കോട്ടയം: അഴിമതിയുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒപ്പത്തിനൊപ്പം മത്സരിക്കുകയാണെന്ന് വി.ടി ബൽറാം എംഎ‍ൽഎ.സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്തർദേശീയ സെമിനാറിൽ അഴിമതിയും രാഷ്ട്രീയവും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗുപ്തവാണിജ്യം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അടുത്തകാലത്ത് നടന്ന ബന്ധുനിയമനങ്ങൾ പോലും സർക്കാർ കുടപിടിച്ച അഴിമതിയുടെ ഉദാഹരണങ്ങളാണ്.

ഇത് പുറംലോകം അറിഞ്ഞത് രണ്ട് മന്ത്രിമാർ അഴിമതിയിൽ കുടുങ്ങിയപ്പോൾ മാത്രമാണ്. പിൻവാതിൽ വഴി എത്ര നിയമനങ്ങൾ നടത്തുന്നത് ആരും അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സ്വാശ്രയ കോളജുകളിലെ നിയമനം കോടതി വിധി നടപ്പിലായതോടെയാണ് പൊതുജനം അറിഞ്ഞത്. സംസ്ഥാനത്ത് ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിൽ പോലും യു.പി തലം മുതൽ നിയമനം നൽകുന്നതിന് കൊടുക്കുന്നത് 30 ലക്ഷം രൂപയാണ്. കോളജുകളിൽ നിയമനം നടപ്പിലാക്കാൻ 60 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരുന്നു.

അഴിമതി നടപ്പിലാകുന്നത് പണം കൊടുക്കാനും സ്വീകരിക്കാനും ആളുകളുള്ളതിനാൽ മാത്രമാണ്. മാധ്യമങ്ങൾ വഴി വാർത്ത വരാത്ത എത്ര നിയമനങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്പാൽ ബിൽ മുതൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ വരെ പരാജയമായി മാറിയിരിക്കുന്നതാണ് ഇന്ത്യൻ ഭരണവ്യവസ്ഥയിലെ പ്രതിസന്ധി. നിയമനിർമ്മാണം നടപ്പിലാക്കുന്നതല്ലാതെ മാതൃകാപരമായി നടപടികൾ കൈക്കൊള്ളുന്നതിൽ കേന്ദ്രസർക്കാർ വീഴ്ചവരുത്തുകയാണ്. വിവരാവകാശ നിയമത്തെ പോലും തുടച്ചുനീക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. സമയത്ത് വിവരാവകാശ കമ്മീഷനെ നിയമിക്കുന്നതിൽ പോലും വീഴ്ചവരുത്തുന്നു.

രാജ്യത്തെ ഏറ്റവും വലിയ അഴിമതികൾ പോലും പുറം ലോകം അറിഞ്ഞത് വിവരവകാശ നിയമത്തിന്റെ ബലത്തിലാണ്. സേവനാവകാശ നിയമത്തിന് നേരെ കേന്ദ്രം കണ്ണടയ്ക്കുന്നത് അഴിമതിക്ക് വളംവെയ്ക്കുന്നതിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതി എന്നത് രാഷ്ട്രീയ ആയുധമാക്കി മാറിയത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. ടു.ജി സ്പെക്ട്രം അഴിമതി പോലും ഇത്തരം ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.

അഴിമതികാണിച്ചാൽ എന്റെ പാർട്ടിക്കാരനായാൽ വോട്ടുചെയ്യുക എന്ന നയമാണ് നമ്മുടെ രാഷ്ട്രീയ സംവിധാനത്തിനുള്ളത്. അഴിമതി ചെയ്ത രാഷ്ട്രീയക്കാരൻ സ്വജാതിക്കാരനായാൽ വോട്ടു ചെയ്യുന്ന ചിന്താഗതിയാണ് പ്രധാനമായുമുള്ളത്. ഇവയിൽ മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രിയ സംസ്‌കാരം, പാഠം, വ്യവഹാരം, പ്രതിനിധാനം എന്ന വിഷയത്തിലൂന്നി സംഘടിപ്പിക്കുന്ന അന്തർദേശിയ സെമിനാറിൽ പ്രണയം,രതി, ആണത്തം എന്ന വിഷയത്തിൽ എതിരൻ കതിരവൻ, ജനപ്രിയ സാഹിത്യം വിവർത്തനം എന്ന വിഷയത്തിൽ എൻ,പി ആഷ്ലി( ഡൽഹി യൂണിവേഴ്സിറ്റി), നവമാധ്യമങ്ങൾ എന്ന വിഷയത്തിൽ ജോസി ജോസഫ്, മാധ്യമപ്രവർത്തകൻ വരുൺ രമേഷ് എന്നിവർ ക്ലാസുകൾ നയിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന സെക്ഷനിൽ ശരീരം എന്ന വിഷയത്തിലുന്നി സന്തോഷ് മാനിച്ചേരി(ബ്രണ്ണൻ കോളജ് , കണ്ണൂർ) ഇമർ തറമേൽ (കോഴിക്കോട് സർവകലാശാല) എന്നിവർ സംസാരിച്ചു. 

പരിപാടിയുടെ വീഡിയോ കാണാം