- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അച്ഛാ ഞാനൊരു സ്വര്‍ണ്ണ കൊലുസ് വാങ്ങട്ടേ.... നീ ഒരു തൊഴിലാളി നേതാവിന്റെ മകളാണ്. അത് ഓര്‍ത്തുകൊണ്ട് കൊലുസ് വാങ്ങിക്കുകയോ ഇടുകയോ ചെയ്യാം എന്ന് പറഞ്ഞ അച്ഛന്; പൊന്മുടിയുടെ താഴ് വരയില്‍ നിന്ന് പത്ത് മിനിറ്റ് സമയം കൊണ്ട് കാണാന്‍ പറഞ്ഞ സഖാവ്; സാഗര സംഗമം കണ്ടത് ഉറക്കത്തില്‍; ആരായിരുന്നു വിഎസ്; മക്കളെ പ്രൊമോട്ട് ചെയ്യുന്ന നേതാക്കള്‍ക്ക് ഇതെല്ലാം അസാധ്യം; വിപ്ലവ നക്ഷത്രം മക്കളെ വളര്‍ത്തിയ കഥ
തിരുവനന്തപുരം: 1991ല്‍ തന്റെ ഗവേഷണകാലത്ത് ആറുമാസത്തെ സ്‌റ്റൈപ്പന്റ് തുക ഒരുമിച്ച് കിട്ടി. ആ പണം കൊടുത്ത് സ്വര്‍ണ്ണക്കൊലുസ് വാങ്ങി അണിയണമെന്ന് വല്ലാത്ത മോഹം. ആഗ്രഹം പറഞ്ഞപ്പോള്‍ കിട്ടിയ മറുപടിയായിരുന്നു, ''നീ ഒരു തൊഴിലാളി നേതാവിന്റെ മകളാണ്. അത് ഓര്‍ത്തുകൊണ്ട് കൊലുസ് വാങ്ങിക്കുകയോ ഇടുകയോ ചെയ്യാം.' എന്നായിരുന്നു ആ അച്ഛന്‍ മകള്‍ക്ക് നല്‍കിയ മറുപടി. അതോടെ ആ ആഗ്രഹം മാറ്റിവച്ചു. പിന്നീട് കല്യാണത്തിനാണ് കൊലുസ് വാങ്ങിയത്-ഇത് അച്ഛനുമായുള്ള മകളുടെ ഓര്‍മ്മയാണ്. വിഎസ് അച്യുതാനന്ദന്‍ എന്ന നേതാവ് മക്കള്‍ക്ക് പകര്‍ന്നു നല്‍കിയ സന്ദേശം. ഡോ വിവി ആശ അച്ഛനെ കുറിച്ച് മുമ്പൊരിക്കല്‍ പറഞ്ഞതാണ് ഇത്. മക്കളെ രാഷ്ട്രീയത്തില്‍ ഇറക്കാന്‍ അച്യുതാനന്ദന്‍ ശ്രമിച്ചിരുന്നില്ല. പഠിപ്പിച്ച് ജോലി നേടുകയെന്ന സന്ദേശമാണ് നല്‍കിയത്, മകളും മകനും അത് പാലിച്ച് മുമ്പോട്ട് പോകുകയാണ്. എന്റെ മകന്‍ ആരോപിതന്‍ ആണെങ്കില്‍ അവനെ പറ്റിയും അന്വേഷിക്കണം എന്ന് പറയുന്ന ചങ്കൂറ്റം... അതായിരുന്നു വിഎസ്.
മകന്‍ ഐഎച്ച് ആര്‍ഡിയില്‍ ജോലിക്ക് കയറി. ഇതിന് പിന്നില്‍ പോലും വിഎസിനെ തളയ്ക്കാന്‍ പലരും ഇറങ്ങി. അതെല്ലാം നിയമപരമായി തന്നെ നേരിട്ട് തോല്‍പ്പിച്ചു. മകന്റെ ചില യാത്രകളും വിവാദത്തിലേക്ക് കൊണ്ടു വന്നു. പക്ഷേ അതിനെ എല്ലാം ഒരു കേന്ദ്രങ്ങളിലും സ്വാധീനം ചെലുത്താതെ വിഎസ് നേരിട്ടു. അടിയന്താവസ്ഥ കാലത്തെ സംഭവവും ആശ വെളിപ്പെടുത്തിയിരുന്നു. ഏഴുവയസുകാരിയായ ഞാന്‍ വല്ലാതെ ഭയന്നു. അച്ഛനെ അറസ്റ്റ് ചെയ്യാന്‍ വന്നതാണ്. അമ്മയ്ക്കും എനിക്കും അനിയനും (അരുണ്‍കുമാര്‍) കവിളില്‍ ഉമ്മ തന്ന് ആശ്വസിപ്പിച്ചശേഷമാണ് അന്ന് പൊലീസിനൊപ്പം പോയത്. ദിവസങ്ങള്‍ക്കുശേഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അച്ഛനെ കാണാനെത്തിയപ്പോള്‍ കൈയില്‍ കരുതിയ ഓറഞ്ച് നല്‍കി. സ്നേഹത്തോടെ അതു വാങ്ങിയതും തിരികെ തന്നതും ഇപ്പോഴും കണ്‍മുന്നിലുണ്ട്.''തിരുവനന്തപുരത്ത് എംഎസ്സിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പൊന്മുടി കാണാന്‍ പോയ രസകരമായ അനുഭവവും ആശ പങ്കുവച്ചിരുന്നു.
''പൊന്മുടി കാണണമെന്ന മോഹം അറിയിച്ചപ്പോള്‍ ഒരു അംബാസഡര്‍ കാറില്‍ അച്ഛന്‍ ഞങ്ങളെയും കൂട്ടി പൊന്മുടിയുടെ താഴ്വാരത്തെത്തി. ഇതാണ് പൊന്മുടി, 10 മിനിട്ടിനുള്ളില്‍ കണ്ടുവരണം. ഇത്രയും പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍പോയ അച്ഛനെ ആശ എന്നും ഓര്‍ത്തു വയ്ക്കുന്നുണ്ട്. കമലഹാസന്‍ നായകനായ സാഗരസംഗമം സിനിമ തിയേറ്റര്‍ നിറഞ്ഞോടുന്ന കാലം. നാടകം മാത്രം ഇഷ്ടപ്പെട്ടിരുന്ന അച്ഛന് സിനിമയില്‍ വലിയ താത്പര്യമില്ല. എങ്കിലും നിര്‍ബന്ധത്തിനു വഴങ്ങി വന്നു. ഞാനും അമ്മയും ആസ്വദിച്ച് സിനിമ കാണുന്നതിനിടയില്‍ അച്ഛനെ നോക്കുമ്പോള്‍ നല്ല ഉറക്കത്തില്‍. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുത്തുവന്ന ക്ഷീണത്തിലായിരുന്നു അച്ഛന്‍-ഇതാണ് വിഎസിന്റെ സിനിമാ താല്‍പ്പര്യത്തില്‍ ആശ മുമ്പ് പറഞ്ഞിരുന്നത്.
അച്യുതാനന്ദന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് ഒഴുകി വന്നത്. തമ്പുരാന്‍മുക്കിലെ വീട്ടില്‍ നിന്ന് വിലാപയാത്രയാണ് ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദര്‍ബാര്‍ ഹാളിലേക്ക് നേരത്തേ തന്നെ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് വരെ ഇവിടെ പൊതുദര്‍ശനം തുടരും. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നരം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം.
പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരം 3.20 നായിരുന്നു വി.എസ്.അച്യുതാനന്ദന്‍ ജിവിതത്തോട് വിടപറഞ്ഞത്.