പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയായ രാമനാരായണ്‍ ഭയ്യാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കൊലപാതകം ആര്‍.എസ്.എസിന്റെ വംശീയ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച മന്ത്രി എം.ബി. രാജേഷിനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തിരിച്ചടിയായാണ് പ്രതിപ്പട്ടികയിലെ പോലീസ് നിലപാട്. പിടിയിലായ അഞ്ചു പ്രതികളില്‍ നാലുപേര്‍ ബി.ജെ.പി അനുഭാവികളാണെങ്കിലും, നാലാം പ്രതിയായ ആനന്ദന്‍ സജീവ സി.ഐ.ടി.യു പ്രവര്‍ത്തകനാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് സ്ഥിരീകരിച്ചു.

പ്രതികളില്‍ സ്വന്തം പാര്‍ട്ടിക്കാരനും! കൊലപാതകത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്നും പ്രതികള്‍ക്ക് സി.പി.എം ബന്ധമുണ്ടായിരുന്നുവെങ്കില്‍ മാധ്യമങ്ങള്‍ അത് ആഘോഷിക്കുമായിരുന്നുവെന്നും വീമ്പ് പറഞ്ഞ മന്ത്രി രാജേഷിന് മറുപടിയില്ലാത്ത അവസ്ഥയാണ്. വംശീയ വിഷം ചീറ്റുന്നവരാണ് കൊലപാതകികള്‍ എന്ന് എം.വി. ഗോവിന്ദനും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലയാളി സംഘത്തില്‍ സി.പി.എമ്മിന്റെ പോഷക സംഘടനയായ സി.ഐ.ടി.യുവിന്റെ നേതാവുമുണ്ടെന്ന് വ്യക്തമായി. ഇതോടെ പ്രതികളെ മുഴുവന്‍ ആര്‍.എസ്.എസ് പട്ടികയില്‍ കെട്ടിയിട്ട് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള നീക്കമാണ് പാളിയത് എന്ന് വ്യക്തം. പ്രാദേശിക ക്രിമിനലുകള്‍ ചേര്‍ന്നായിരുന്നു ആ കൊല നടത്തിയത്. അതില്‍ രാഷ്ട്രീയത്തിന് അതീതമായ ക്രൂരതയാണ് ഉണ്ടായിരുന്നത്.

പ്രതികള്‍ കൊടും ക്രിമിനലുകളാണെന്നും രാഷ്ട്രീയത്തിന് അതീതമായ കൊലയാളി സംഘമാണ് ഇതെന്നും വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ശ്രമം. നാല് ബി.ജെ.പി അനുഭാവികള്‍ക്കൊപ്പം ഒരു സി.ഐ.ടി.യു പ്രവര്‍ത്തകന്‍ കൂടി ചേര്‍ന്നാണ് അതിക്രൂരമായ ഈ ആള്‍ക്കൂട്ടക്കൊലപാതകം നടത്തിയതെന്നത് പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു. പോലീസ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തിയിലാണ്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന ക്രൂരത കൊല്ലപ്പെട്ട രാമനാരായണിന്റെ ശരീരത്തില്‍ മര്‍ദ്ദനമേല്‍ക്കാത്ത ഒരിഞ്ച് സ്ഥലം പോലുമില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തല മുതല്‍ കാല്‍ വരെ 40-ലധികം മുറിവുകള്‍. വാരിയെല്ലുകള്‍ തകര്‍ന്നു, തലയില്‍ കടുത്ത രക്തസ്രാവമുണ്ടായി. വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും നടത്തിയ ക്രൂരതയ്ക്ക് രാഷ്ട്രീയ നിറം കൊടുത്ത് വോട്ട് കൊയ്യാനായിരുന്നു സി.പി.എം ശ്രമം. എന്നാല്‍ പ്രതികളില്‍ സ്വന്തം പ്രവര്‍ത്തകന്റെ പേര് പോലീസ് തന്നെ വെളിപ്പെടുത്തിയത് പാര്‍ട്ടിക്ക് നാണക്കേടായി എന്നതാണ് വസ്തുത.

കേസിലെ നാലാം പ്രതി ആനന്ദനാണ്. സി.ഐ.ടി.യു പ്രവര്‍ത്തകനായ ഇയാള്‍ പ്രദേശത്തെ ക്വാറി-മണല്‍ മാഫിയകളുമായി അടുത്ത ബന്ധമുള്ളയാളാണ്. മുന്‍പ് ലോറി ഡ്രൈവര്‍മാരെ മര്‍ദ്ദിച്ചതിനും വഴിതടഞ്ഞതിനും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഗുണ്ടാ സംഘങ്ങളുടെ തണലിലാണ് ഇയാള്‍ വാളയാര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ബി.ജെ.പി അനുഭാവികളായ മറ്റ് നാല് പ്രതികളും വാളയാര്‍ സ്റ്റേഷന്‍ പരിധിയിലെ പിടിച്ചുപറി, മദ്യപിച്ചുള്ള അടിപിടി കേസുകളില്‍ പ്രതികളാണ്. തമിഴ്‌നാട് അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങളില്‍ നിന്ന് പണം തട്ടുന്ന സംഘത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് ആക്ഷേപമുണ്ട്.

പ്രതികളെല്ലാം തന്നെ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്നും കൃത്യം നടക്കുമ്പോള്‍ ഇവര്‍ കടുത്ത ലഹരിയിലായിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മോഷ്ടാവെന്ന വ്യാജേന ഒരാളെ തല്ലിക്കൊല്ലുന്നതിലൂടെ പ്രദേശത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാണ് ഗുണ്ടാ സംഘം ശ്രമിച്ചത്.