ കരുത്ത്. വി.എസ്. സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടുമാത്രമാണ് കേരളത്തിലെ നെല്‍വയലുകളുടെ കുത്തനെയുള്ള ശോഷണം ഒരുപരിധി വരെയെങ്കിലും പിടിച്ചുനിര്‍ത്താനായത്. 2001 നും 2006 നും ഇടയില്‍, പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നെല്‍വയല്‍ വന്‍തോതില്‍ തരംമാറ്റുന്നതിനെതിരേ വി.എസിന്റെ സജീവ ഇടപെടലാണുണ്ടായത്. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ തുടര്‍ച്ചയായി ശക്തമായ നിലപാടെടുത്ത രാഷ്ട്രീയ നേതാവാണ് വി.എസ്. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ഇരകളോടൊപ്പം പോരാടുകയും മുഖ്യമന്ത്രിയെന്ന നിലയ്ക്കു പാക്കേജുകള്‍ക്കു തുടക്കമിടുകയും ചെയ്തു. മുഖ്യമന്ത്രിയായിരിക്കെ 2011 ഏപ്രില്‍ 25 നു രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ നിരാഹാരസമരം നയിച്ചു.

കണ്ണന്‍ദേവന്‍ മലയില്‍ 1971 ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ ഭാഗമായി 1980 ലെ ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം വനം വകുപ്പിനു കൈമാറേണ്ടിയിരുന്ന ഭൂമിയില്‍ 1066 ഏക്കര്‍ ഷോലക്കാടുകളും പുല്‍മേടുകളും വനം വകുപ്പിന്റെ സംരക്ഷണയില്‍ കൊണ്ടുവരാനുള്ള തീരുമാനമെടുത്തത് വി.എസ്. സര്‍ക്കാരിന്റെ അവസാന നാളുകളിലാണ്. ആ തുണ്ടുഭൂമികള്‍ മൂന്നാറിലെ കൈയേറ്റ പ്രളയത്തില്‍ മുങ്ങിപ്പോകാതെ രക്ഷിച്ചത് വി.എസ്. ആയിരുന്നു. അങ്ങനെ ചൈനയ്‌ക്കെതിരെ രക്തം നല്‍കി തുടങ്ങിയ പോരാട്ടം അവസാന നാളുകളിലും വിഎസ് തുടര്‍ന്നു. ആ സഖാവാണ് മടങ്ങുന്നത്.