- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുകയെന്ന് പറഞ്ഞ് രാജി വച്ച വിഎസ്; മൂന്ന് കൊല്ലം കഴിഞ്ഞ് 111 ശുപാര്‍ശകളില്‍ മുക്കാല്‍ പങ്കും നടപ്പാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം; ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 കിലോമീറ്റര്‍ അകലെ പാര്‍ക്കാം; വിഎസിനെ പിണറായി അംഗീകരിക്കുമ്പോള്‍
തിരുവനന്തപുരം:വി.എസ്.അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണ പരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശകളില്‍ ചിലത് അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ആശ്വാസമാകുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ്. സ്റ്റേഷന്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ഗുണകരമായി മാറും തീരുമാനങ്ങള്‍. വി.എസ്.അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണ പരിഷ്‌കാര കമ്മിഷന്റെ 111 ശുപാര്‍ശകളില്‍ മുക്കാല്‍ പങ്കും നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ഇതിനായി വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തുകയും ചെയ്തു.
ജോലി ചെയ്യുന്ന ഓഫിസിന് 15 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ജീവനക്കാര്‍ താമസിക്കണമെന്ന നിബന്ധന ഇളവു ചെയ്ത് 20 കിലോമീറ്ററായി വര്‍ധിപ്പിച്ചു. മെഡിക്കല്‍ ഓഫിസര്‍മാരുടേത് 8 കിലോമീറ്ററില്‍ നിന്നു 10 കിലോമീറ്ററാക്കി. റവന്യു, പൊലീസ്, ആരോഗ്യ, തദ്ദേശ, അഗ്‌നിരക്ഷാ വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓഫിസ് വളപ്പിനുള്ളിലോ പരിസരങ്ങളിലോ താമസസൗകര്യം ഒരുക്കും. ഇതിനായി പൊതുമരാമത്ത്, സാമൂഹിക നീതി, ധന വകുപ്പുകളെ ചുമതലപ്പെടുത്തി. ക്വാര്‍ട്ടേഴ്‌സുകളില്‍ കുട്ടികള്‍ക്കായി ഡേകെയര്‍ സൗകര്യം ഒരുക്കും. ഫീല്‍ഡില്‍ പോയി ജോലി ചെയ്യേണ്ടി വരുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇരുചക്ര വാഹനം ലഭ്യമാക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചാല്‍, ചെറിയ ശിക്ഷയുള്ള കേസുകളില്‍ 6 മാസത്തിനുള്ളിലും വലിയ ശിക്ഷയ്ക്കു സാധ്യതയുള്ളവയില്‍ ഒരു വര്‍ഷത്തിനകവും അന്വേഷണം പൂര്‍ത്തിയാക്കണം. ഉന്നത ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അന്വേഷണ കാലാവധി നീട്ടിനല്‍കാനാകൂ. നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനു തന്നെ നടപടിക്കു വിധേയനായ ആള്‍ അപ്പീല്‍ നല്‍കുന്നത് അവസാനിപ്പിക്കും. പകരം അപ്ലറ്റ് അതോറിറ്റിക്ക് നേരിട്ട് അപ്പീല്‍ നല്‍കാം. വകുപ്പുതല അന്വേഷണത്തിന് ഒരാളെ നിയോഗിച്ചാല്‍ അയാള്‍ വിരമിച്ചാലല്ലാതെ ചുമതലയില്‍ നിന്നു മാറ്റരുത്.
വിരമിക്കാനിരിക്കുന്നവരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാനും വിരമിച്ച ശേഷമുള്ള ജീവിതം ആനന്ദകരമാക്കാനും ആവശ്യമായ കൗണ്‍സലിങ് നല്‍കും. വിരമിക്കുന്നതിനു 18 മാസം മുന്‍പ് ഒഴിവുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ സ്പാര്‍ക് സോഫ്റ്റ്വെയര്‍ ഉപയോഗിക്കും. അര്‍പ്പണബോധത്തോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കു പാരിതോഷികം നല്‍കും. ആരോഗ്യ പരിശോധന സര്‍ക്കാര്‍ നേരിട്ടു നടത്തണോ അലവന്‍സ് കൈമാറിയാല്‍ മതിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പരിശോധിക്കും.
എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത് 2021 ജനുവരിയിലായിരുന്നു. അനാരോഗ്യം കാരണമായിരുന്നു രാജി. നാല് വര്‍ഷവും അഞ്ച് മാസവുമാണ് വി. എസ് ഭരണ പരിഷ്‌കാര അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. ഒട്ടനവധി ശുപാര്‍ശകള്‍ ഈ നാല് വര്‍ഷം കൊണ്ട് വിഎസ് അധ്യക്ഷനായ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. അഴിമതിക്കെതിരായ വിജിലന്‍സിന്റെ പരിഷ്‌കാരം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍, സിവില്‍ സര്‍വ്വീസ് പരിഷ്‌കരണം, ഇ- ഗവേണനന്‍സുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ എന്നിവ ശ്രദ്ധേയമായിരുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറഞ്ഞുകൊണ്ടും രാജിക്കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട വിവരം അറിയിച്ചുകൊണ്ടും വി. എസ് എഫ്ബിയില്‍ കുറിപ്പിട്ടിരുന്നു.
'ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എനിക്ക് തുടരാനാവാതെ വന്നിരിക്കുന്നു. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ, ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, 31-01-2021 തിയ്യതി വെച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി താന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്', വി എസ് എഫ്ബിയില്‍ കുറിച്ചു. സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക. അതുണ്ടാവും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും വിഎസ് അറിയിച്ചു.