- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാക്ഷാല്‍ ലീഡറെ വെള്ളം കുടിപ്പിച്ച പാമോലിന്‍ കേസ് വാശിയോടെ വിടാതെ പിന്തുടര്ന്നു; ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ഒരുകൈ നോക്കിയെങ്കിലും സുപ്രീം കോടതി വരെ പോരാട്ടം നയിച്ച വിഎസ്; 30 വര്‍ഷമായിട്ടും തീരുമാനമാകാത്ത കേസ് ബാക്കിയാക്കി മടക്കം; 20 വര്‍ഷത്തോളം നിയമപോരാട്ടം നടത്തി ബാലകൃഷ്ണപിള്ളയെ ജയിലിലാക്കിയതും ഉശിരിന്റെ പുറത്ത്
സാക്ഷാല്‍ ലീഡറെ വെള്ളം കുടിപ്പിച്ച പാമോലിന്‍ കേസ് വിടാതെ പിന്തുടര്ന്നു
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഒരേയൊരു 'ലീഡര്‍' കെ കരുണാകരനെ അക്ഷരാര്‍ഥത്തില്‍ വെളളം കുടിപ്പിച്ച പാമോലിന്‍ കേസിനെ വിടാതെ പിടികൂടിയ നേതാവായിരുന്നു വിഎസ്. സിംഗപ്പൂരില്‍ നിന്ന് കൂടിയ വിലയ്ക്ക് പാമോയില്‍ ഇറക്കുമതി ചെയ്തതിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടായെന്നായിരുന്നു കേസ്. 1994 ല്‍ ക്രമക്കേട് ശരിവെച്ച് സിഎജി റിപ്പോര്‍ട്ട് വരികയും 1996 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സംഭവത്തില്‍ വിജിലന്‍സ് കേസെടുക്കുകയും ചെയ്തു.
ഭക്ഷ്യ എണ്ണയ്ക്ക് ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലറിന്റെ മറവിലായിരുന്നു 15,000 ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തത്. ഇടപാടില്‍ അഴിമതി നടന്നതായി സംസ്ഥാന അക്കൗണ്ടന്റ് ജനറലും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഇറക്കുമതി സംബന്ധമായ ഫയലുകളുടെ കോപ്പികള്‍ സഹിതമാണ് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്‍ അഴിമതി ആരോപണം നിയമസഭയില്‍ ഉന്നയിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഇറക്കുമതി നടത്തിയതെന്ന് വി.എസ് സഭയില്‍ രേഖകള്‍ സഹിതം സമര്‍ത്ഥിച്ചു.
അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കിലും തൊട്ടുപിന്നാലെ വന്ന ഇടതു സര്‍ക്കാര്‍ കേസ് നടപടികള്‍ ഊര്‍ജ്ജിതമാക്കി. ഒരു മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കിയുള്ള അഴിമതി കേസ് എന്ന ഖ്യാതിയും പാമോലിന്‍ കേസിനാണ്. അതോടെ കേസിന് ദേശീയ പ്രാധാന്യവും കൈവന്നു. കെ.കരുണാകരന്‍ അന്തരിക്കും വരെ കേസ് തുടര്‍ന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അന്നത്തെ ധനകാര്യ മന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായ അന്തരിച്ച ഉമ്മന്‍ചാണ്ടിക്കും ഇതിനുപിറകെ ഏറെ അലയേണ്ടിവന്നു.
2005 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചെങ്കിലും പിന്നീട് അധികാരത്തിലെത്തിയ വിഎസ് സര്‍ക്കാര്‍ അത് തിരുത്തി പുതിയ സത്യവാങ്മൂലം നല്‍കി. 2007-ല്‍ വിഎസ് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ കെ.കരുണാകരന്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. എന്നാല്‍, കെ.കരുണാകരന്‍ അന്തരിച്ചതോടെ അദ്ദേഹത്തിന്റെ അപ്പീല്‍ ഹര്‍ജി അസ്ഥിരപ്പെട്ടു.
പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതിനെതിരെയും വി.എസ്. അച്യുതാനന്ദന്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ഈ വിഷയത്തില്‍ വി.എസ്. ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാമോയില്‍ കേസ് പിന്‍വലിക്കണമെന്ന് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ കേസില്‍ ആരെയും കുറ്റവിമുക്തരാക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തു. 24 വര്‍ഷമായി പാമോയില്‍ കേസില്‍ അഴിമതിക്കാര്‍ക്കെതിരെ താന്‍ നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരമാണ് സുപ്രീംകോടതിയുടെ ഉത്തരവെന്നായിരുന്നു അന്ന് വി.എസ്. അച്യുതാനന്ദന്റെ പ്രതികരണം. വിഎസ് വിടവാങ്ങുമ്പോഴും 30 വര്‍ഷമായി പാമോയില്‍ കേസ് തീരുമാനമാകാതെ കിടക്കുകയാണ്.
ബാലകൃഷ്ണപിള്ളയെ ജയിലിലാക്കി
1982- 87 കാലത്ത് കെ.കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന ആര്‍.ബാലകൃഷ്ണപിള്ള ഇടമലയാര്‍ വൈദ്യുതി പദ്ധതിയുടെ കരാര്‍ത്തുക പെരുപ്പിച്ച് കാട്ടി അഴിമതി നടത്തിയെന്നതായിരുന്നു ഇടമലയാര്‍ കേസ്. ടണല്‍ നിര്‍മ്മാണ ടെന്‍ഡറില്‍ ക്രമക്കേടുണ്ടെന്നും സര്‍ക്കാരിന് മൂന്ന് കോടിയുടെ നഷ്ടം വരുത്തിയെന്നുമായിരുന്നു ആരോപണം.
ഇടമലയാറിലെ ടണല്‍ നിര്‍മാണത്തില്‍ നടന്ന അഴിമതിയില്‍ ബാലകൃഷ്ണ പിള്ളയെ ഹൈക്കോടതി വെറുതെ വിട്ടെങ്കിലും വി.എസ്. അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് പ്രഖ്യാപിച്ച് വി.എസ്. നിയമപോരാട്ടം തുടര്‍ന്നു. ഏകദേശം ഇരുപത് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ആര്‍.ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ബാലകൃഷ്ണപിളളയുടെ രാഷ്ട്രീയ ജീവിതത്തിന് തന്നെ കോട്ടം വരുത്തിയ കേസായിരുന്നു ഇടമലയാര്‍ കേസ്.