പാലക്കാട്: വടക്കാഞ്ചേരി അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ സഹായം തേടിയപ്പോൾ ചില വാഹനങ്ങൾ നിർത്താതെ പോയെന്ന് ദൃക്‌സാക്ഷികൾ. രക്ഷാപ്രവർത്തനം നടത്തിയവരാണ് ഇക്കാര്യം പറഞ്ഞത്. സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ബസ് കെഎസ്ആർടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് കള്ളുവണ്ടിയിൽ ആയിരുന്നെന്നും സാക്ഷികളിൽ ഒരാൾ പറഞ്ഞു.

''അപകടത്തിൽ ഏകദേശം 20 പേർക്കെങ്കിലും പരിക്കുണ്ട്. അഞ്ചുപേരുടെ നില ഗുരുതരമാണ്. ഒരാളുടെ കൈ അറ്റുപോയ നിലയിലായിരുന്നു. മറ്റൊരാളുടെ കാലും അറ്റുപോയി. റോഡിലാണ് സീറ്റോട് കൂുടി ഇവയെല്ലാം കിടന്നിരുന്നത്. ചിറ്റൂരിലെ കള്ളുവണ്ടിയിലാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കള്ളുവണ്ടിക്കാര് മാത്രമേ നിർത്തിയുള്ളൂ. മറ്റുള്ളവരൊക്കെ നിർത്താതെ പോയി. കള്ളുവണ്ടിയുടെ ബാക്കിൽ എടുത്ത് കിടത്തിയാണ് കൊണ്ടുപോയത്. ഗുരുതരാവസ്ഥയിലായിരുന്നു എല്ലാവരും.'' ദൃക്‌സാക്ഷിയുടെ വാക്കുകൾ.

അതേസമയം വേളാങ്കണ്ണി യാത്ര കഴിഞ്ഞയുടനെയാണ് വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസ് ഊട്ടിയിലേക്ക് പുറപ്പെട്ടതെന്ന് ബസിലുണ്ടായിരുന്ന വിദ്യാർത്ഥിയുടെ മാതാവ് പ്രതികരിച്ചു. ബസ് പുറപ്പെടും മുമ്പ് ഇക്കാര്യം ഡ്രൈവറോട് ചോദിച്ചിരുന്നു. എന്നാൽ, വണ്ടി ഓടിച്ച് നല്ല പരിചയമുള്ളയാളാണെന്നും കുഴപ്പമില്ലെന്നുമാണ് മറുപടി നൽകിയതെന്നും വിദ്യാർത്ഥിയുടെ മാതാവ് പറഞ്ഞു. ഊട്ടിയിലേക്കുള്ള യാത്രക്കിടെ പാലക്കാട് വടക്കഞ്ചേരി അഞ്ചമൂർത്തി മംഗലത്തുവെച്ച് കെ.എസ്.ആർ.ടി.സി ബസിന് പിന്നിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥികളടക്കം ഒമ്പത് പേരാണ് മരിച്ചത്. നാലുപേരുടെ നില ഗുരുതരമാണ്.

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽനിന്ന് യാത്രതിരിച്ച ബസാണ് അപകടത്തിൽപെട്ടത്. മകനെ യാത്രയാക്കാൻ വന്നപ്പോഴാണ് ടൂറിസ്റ്റ് ബസ് ദീർഘയാത്ര കഴിഞ്ഞ് എത്തിയതാണെന്ന് അറിഞ്ഞതെന്ന് വിദ്യാർത്ഥിയുടെ മാതാവ് പറഞ്ഞു. ഡ്രൈവർ ക്ഷീണിതനായും വിയർത്തുമാണ് കണ്ടത്. ഏറെ ഓടിച്ച് വന്നതുകൊണ്ട് സ്പീഡ് കുറയ്ക്കണമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നു. എക്‌സ്പീരിയൻസ് ഉള്ളയാളാണെന്നും നന്നായി ഓടിക്കുമെന്നുമാണ് മറുപടി നൽകിയത്. എന്നാൽ, സ്പീഡ് വല്ലാതെ കൂടുതലാണെന്ന് ബസിലുണ്ടായിരുന്ന കുട്ടികൾ തന്നെ പറഞ്ഞിരുന്നു. രാത്രിയോടെ മകൻ വിളിച്ച് പറയുകയായിരുന്നു ബസ് അപകടത്തിലായ വിവരം. മകൻ തൃശൂർ മെഡിക്കൽ കോളജിലായിരുന്നുവെന്നും മാതാവ് പറഞ്ഞു.

അഞ്ച് വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും കെ.എസ്.ആർ.ടി.സിയിലെ മൂന്ന് യാത്രക്കാരുമാണ് ഇന്നലെ അർധരാത്രിയോടെ പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ചികിത്സയിൽ തുടരുന്നത് 38 പേരാണ്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറിയത്.