- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ധീര സഖാവേ, വി എസേ, ആരു പറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നു ഞങ്ങളിലൂടെ'; വേലിക്കകത്തെ വീട്ടിലെത്തിയും മുഖ്യമന്ത്രിയുടെ അന്ത്യാഞ്ജലി; വീട്ടില്‍ നിന്നും ദര്‍ബാര്‍ ഹാളിലേക്ക് മൃതദേഹം എടുക്കുമ്പോള്‍ പ്രകൃതിയും കലി തുള്ളി; കനത്ത മഴയിലും വിഎസിനെ പിന്തുടര്ന്ന് സഖാക്കള്‍; വി എസ് വികാരം അടിമുടി നിറഞ്ഞ് പൊതു ദര്‍ശനം; കണ്ണേ.. കരളേ... വിഎസേ.....; കേന്ദ്രവും പ്രതിനിധിയെ അയയ്ക്കും; ആലപ്പുഴയിലേക്കുള്ള യാത്ര രണ്ട് മണിക്ക്
തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. തമ്പൂരാന്‍ മുക്കിലെ വീട്ടില്‍ നിന്ന് വിലാപയാത്രയാണ് ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ചത്. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നരം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍, ചീഫ് സെക്രട്ടറി ജയതിലക് എന്നിവര്‍ ദര്‍ബാര്‍ ഹാളില്‍ സന്നിഹിതരാണ്.
ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരം 3.20 നായിരുന്നു വി.എസ് അച്യുതാനന്ദന്‍ ജിവിതത്തോട് വിടപറഞ്ഞത്.
മകന്റെ വസതിയില്‍നിന്നും വിലാപയാത്രയായാണ് ദര്‍ബാര്‍ ഹാളിലെത്തിച്ചത്. വഴിയിലുടനീളം മുദ്രാവാക്യം വിളികളുമായി ജനങ്ങള്‍ പ്രിയസഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. സമരം ജീവിതമാക്കിയ കേരളത്തിന്റെ പ്രിയനേതാവിന്റെ മൃതദേഹം ആംബുലന്‍സിലേക്കെടുക്കുമ്പോള്‍ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. മഴയെ വകവയ്ക്കാതെ, തിരക്കിനെ വകവയ്ക്കാതെ ആയിരങ്ങളാണ് അതിരാവിലെ തന്നെ അദ്ദേഹത്തെ കാണാന്‍ ദര്‍ബാര്‍ ഹാളില്‍ തടിച്ചുകൂടിയിരിക്കുന്നത്. 'ധീര സഖാവേ, വി എസേ, ആരു പറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം വിളികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയാണ്.
അച്യുതാനന്ദന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തിരുവനന്തപുരം ലോ കോളജ് ജംഗ്ഷനിലെ വേലിക്കകത്ത് വീട്ടിലെത്തിയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി വി.ശിവന്‍കുട്ടിയും എം.വി.ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഇനി മൃതദേഹം പൊതുദര്‍ശനം വയ്ക്കാനിരിക്കുന്ന ദര്‍ബാര്‍ ഹാളിലേക്ക് പോയി. തിങ്കളാഴ്ച എകെജി പഠനഗവേഷണ കേന്ദ്രത്തില്‍ നടന്ന പൊതുദര്‍ശനത്തിലും മുഖ്യമന്ത്രി എത്തിയിരുന്നു. എസ്യുടി ആശുപത്രിയിലെത്തിയും മുഖ്യമന്ത്രി വിഎസിനെ സന്ദര്‍ശിച്ചിരുന്നു. അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും. സംസ്‌കാര ചടങ്ങുകളില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രത്യേക പ്രതിനിധിയെ അയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയന്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ അശോക് ധാവ്‌ളെ, വിജൂ കൃഷ്ണന്‍, മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തുടങ്ങിയ നേതാക്കള്‍ ദര്‍ബാര്‍ ഹാളിലുണ്ട്.